പിവി അന്‍വറിന്റെ കടന്നാക്രമണത്തില്‍ 'ക്യാപ്ടന്‍' തന്ത്രം മാറ്റി പിടിക്കുന്നു; ഇനിയെല്ലാ തീരുമാനവും പാര്‍ട്ടിയുടേതാക്കി മാറ്റും; പ്രതിരോധത്തിന് എല്ലാവരേയും ഒരുമിപ്പിക്കാന്‍ പിണറായി; സിപിഎം നേതൃ സമ്മേളനം 'പി ശശിയ്ക്ക്' നിര്‍ണ്ണായകം

പിണറായി വിജയന് സിപിഎമ്മില്‍ പിടി അയയുന്നു. ഇനി എല്ലാം പാര്‍ട്ടി തീരുമാന പ്രകാരമേ സര്‍ക്കാരിന് ചെയ്യാനാകൂ

Update: 2024-10-03 02:08 GMT

തിരുവനന്തപുരം: പിണറായി വിജയന് സിപിഎമ്മില്‍ പിടി അയയുന്നു. ഇനി എല്ലാം പാര്‍ട്ടി തീരുമാന പ്രകാരമേ സര്‍ക്കാരിന് ചെയ്യാനാകൂ. ഇതിന്റെ സൂചന നല്‍കിയാണ് വിവാദങ്ങള്‍ പുകയുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നും സംസ്ഥാന കമ്മിറ്റി യോഗം നാളെയും ചേരുന്നത്. സര്‍ക്കാര്‍ തീരുമാനമെല്ലാം പാര്‍ട്ടിയുടേതാക്കി മാറ്റുകയാണ് ഈ സമ്മേളനങ്ങളുടെ ലക്ഷ്യം. പിവി അന്‍വര്‍ വിവാദം അടക്കം ചര്‍ച്ചയാക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാറിനെതിരെയുള്ള പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് അടക്കം സിപിഎം നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും. അജിത് കുമാറിനെതിരായ നടപടിയിലും തീരുമാനം സിപിഎം സംസ്ഥാന സമിതി എടുക്കും.

പാര്‍ട്ടി കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷമുള്ള യോഗങ്ങള്‍ എന്ന നിലയ്ക്കാണ് ഇവ വിളിച്ചു ചേര്‍ത്തിരിക്കുന്നതെങ്കിലും പി.വി.അന്‍വര്‍ എംഎല്‍എ സര്‍ക്കാരിനെതിരെ ഉയര്‍ത്തിവിട്ട ആരോപണങ്ങളുടെ പശ്ചാത്തലം പ്രധാനമാണ്. പാര്‍ട്ടിയും സര്‍ക്കാരും ഒരുമിച്ച് നീങ്ങുമെന്ന സന്ദേശവും നല്‍കും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും ചര്‍ച്ചയാകും. ഈ യോഗങ്ങളില്‍ പി ജയരാജന്‍ എന്ത് നിലപാട് എടുക്കുമെന്നതും നിര്‍ണ്ണായകമാണ്. അന്‍വറിന് പിന്നില്‍ പി ജയരാജനാണെന്ന ചര്‍ച്ച സിപിഎമ്മിലെ ചില കോണുകള്‍ ഉയര്‍ത്തിയിരുന്നു. ജയരാജന്റെ ഗള്‍ഫ് യാത്രയും ഇടുക്കിയിലെ റിസോര്‍ട്ട് മുതലാളിയുമായുള്ള ബന്ധവുമെല്ലാം ആരോപണമായി ഉയര്‍ന്നു. ഇതിനെ പിജെ തന്നെ പ്രതിരോധിക്കുകയും ചെയ്തു. സംസ്ഥാന സമിതിയില്‍ ഈ വിഷയത്തില്‍ പിജെ എടുക്കുന്ന നിലപാട് നിര്‍ണ്ണായകമാണ്.

അന്‍വറുമായി ബന്ധപ്പെട്ട പ്രശ്‌നം കൈകാര്യം ചെയ്തതില്‍ നേതൃത്വത്തിനു വീഴ്ച പറ്റിയെന്ന വിമര്‍ശനം സിപിഎമ്മിലുണ്ട്. മുഖ്യമന്ത്രി കടുത്ത നിലപാട് എടുക്കുന്നതുവരെ അന്‍വറിനെ അനുനയിപ്പിച്ചു കൂടെ നിര്‍ത്താനായിരുന്നു സിപിഎമ്മില്‍ ചിലര്‍ ശ്രമിച്ചത്. അങ്ങനെയാണ് അന്‍വര്‍ കടന്നാക്രണം തുടങ്ങിയത്. ചില പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും അന്‍വറിന് പിന്തുണയും ലഭിച്ചു. എഡിജിപി എം.ആര്‍.അജിത്കുമാറിന്റെ ആര്‍എസ്എസ് സമ്പര്‍ക്കം ഇടതുപക്ഷ സര്‍ക്കാരിനു തിരിച്ചടിയാണ്. ഇതും സിപിഎം യോഗങ്ങളില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രിയ്ക്ക് മേല്‍ പാര്‍ട്ടി കടിഞ്ഞാണ്‍ വേണമെന്ന അഭിപ്രായം പാര്‍ട്ടിയിലുണ്ട്. നിലവില്‍ നിരവധി പേര്‍ പിണറായിയെ ചോദ്യം ചെയ്യാനുള്ള മാനസികാവസ്ഥയിലാണ്. അവരെല്ലാം സംസ്ഥാന സമിതിയില്‍ പ്രതികരിക്കുന്നത് എങ്ങനെ എന്നത് നിര്‍ണ്ണായകമാകും.

പിണറായിയ്‌ക്കെതിരായ ആരോപണങ്ങളെ ഒറ്റക്കെട്ടായി നേരിട്ടില്ലെന്ന ആക്ഷേപം പിണറായി ക്യാമ്പിനുണ്ട്. മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ക്കാന്‍ മന്ത്രി മുഹമ്മദ് റിയാസും എകെ ബാലനും മാത്രമേ മുന്നിട്ടിറങ്ങിയുള്ളൂവെന്നതും ചര്‍ച്ചകളിലുണ്ട്. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയില്‍ പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. പി വി അന്‍വറിന്റെ ആരോപണങ്ങള്‍ സൃഷ്ടിച്ച കോലാഹലങ്ങള്‍ക്ക് ഇടയിലാണ് നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ആദ്യ ദിനത്തില്‍ സമ്മേളനം പിരിയും. അതിന് ശേഷം വലിയ വിവാദങ്ങള്‍ക്ക് സഭ വേദിയാകും. ഇതിനെ എങ്ങനെ നേരിടണമെന്നതും സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ ചര്‍ച്ചയാകും.

എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. എഡിജിപിക്കും പി ശശിക്കും എതിരെ പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കും. പൊലീസിന്റെ സ്വര്‍ണം പൊട്ടിക്കലും മാമിയുടെ തിരോധാനവും പി വി അന്‍വര്‍ ഉന്നയിച്ച അര ഡസനിലേറെ ആരോപണങ്ങളുണ്ട്. ഇതിനൊപ്പമാണ് തൃശൂര്‍ പൂരം കലക്കല്‍ വിവാദം. എഡിജിപി മുഖ്യമന്ത്രിക്കുവേണ്ടി പൂരം കലക്കി എന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ഉന്നയിക്കും.

ആര്‍എസ്എസ് നേതാക്കളെ എഡിജിപി കണ്ടതും സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം, പിആര്‍ കമ്പനിയുടെ ഇടപെടല്‍ ഇങ്ങനെ സഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ ആയുധങ്ങള്‍ നിരവധിയാണ്.

Tags:    

Similar News