ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരും; ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനും ആരാധന സ്വാതന്ത്ര്യനും ഇല്ലാതാകും; കേരളത്തനിമയാണ് തകരുക; അമിത് ഷായുടെ വാക്കുകള്‍ മുന്നറിയിപ്പായി കാണണമെന്ന് മുഖ്യമന്ത്രി

ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനം തകരും

Update: 2025-08-24 10:04 GMT

കൊച്ചി: ബിജെപിക്ക് വോട്ട് ചെയ്താല്‍ സംസ്ഥാനത്തിന്റെ തകര്‍ച്ചയായിരിക്കും ഉണ്ടാകുന്നതെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ബിജെപിക്ക് മേല്‍ക്കൈവന്നാല്‍ നാം ഇത്രകാലം നേടിയെടുത്ത മതനിരപേക്ഷതയും ആരാധനാസ്വാതന്ത്ര്യവുമെല്ലാം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു.നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാക്കുകള്‍ മുന്നറിയിപ്പായി കാണണമെന്നും മുഖ്യമന്ത്രി ചൂണ്ടികാണിച്ചു.

എറണാകുളത്ത് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സംസ്ഥാനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 25ശതമാനം വോട്ടുകള്‍ നേടുമെന്നും കഴിഞ്ഞ ദിവസം കൊച്ചിയില്‍ വച്ച് നടന്ന ബിജെപി നേതൃയോഗത്തില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഈ പ്രസ്താവനയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

'ബിജെപിയുടെ വിജയം കേരളത്തിന്റെ മതേതര സ്വത്വത്തെ ഇല്ലാതാക്കുകയും സംസ്ഥാനത്തിന്റെ ഐക്യത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യും. കേരളത്തിലെ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാനും ആരാധന നടത്താനുമുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് മേല്‍ക്കൈവന്നാല്‍ കേരളത്തനിമയാണ് തകരുക'- മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ ഇന്ദിര അദ്ധ്യക്ഷയായി. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, മുന്‍മന്ത്രി എസ്. ശര്‍മ, ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി സുദീപ് ദത്ത എന്നിവര്‍ പ്രസംഗിച്ചു.

Tags:    

Similar News