വഖഫ് ബില്ലിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടത് അപരാധമായി ചിലര്‍ ചിത്രീകരിച്ചു; ക്രൈസ്തവര്‍ വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് അധിക്ഷേപിച്ചു; വഖഫ് ബില്‍ സാമൂഹ്യ നീതിയുടെ വിഷയമെന്ന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി; കത്തോലിക്കാ സഭയുടെ അതൃപ്തി മുതലെടുക്കാന്‍ തന്ത്രങ്ങളുമായി ബിജെപിയും; കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്

വഖഫ് ബില്ലിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടത് അപരാധമായി ചിലര്‍ ചിത്രീകരിച്ചു

Update: 2025-04-05 14:36 GMT

കോഴിക്കോട്: വഖഫ് ബില്ലില്‍ കത്തോലിക്കാ സഭയുടെ നിലപാട് തള്ളിയ ഇടതു, വലതു പാര്‍ട്ടികളുമായി അതൃപ്തിയിലാണ് കത്തോലിക്കാ സഭ. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന ഭീഷണി അടക്കം മുഴക്കിയിരിക്കയാണ് സഭാ നേതൃത്വം. ഇതിതിനെ രാഷ്ട്രീയ പാര്‍ട്ടികളോട് വഖഫ് വിഷയത്തിലെ അതൃപ്തി പരസ്യമാക്കി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തി.

വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന്‍ സഭാ നേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് ചിലര്‍ അപരാധമായി ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന് പാംപ്ലാനി പറഞ്ഞു. കോഴിക്കോട് നടക്കുന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയ്ക്ക് കൃത്യമായ നിലപാട് സ്വീകരിക്കാന്‍ അവകാശമുണ്ടെന്ന് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

വഖഫ് ബില്‍ സമുദായ വിഷയമല്ലെന്നും സാമൂഹിക നീതിയുടെ വിഷയമാണെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. ബില്ലിനെ പിന്തുണക്കാന്‍ എംപിമാരോട് ആവശ്യപ്പെട്ടത് ക്രൈസ്തവരെ വര്‍ഗീയമായി ചിന്തിക്കാന്‍ തുടങ്ങിയെന്ന് അധിക്ഷേപിച്ചെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പ്രതികരിച്ചു. ജബല്‍പൂരില്‍ വൈദികന് മാത്രമല്ല അടിയേറ്റത് ഭാരതത്തിന്റെ മതേതരത്തിന്റെ തിരുമുഖത്താണെന്ന് അദേഹം പറഞ്ഞു.

പിണറായി വിജയന്‍ കാര്യപ്രാപ്തനായ മുഖ്യമന്ത്രിയാണെന്നും ഇഛാശക്തിയുണ്ടെന്നും തലശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. സമുദായം അങ്ങയെ വിശ്വസിച്ച് ജെ ബി കോശി കമ്മിഷന് മുന്നില്‍ പരാതി നല്‍കി. പരാതി നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ വച്ച കമ്മിഷനായതിനാല്‍ ആണ്. ആ റിപ്പോര്‍ട്ട് ആരും കണ്ടിട്ടില്ല. ക്രൈസ്തവ സമുദായത്തോടുള്ള അവഹേളനമാണ്. ജെ ബി കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണണമെന്ന് അദേഹം ആവശ്യപ്പെട്ടു. അല്ലായെങ്കില്‍ രാഷ്ട്രീയപരമായ നിലപാട് സമുദായം സ്വീകരിക്കുമെന്ന് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നല്‍കി.

അതേസമയം വഖഫ് ബില്‍ വിഷയത്തില്‍ കത്തോലിക്കാ സഭയില്‍ ബിജെപിക്ക് അനുകൂല മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന തിരിച്ചറിവിലാണ് ബിജെപി. അതുകൊണ്ട് തന്നെ മുനമ്പം മുന്‍നിര്‍ത്തി കൂടുതല്‍ പരിപാടികളിലേക്കാണ് ബിജെപി കടക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക് എത്തും. ഈ മാസം ഒമ്പതിന് മന്ത്രി മുനമ്പം സന്ദര്‍ശിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. വഖഫ് നിയമ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ മുനമ്പം സന്ദര്‍ശനം. വൈകുന്നേരം നാല് മണിക്ക് കേന്ദ്രമന്ത്രി മുനമ്പത്തെത്തുമെന്നാണ് വിവരം.

എന്‍ഡിഎ എറണാകുളം ജില്ലാ കമ്മിറ്റി നടത്തുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് കിരണ്‍ റിജിജു എത്തുന്നത്. കേന്ദ്രമന്ത്രിക്ക് വലിയ സ്വീകരണം നടത്താനാണ് മുനമ്പം ജനത തീരുമാനിച്ചിരിക്കുന്നത്. വഖഫ് ബില്ലിന്മേല്‍ ഇരുസഭകളിലും നടന്ന ചര്‍ച്ചകളില്‍ മുനമ്പം വിഷയം ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തിയിരുന്നു. മുനമ്പം നിവാസികള്‍ക്ക് ബില്ല് കൊണ്ട് ഗുണകരമാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെങ്കിലും നിയമത്തിന് മുന്‍കാല പ്രാബല്യം ഉണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതോടെ മുനമ്പത്ത് ചില ആശയക്കുഴപ്പങ്ങളും നിലനിന്നിരുന്നു. ഈ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ സാധിക്കുമോ എന്നാണ് അറിയേണ്ടത്.

ബിജെപി സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളോടൊപ്പം നിലകൊള്ളുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുനമ്പം സന്ദര്‍ശിച്ചു കൊണ്ട് പറഞ്ഞിരുന്നു. പാര്‍ലമെന്റ് പാസാക്കിയ വഖഫ് ബില്‍ ഇന്ത്യാചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും മുനമ്പത്തെ ജനങ്ങള്‍ക്ക് റവന്യൂ അവകാശം തിരികെ കിട്ടുമെന്ന ഉറപ്പ് ആ ബില്ലില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ജനങ്ങള്‍ക്ക് അവരുടെ റവന്യൂ അവകാശം കിട്ടും. ഈ ബില്ലില്‍ അതിന്റെ ഉറപ്പുണ്ട്. അവര്‍ക്ക് റവന്യൂ അവകാശം തിരികെ കിട്ടുന്നതുവരെ മുനമ്പത്തെ ജനങ്ങളോടൊപ്പം ബിജെപിയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മുനമ്പം സമരം രാജ്യത്തെ ചരിത്രത്തിലെ നാഴികക്കല്ലാകും. മുനമ്പത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനികള്‍ അവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതിരിക്കകയായിരുന്നു. എന്നാല്‍ ഈ കുഞ്ഞുഗ്രാമത്തില്‍ തീര്‍ത്തും സമാധാനപരമായി ജനങ്ങള്‍ നടത്തിയ ഈ സമരത്തിന്റെ അലയൊലികള്‍ ഡല്‍ഹിയിലെത്തുകയും അതൊരു ബില്ലായി മാറുകയും ചെയ്തുവെന്നത് ചരിത്രത്തിലെ നാഴികക്കല്ലാകും. വഖഫ് നിയമ ഭേദഗതിയെ എതിര്‍ത്ത എംപിമാരുടെ നയം പ്രീണന രാഷ്ട്രീയമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

2014 മുതല്‍ ഇന്നുവരെ പ്രധാനമന്ത്രി പറയുന്നത് സബ് കാ സാഥ് സബ്കാ വികാസ് എന്നതാണ് നയം എന്നാണ്. വഖഫ് ബില്‍ ഒരു മതത്തിനും എതിരല്ല. പാവപ്പെട്ട മുസ്ലിം ജനങ്ങള്‍ക്ക് വഖഫ് ബോര്‍ഡിന്റെ നടപടികള്‍ സുതാര്യമാക്കുന്നതിന് വേണ്ടിയാണ്. എന്നാല്‍, സഭയില്‍ കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ പറഞ്ഞതെല്ലാം നുണകളാണ്. നാണം ഇല്ലാതെ നുണ പറഞ്ഞ് വാദിക്കുന്ന പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും രാജീവ് പറഞ്ഞു.

Tags:    

Similar News