നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്തെ വന്നേക്കും; രണ്ട് മാസത്തിനകം പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണം; പാതിവഴിയില്‍ നില്‍ക്കുന്നതോ നടപ്പാക്കാനുള്ളതോ ആയ പരിപാടികള്‍ ഉടനടി പൂര്‍ത്തീകരിക്കണം; നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം; ഇലക്ഷന്‍ മോഡില്‍ പിണറായി; പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പി ആര്‍ വര്‍ക്കുകള്‍ സജീവമാകും

നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്തെ വന്നേക്കും; രണ്ട് മാസത്തിനകം പദ്ധതികളെല്ലാം പൂര്‍ത്തിയാക്കണം

Update: 2025-12-18 01:30 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ തിരച്ചടിക്കിടയിലും നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കും സജീവമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ നടന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത് ഇലക്ഷന്‍ മോഡിലേക്ക് നീങ്ങാനാണ്. അതുകൊണ്ട് തന്നെ പദ്ധതികളും പരിപാടികളും രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കണെന്നാണ് മുഖ്യന്റെ ഉഗ്രനിര്‍ദേശം.

പാതിവഴിയില്‍ നില്‍ക്കുന്നതോ നടപ്പാക്കാനുള്ളതോ ആയ പരിപാടികള്‍ ഈ സമയത്തിനകം തീര്‍ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിയമസഭ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നേരത്തെ വരാനിടയുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചത്. അതത് മണ്ഡലങ്ങളില്‍ വോട്ടുയര്‍ത്താന്‍ കെല്‍പ്പുള്ള പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം എന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

തദ്ദേശത്തിലെ തിരിച്ചടികള്‍ മറികടക്കാന്‍ ആവശ്യമായ പരിപാടികളിലേക്ക് ഇടതു മുന്നണി കടക്കുകയാണ്. സര്‍ക്കാറിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമായി നടക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളവര്‍ധനവ് അടക്കം ഇതില്‍ നിര്‍ണായകമാണ്. അതേസമയ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ കനത്ത തിരിച്ചടി മന്ത്രിസഭയില്‍ ചര്‍ച്ചയായില്ല. സര്‍ക്കാറിനെതിരെ തിരിയുന്ന ഐ.എ.എസുകാര്‍ക്കെതിരെ മന്ത്രിസഭാ യോഗത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നു.

ഉദ്യോഗസ്ഥര്‍ സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും ഇവര്‍ക്കെതിരെ നടപടി വേണമെന്നുമായിരുന്നു ആവശ്യം. ചിലര്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമ്പോള്‍ മറ്റുചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ വെല്ലുവിളിക്കുന്നതായി മന്ത്രിമാര്‍ കുറ്റപ്പെടുത്തി. ഒരു മന്ത്രി തുടങ്ങിവെച്ച വിമര്‍ശനം മറ്റ് മന്ത്രിമാരും ഏറ്റുപിടിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷനായി ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാറിനെ നിയമിച്ചതിനെതിരെ ബി. അശോക് കോടതിയെ സമീപിച്ചിരുന്നു. സസ്‌പെന്‍ഷനിലുള്ള എന്‍. പ്രശാന്ത് സമൂഹ മാധ്യമങ്ങളിലൂടെ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെയും സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും നിരന്തരം കുറിപ്പുകളിടുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം.

യുഡിഎഫ് നേതാക്കള്‍ വിജയാഘോഷത്തില്‍ കഴിയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ടാര്‍ജെറ്റ് നിശ്ചയിച്ചു മുന്നോട്ടു പോകുകയാണ്. തിരിച്ചടിയില്‍ നിന്നും കരകയറാന്‍ അസാധാരണ നീക്കം തന്നെയാണ് പിണറായി നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍.ഡി.എഫ് ക്യാമ്പില്‍ ആശങ്ക പടരുന്നതിനിടെയാണ് എം.എല്‍.എമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയത്. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ മെച്ചമായി മുന്നോട്ടു പോകണമെന്നാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം.

മനോരമ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പരാജയപ്പെടാന്‍ സാധ്യതയുള്ള 41 എല്‍.ഡി.എഫ് എം.എല്‍.എമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി ഓണ്‍ലൈനായി വിളിച്ചുചേര്‍ത്തു. മണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ച് നില മെച്ചപ്പെടുത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് നല്‍കില്ലെന്നാണ് പിണറായിയുടെ മുന്നറിയിപ്പ്.

മണ്ഡലത്തില്‍ വിജയിച്ചു കയറാന്‍ ആവശ്യമായ സാഹചര്യം ഒരുക്കം എന്നാണ് പിണറായിയുടെ നിര്‍ദേശം. 'ജയിക്കുമെന്ന് ഉറപ്പില്ലെങ്കില്‍ പകരം മറ്റൊരു സ്ഥാനാര്‍ത്ഥി വരും' എന്ന പിണറായിയുടെ അന്ത്യശാസനം സി.പി.എമ്മില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. തോല്‍വി വിലയിരുത്താന്‍ വേണ്ടി ജില്ലാ തലത്തിലെ യോഗങ്ങളും ചേരുമ്പോള്‍ വിജയഫോര്‍മുല എന്തെന്ന് ഉരുത്തിരിയും.

Tags:    

Similar News