കൂട്ടുകക്ഷി മന്ത്രിസഭയില്‍ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുക; എന്റെ പ്രത്യേക താല്‍പ്പര്യത്തിന്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നല്‍കിയത്; പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നത്; മന്ത്രി മുഹമ്മദ് റിയാസിനെതിരായ 'മരുമകന്‍' പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

കൂട്ടുകക്ഷി മന്ത്രിസഭയില്‍ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുക

Update: 2026-03-20 07:59 GMT

കണ്ണൂര്‍: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധപ്പെടുത്തി മരുമകന്‍ ആരോപണത്തില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയാണ് സാധാരണ ഗതിയില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നത്. എന്നാല്‍, ഇത് പാര്‍ട്ടിയും ബന്ധപ്പെട്ട കക്ഷികളും ചേര്‍ന്ന് എല്‍ഡിഎഫ് ആണ് ഈ വിഭജനം വരുന്നത്. ഒരു കൂട്ടുകക്ഷി മന്ത്രിസഭ വരുമ്പോള്‍ മുഖ്യമന്ത്രി മാത്രമായിട്ടല്ല തീരുമാനമെടുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്റെ പ്രത്യേകമായ താല്‍പ്പര്യത്തിന്റെ ഭാഗമായല്ല റിയാസിന് പൊതുമരാമത്ത് വകുപ്പും ടൂറിസവും നല്‍കിയത്. അത് സാധാരണ വകുപ്പുകള്‍ മാത്രമാണ്. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് മന്ത്രിയായി തുടരുന്നതെന്നും മകളുടെ ഭര്‍ത്താവ് ആയതു കൊണ്ട് അതില്‍ നിന്ന് ഒഴിയാന്‍ പറ്റില്ലല്ലോ എന്നും മുഖ്യമന്ത്രിയുടെ പ്രതികരിച്ചു. അതത് സ്ഥലത്തിന്റെ പ്രത്യേകതകള്‍ നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തന്റെ പേര് ക്യാപ്റ്റന്‍ എന്ന് ഉപയോഗിച്ചതിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഓരോ തെരഞ്ഞെടുപ്പിലും തന്ത്രങ്ങള്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ചാണ് ചെയ്യാറുളളത്. തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് തീരുമാനിച്ചത്. തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇത്തവണയും ഞാന്‍ ഉണ്ടാകണമെന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. അതാണ് ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

നമ്മുടെ നാടിപ്പോള്‍ നല്ലരീതിയില്‍ വികസിച്ചു വന്നുവെന്നും നേരത്തെയുണ്ടായിരുന്ന ഇവിടെയൊന്നും നടക്കില്ലെന്ന ധാരണ മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇവിടെ പലതും നടക്കുമെന്ന ധാരണ വന്നിട്ടുണ്ട്. നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖല വലിയ രീതിയില്‍ വികാസം പ്രാപിച്ചുവരുകയാണ്. അതിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

അന്താരാഷ്ട്ര നിലവാരത്തിലേക്ക് കേരളത്തിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എത്തിയിട്ടുണ്ട്. 13 സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ആധുനിക കേരളത്തിന് ചേര്‍ന്ന തരത്തിലുള്ള മാറ്റം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വരേണ്ടതുണ്ട്. ആവശ്യമായ നൈപുണ്യം എല്ലാവര്‍ക്കും ലഭിക്കേണ്ടതായിട്ടുണ്ട്. നമ്മുടെ യുവത ലോകത്തിന്റെ ഏതുഭാഗത്തുമുള്ള വികസിത രാജ്യത്തുള്ളവരുമായി പിടിച്ചു നില്‍ക്കാന്‍ കഴിവുള്ളവരായി മാറും. അത്തരത്തിലുള്ള കേരളം രൂപം കൊള്ളുകയെന്നത് പ്രധാനമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

Tags:    

Similar News