പത്തനംതിട്ട ജില്ലയില്‍ സിപിഎം ഭരിച്ച ഒരു ബാങ്ക് കൂടി തകര്‍ച്ചയില്‍; ആറാട്ടുപുഴ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജിവെച്ച് രക്ഷപ്പെട്ടു! നിക്ഷേപകര്‍ക്ക് തിരികെ അഞ്ചു കോടി നല്‍കണം; കിട്ടാനുള്ളത് മൂന്നരക്കോടിയും
പത്തനംതിട്ട ജില്ലയില്‍ സിപിഎം ഭരിച്ച ഒരു ബാങ്ക് കൂടി തകര്‍ച്ചയില്‍
പത്തനംതിട്ട: സിപിഎം നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് ഭരിച്ച് മുടിച്ച ജില്ലയിലെ സഹകരണ ബാങ്കുകളുടെ ലിസ്റ്റിലേക്ക് ഒന്നു കൂടി. ആറാട്ടുപുഴ സര്‍വീസ് സഹകരണ ബാങ്ക് ആണ് തകര്‍ച്ച നേരിടുന്നത്. നിക്ഷേപകര്‍ക്ക് അഞ്ചു കോടിയാണ് ലഭിക്കാനുള്ളത്. അതേ സമയം, ബാങ്കിന് കിട്ടാനുള്ളത് വെറും മൂന്നരക്കോടിയാണ്. സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ് പലപ്പോഴായി വായ്പയെന്ന പേരില്‍ ഇത്രയധികം തുക കൈക്കലാക്കിയിരിക്കുന്നത്.
സാമ്പത്തിക തകര്‍ച്ചയിലായ ബാങ്കിന് കേരള ബാങ്കില്‍ സമാശ്വാസ സഹായം കൊടുത്തെങ്കിലും അത് വേണ്ടപ്പെട്ടര്‍ ചേര്‍ന്ന് കൈക്കലാക്കിയെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ഇടത് ഭരണ സമിതി കൂടി രാജി വച്ച് തലയൂരിയതോടെ ബാങ്ക് പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാണ്. സി.പി.എം നേതാക്കള്‍ ആണ് മിക്ക വായ്പകളുടെയും ഗുണഭോക്താക്കള്‍. ആറന്മുള പഞ്ചായത്തിലെ ആറാട്ടുപുഴ ജങ്ഷനില്‍ സ്ഥിതി ചെയ്യുന്ന 787-ാം നമ്പര്‍ ആറാട്ടുപുഴ സര്‍വീസ് സഹകരണ ബാങ്ക് തകര്‍ച്ചയിലായിട്ട് വര്‍ഷങ്ങളായി.ജീവനക്കാര്‍ ഇടപെട്ട് ഒരു വിധം ദൈനം ദിന കാര്യങ്ങള്‍ നടത്തി വരികയായിരുന്നു.
ഇതിനിടയില്‍ തെരഞ്ഞെടുക്കപ്പെട്ട ഇടത് ഭരണ സമതി രാജിവച്ചു. സമിതിയിലെ പലര്‍ക്കും കുടിശിക ആയതോടെ അംഗത്വം പോകുമെന്ന സ്ഥിതി എത്തിയപ്പോഴാണ് രാജി വച്ചതത്രെ. വര്‍ഷങ്ങളായി സി.പി.എം നേതൃത്വമാണ് ബാങ്ക് ഭരിച്ചു കൊണ്ടിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് അന്നത്തെ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ രാജിവച്ചത് ഈ സാഹചര്യത്തിലായിരുന്നു. പിന്നീട് സി.പി.എം. ജില്ല നേതൃത്വം ഇടപെട്ട് സര്‍ക്കാര്‍ നോമിനികളെ നാമനിര്‍ദ്ദേശം ചെയ്താണ് ഭരണ സമിതി പുനഃസംഘടിപ്പിച്ചത്.
ഈ സമിതിയുടെ തുടക്കത്തിലാണ് കേരള ബാങ്കില്‍ നിന്നും താത്ക്കാലിക സമാശ്വാസ ധനം ലഭിച്ചത്. എന്നാല്‍ ഇതും യഥാര്‍ഥ അവകാശികള്‍ക്ക് ലഭിച്ചില്ലെന്നും പറയുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ ഈ ഭരണ സമിതി ഒന്നടങ്കം രാജി വച്ചിരിക്കുന്നത്. വളരെ നാളത്തെ പഴക്കമുള്ള മദ്ധ്യതിരുവിതാംകൂറിലെ സഹകരണ മേഖലയിലെ മികച്ച സഹകരണ ബാങ്കായിരുന്നു ആറാട്ടുപുഴയിലേത്. കാര്‍ഷിക
ഗ്രാമമായ ആറന്മുള ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കും മധ്യവര്‍ത്തി സമൂഹത്തിനും ഏറെ പ്രയോജനകരമായിരുന്നു. സി.പി.എം. നേതൃത്വം ഭരണ സാരഥ്യം ഏറ്റെടുത്തതിനെ തുടര്‍ന്നാണ് തകര്‍ച്ചയിലേക്ക് നീങ്ങിയതെന്ന് സഹകാരികള്‍ പറയുന്നു.
ആറാട്ടുപുഴ, പുത്തന്‍കാവ് പ്രദേശങ്ങളിലെ വിദേശ മലയാളികളുടെ വന്‍ നിക്ഷേപവും ബാങ്കിലുണ്ടായിരുന്നു. നിക്ഷേപകര്‍ക്ക് ഇത്രയധികം തുക കൊടുക്കാനുള്ളപ്പോള്‍ വായ്പ ഇനത്തില്‍ പകുതി തുക മാത്രമാണ് ബാങ്കിന് തിരികെ ലഭിക്കാനുള്ളതെന്നും പറയുന്നു. മതിയായ രേഖകള്‍ ഇല്ലാതെയും വിലക്കുറവുള്ള വസ്തുക്കളുടെ ഈടിന്‍മേലും വന്‍ തുകകളാണ് സി.പി.എം. ഭരണ സമിതി വായ്പയായി കൊടുത്തിരുന്നത്. ബാങ്കില്‍ പ്രാദേശിക നേതൃത്വം പറയുന്നവര്‍ക്കെല്ലാം ഒരു മാനദണ്ഡമില്ലാതെ വായ്പകള്‍ കൊടുത്തതും തകര്‍ച്ചയ്ക്ക് കാരണമായി പറയപ്പെടുന്നു. സെക്രട്ടറിയും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ നിലവിലുള്ളത്.
ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി പുറത്തു പറയരുതെന്നാണ് സി.പി.എം. അംഗങ്ങള്‍ക്കു നേതൃത്വം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈട് വസ്തുക്കള്‍ ലേലം ചെയ്ത് കൊടുത്താല്‍ പോലും ബാങ്കിന് കിട്ടാനുള്ള തുക ലഭിക്കുകയില്ല. സഹകാരികള്‍ തമ്മില്‍ പരസ്പര ജാമ്യത്തില്‍ 5000 രൂപ മുതല്‍ 50000 രൂപ വരെ വായ്പ നല്‍കിയിട്ടുണ്ട്്്. ഇങ്ങനെ നല്‍കിയിട്ടുള്ള തുക എല്ലാം തന്നെ ബാങ്കിന്റെ കിട്ടാക്കടമായി മാറിയിരിക്കുകയാണ്. തിരച്ചടവായി വരുന്ന തുകയില്‍ നിന്നാണ് നിക്ഷേപകരില്‍ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് 1000 രൂപ മുതല്‍ 2000 രൂപ വരെ പലിശയിനത്തില്‍ നല്‍കുന്നതെന്നും നിക്ഷേപകന്‍ പറഞ്ഞു. സ്ഥിര നിക്ഷേപ കാലാവധി പൂര്‍ത്തിയായവര്‍ ദിവസേന ബാങ്കില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.