തദ്ദേശ പോരില്‍ വിജയിച്ചുവെന്ന് കരുതി യുഡിഎഫുകാര്‍ ആഹ്ലാദിച്ചിരിക്കേണ്ട! നിയമസഭയില്‍ എളുപ്പം തോല്‍ക്കാന്‍ മനസ്സില്ലെന്ന നിലപാടില്‍ പിണറായി; ഭരണത്തുടര്‍ച്ചയ്ക്കായി അസാധാരണ നീക്കങ്ങളുമായി പിണറായി; പരാജയ സാധ്യതയുള്ള 41 ഇടത് എംഎല്‍എമാരുടെ യോഗം വിളിച്ചു മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങള്‍; ഇനിയുള്ള ദിവസങ്ങളില്‍ നടത്തുക എല്‍ഡിഎഫ് വിജയം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍..!
തദ്ദേശ പോരില്‍ വിജയിച്ചുവെന്ന് കരുതി യുഡിഎഫുകാര്‍ ആഹ്ലാദിച്ചിരിക്കേണ്ട!
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആവേശത്തിലാണ് യുഡിഎഫ് നേതാക്കള്‍. കോണ്‍ഗ്രസില്‍ അടക്കം അടുത്ത മുഖ്യമന്ത്രി ആരെന്ന വിധത്തില്‍ ചര്‍ച്ചകള്‍പോലും നടന്നു കഴിഞ്ഞു. ഇതിനിടെ സതീശനെ പോലുള്ള നേതാക്കള്‍ വിജത്തില്‍ മതിമറക്കാതെ മുന്നോട്ടു പോകണമെന്ന നിലപാട് പറഞ്ഞിട്ടുണ്ട്. അതേസയം യുഡിഎഫ് നേതാക്കള്‍ വിജയാഘോഷത്തില്‍ കഴിയുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ടാര്‍ജെറ്റ് നിശ്ചയിച്ചു മുന്നോട്ടു പോകുകയാണ്. തദ്ദേശ തോല്‍വി കാര്യമാക്കാതെ നിയമസഭയില്‍ വിജയിച്ചു കയറാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് തേടുയാണ് പിണറായി. തിരിച്ചടിയില്‍ നിന്നും കരകയറാന്‍ അസാധാരണ നീക്കം തന്നെയാണ് പിണറായി നടത്തുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ എല്‍.ഡി.എഫ് ക്യാമ്പില്‍ ആശങ്ക പടരുന്നതിനിടെയാണ് എം.എല്‍.എമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി നേരിട്ട് രംഗത്തിറങ്ങിയത്. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ മെച്ചമായി മുന്നോട്ടു പോകണമെന്നാണ് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം. മനോരമ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പരാജയപ്പെടാന്‍ സാധ്യതയുള്ള 41 എല്‍.ഡി.എഫ് എം.എല്‍.എമാരുടെ പ്രത്യേക യോഗം മുഖ്യമന്ത്രി ഓണ്‍ലൈനായി വിളിച്ചുചേര്‍ത്തു. മണ്ഡലങ്ങളിലെ വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ച് നില മെച്ചപ്പെടുത്തിയില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് സീറ്റ് നല്‍കില്ലെന്നാണ് പിണറായിയുടെ മുന്നറിയിപ്പ്.
മണ്ഡലത്തില്‍ വിജയിച്ചു കയറാന്‍ ആവശ്യമായ സാഹചര്യം ഒരുക്കം എന്നാണ് പിണറായിയുടെ നിര്‍ദേശം. 'ജയിക്കുമെന്ന് ഉറപ്പില്ലെങ്കില്‍ പകരം മറ്റൊരു സ്ഥാനാര്‍ത്ഥി വരും' എന്ന പിണറായിയുടെ അന്ത്യശാസനം സി.പി.എമ്മില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. തോല്‍വി വിലയിരുത്താന്‍ വേണ്ടി ജില്ലാ തലത്തിലെ യോഗങ്ങളും ചേരുമ്പോള്‍ വിജയഫോര്‍മുല എന്തെന്ന് ഉരുത്തിരിയും.
അതേസമയം മലബാറിലെ വോട്ട് പാറ്റേണ്‍വെച്ച് മുസ്ലിം ന്യൂനപക്ഷ വോട്ടുകള്‍ തിരികെ വരുമെന്ന പ്രതീക്ഷ സിപിഎമ്മിന് നഷ്ടമായിട്ടുണ്ട്. മുസ്ലിം വോട്ടുകള്‍ തിരിച്ചുപിടിക്കുന്നത് നിലവിലെ സാഹചര്യത്തില്‍ പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ ഇടത് ക്യാമ്പ്. അതാകൊണ്ട് ഹിന്ദു വോട്ടുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ അത് മുസ്ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള 'ന്യൂനപക്ഷ സര്‍ക്കാരായി' മാറുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയ വഴി നടത്താനാണ് നീക്കം. ന്യൂനപക്ഷ പ്രീണനം ആരോപിച്ച് ഭൂരിപക്ഷ സമുദായത്തിനിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് സി.പി.എമ്മിന്റെ പദ്ധതിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ജമാഅത്തെ ഇസ്ലാമി വിമര്‍ശനം സിപിഎം തുടരുമെന്നുമാണ് വിവരം.
മറുവശത്ത്, ഭരണം ഉറപ്പാണെന്ന വിശ്വാസത്തില്‍ യു.ഡി.എഫ് നേതാക്കള്‍ മുഖ്യമന്ത്രി പദത്തിനായി ചരടുവലികള്‍ ആരംഭിച്ചു കഴിഞ്ഞതായും സൂചനയുണ്ട്. വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് പുറമെ ഹൈക്കമാന്‍ഡ് പ്രതിനിധി കെ.സി. വേണുഗോപാലിനെ കൊണ്ടുവരാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്. ഈ ആത്മവിശ്വാസം ഗ്രൂപ്പ് തര്‍ക്കങ്ങളിലേക്കും വഴിമാറുന്നു. ഇത് നിയമസഭയില്‍ തിരിച്ചടിയാകുമോ എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതോടെ ഇനി അധ്യക്ഷ പദവികള്‍ക്കായി പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടാകും.
ഇതിന്റെ സൂചന കൊച്ചിയില്‍ നിന്നും പുറത്തുവരുന്നുണ്ട്. കൊച്ചി കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനത്തെ ചൊല്ലിയും കോണ്‍ഗ്രസില്‍ അസ്വാരസ്യം പുകയുകയാണ്. മികച്ച പ്രവര്‍ത്തനം നടത്തിയ ദീപ്തി മേരി വര്‍ഗ്ഗീസിനെ തഴഞ്ഞ്, സമുദായ പരിഗണനകള്‍ ഉയര്‍ത്തിക്കാട്ടി ഹൈബി ഈഡന്‍ എം.പി. സ്വന്തം നോമിനിയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇവിടെ മേയര്‍ പദവി കിട്ടാതിരുന്നാല്‍ മറുവിഭാഗം അതൃപ്തിയാകും. ഇത്തരം അതൃപ്തികള്‍ തിരിച്ചടി ആകാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
യു.ഡി.എഫിന്റെ സൈബര്‍ വിഭാഗം നിശബ്ദമായതും, നേതാക്കള്‍ക്കിടയിലെ അനൈക്യവും ശരിയാക്കിയില്ലെങ്കില്‍ പിണറായി വിജയന്‍ മൂന്നാം തവണയും അധികാരം പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പോടെയാണ് രാഷ്ട്രീയ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.
