സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ റോളില്ലാതെ എം വി ഗോവിന്ദന്‍; പൂര്‍ണമായും ഇടപെട്ട് സംസാരിച്ചത് പിണറായി മാത്രം; പൊതു സമ്മേളനത്തിന് എത്താതെ പാര്‍ട്ടി സെക്രട്ടറി; ക്ഷണം കൂട്ടാതെ പൂര്‍ണ്ണമായും തഴയപ്പെട്ട് ജി സുധാകരന്‍; പ്രായാധിക്യം ബാധിക്കാതെ പാര്‍ട്ടി സമ്മേളനങ്ങളില്‍ 'പിണറായിസം' വാഴുമ്പോള്‍
പ്രായാധിക്യം ബാധിക്കാതെ പാര്‍ട്ടി സമ്മേളനങ്ങളില്‍ 'പിണറായിസം' വാഴുമ്പോള്‍
ആലപ്പുഴ: രാജ്യത്തെ ഏറ്റവും കരുത്തനായ സിപിഎം നേതാവാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കെല്‍പ്പുള്ള ആരും തന്നെ പാര്‍ട്ടിയില്‍ ഇപ്പോഴില്ലാത്ത അവസ്ഥയാണ്. താന്‍ ഇഷ്ടപ്പെടുന്ന വഴിയില്‍ പാര്‍ട്ടിയെയും സര്‍ക്കാറിനെയും കൊണ്ടുപോകുകയാണ് പിണറായി. പാര്‍ട്ടി സെക്രട്ടറിയെയും അപ്രസക്തനാക്കുന്ന ഇടപെടലുകളാണ് സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ അദ്ദേഹം നടത്തിയത്.
എം വി ഗോവിന്ദനാണ് പാര്‍ട്ടി സെക്രട്ടറി എങ്കിലും താന്‍ പറയുന്നതിന് അപ്പുറം ഒന്നും പോകില്ലെന്ന് ഉറപ്പിക്കുകയായിയിരുന്നു പിണറായി. മുഖ്യമന്ത്ര പൂര്‍ണ്ണമായും കളം നിറഞ്ഞ ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ പൊതു സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ എത്തിയതുമില്ല. സമ്മേളനത്തില്‍ സമ്പൂര്‍ണമായി ഇടപെട്ടത് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ മാത്രമായിരുന്നു. പിണറായി വിജയനും ജില്ലാ സെക്രട്ടറിയും മാത്രമാണ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞത്. പ്രതിനിധി സമ്മേളനവും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തതും പിണറായി വിജയനാണ്. ആലപ്പുഴയില്‍ തനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു പിണറായി വിജയന്റെ ഇടപെടല്‍.
അതേസമയം സംസ്ഥാന സെക്രട്ടറിയെ അവഗണിച്ചതില്‍ പ്രതിനിധികള്‍ക്കിടയില്‍ അമര്‍ഷമുയര്‍ന്നിരുന്നു. സംസ്ഥാന സെക്രട്ടറിയെ നോക്കുകുത്തിയാക്കിയെന്നാണ് വിമര്‍ശനം. ഈ വിമര്‍ശനത്തിന് കൂടുതല്‍ കരുത്തേകുന്നതാണ് ആലപ്പുഴ സമ്മേളനം. വിഭാഗീയതകള്‍ ശക്തമായ ജില്ലയില്‍ പാര്‍ട്ടി കൂടുതല്‍ അച്ചടക്കത്തോടെ പോകണമെന്നാണ് പിണറായിയുടെ നിലപാട്. അതുകൊണ്ട് കൂടിയാണ് പിണറായി കളം നിറഞ്ഞു കളിച്ചതും.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ മാത്രമാണ് എം.വി. ഗോവിന്ദന്‍ പ്രസംഗിച്ചത്. പ്രമുഖ സിപിഎം നേതാവായ ജി. സുധാകരന്റെ അഭാവവും ചര്‍ച്ചയായിരുന്നു. സമ്മേളനത്തിന് ക്ഷണിച്ചിട്ടില്ലെന്നാണ് ജി. സുധാകരന്റെ വിശദീകരണം. നേരത്തെ ഏരിയ സമ്മേളനങ്ങളിലും അദ്ദേഹത്തിന് ക്ഷണം ഉണ്ടായിരുന്നില്ല. ജി. സുധാകരന്‍ പങ്കെടുക്കാത്ത ആദ്യത്തെ ജില്ലാ സമ്മേളനമാണിത്.
അതേസമയം, ആര്‍. നാസര്‍ തന്നെയാണ് മൂന്നാം തവണയും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. യു. പ്രതിഭ എംഎല്‍എ ഉള്‍പ്പടെ നാലുപേരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അഞ്ചുപേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. 46 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുരേന്ദ്രന്‍, മാരാരിക്കുളം ഏരിയ സെക്രട്ടറി സി. രഘുനാഥ് എന്നിവരെയും പുതിയതായി ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എം. സുരേന്ദ്രന്‍, ജി. വേണുഗോപാല്‍ എന്നിവരെ പ്രായപരിധി കണക്കിലെടുത്ത് ഒഴിവാക്കി. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന എന്‍. ശിവദാസനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ കായംകുളം ഏരിയ കമ്മിറ്റിയില്‍ നിന്നും ശിവദാസനെ ഒഴിവാക്കിയിരുന്നു. ജലജ ചന്ദ്രനെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പൊതുസമ്മേളനത്തില്‍ യുഡിഎഫിനെ വിമര്‍ശിച്ചു കൊണ്ടാണ് പിറണായി സംസാരിച്ചതും. 2011- 16 വരെ ഒരു ദുരന്തവും കേരളത്തില്‍ ഉണ്ടായില്ല.എന്നാല്‍ യുഡി എഫ് ഭരണം എന്ന ദുരന്തമുണ്ടായെന്ന് പിണറായി പരിഹസിച്ചു. നാഷണല്‍ ഹൈവേ നിര്‍മ്മാണത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ യുഡിഎഫിന് കഴിഞ്ഞില്ല. എല്‍ഡിഎഫ് അത് നടപ്പാക്കി.യുഡിഎഫ് ഉം എല്‍ഡിഎഫ് ഉം തമ്മിലുള്ള വ്യത്യാസം ഇതാണ്.ഇപ്പോള്‍ എല്ലാം ഭംഗിയായി നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ആലപ്പുഴയില്‍ സിപിഎം കുതിച്ചുയരും.സമ്മേളനത്തിന്റെ പൊതു വികാരം അതായിരുന്നു.ആരോഗ്യപരമായ ചര്‍ച്ചകളാണ് സമ്മേളനത്തില്‍ നടന്നത്.ഒരു തരത്തിലുമുള്ള അനാരോഗ്യ പ്രവണതയും സമ്മേളനത്തിലുണ്ടായില്ല.സംഘടനയ്ക്ക് അഭിമാനിക്കാവുന്ന സമ്മേളനം ആണ് നടന്നത്.മുന്‍പ് പാര്‍ട്ടിക്കകത്ത് വിവിധ തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു അത് വഴി വലതുപക്ഷ മാധ്യമങ്ങള്‍ ഈ പാര്‍ട്ടിയെ തകര്‍ക്കാം എന്ന് മോഹിച്ചു നടന്നിരുന്നു.എന്നാല്‍ തെറ്റായ പ്രവണത തിരുത്തി മുന്നോട്ട് പോകാന്‍ പാര്‍ട്ടിക്കായി
ഇന്നത്തെ രാഷ്ട്രീയ സാഹചര്യം ഇടതിന് ആശങ്കയുണ്ടാക്കുന്നു.വലതുപക്ഷ ശക്തികള്‍ രൂക്ഷമായ ആക്രമണം അഴിച്ചു വിടുന്നു.ഇടതുപക്ഷത്തിന് മാത്രമേ രാജ്യത്ത് നടപ്പായിവരുന്ന തെറ്റായ കാര്യങ്ങളെ എതിര്‍ക്കാനാകൂ.ഏതോ കാലത്ത് സമ്മേളനം നടത്തുന്ന പാര്‍ട്ടികളെ ജനാധിപത്യ പാര്‍ട്ടികള്‍ എന്നു പറയുന്നു.കൃത്യമായ ഇടവേളയില്‍ സമ്മേളനവും തിരഞ്ഞെടുപ്പും നടത്തുന്ന ഇജങ നെ ജനാധിപത്യ പാര്‍ട്ടി എന്നു വിളിക്കുന്നില്ല.കൃത്യമായ ജനാധിപത്യ പ്രക്രിയ നടത്തുന്ന സിപിഎമ്മിനെ അങ്ങിനെ വിശേഷിപ്പിക്കാന്‍ മടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അകറ്റി നിര്‍ത്തേണ്ട വര്‍ഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുന്നുവെന്ന് പിണറായി വിജയന്‍ ജില്ലാ സമ്മേളനത്തിലും ആവര്‍ത്തിച്ചു. വര്‍ഗീയ ശക്തികളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ല. വര്‍ഗീയതയെ അകറ്റി നിര്‍ത്തണം. ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയത ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി നിരീക്ഷിച്ചു. ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്നു. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാനാവില്ല മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയെ കൂട്ടുപിടിച്ചായാലും തല്‍ക്കാലം കുറച്ചു വോട്ടും നാലു സീറ്റും എന്നതാണ് യുഡിഎഫ് രീതിയെന്ന് പിണറായി പറഞ്ഞു. യുഡിഎഫിന്റെ പാലക്കാട്ടെ വിജയം ആദ്യം ആഘോഷിച്ചത് എസ്ഡിപിഐയാണ്. ഇതെങ്ങനെ സംഭവിക്കുന്നു എന്ന് ആലോചിക്കണം. ജമാഅത്തെ, എസ്ഡിപിഐ എന്നിവരുമായിട്ടാണ് ഇപ്പോള്‍ ലീഗിന്റെ കൂട്ട്. ലീഗിന്റെ കാര്യങ്ങള്‍ ഇപ്പോള്‍ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും പിണറായി പറഞ്ഞു. മുസ്ലീം ലീഗിന്റേത് ആത്മഹത്യാപരമായ നിലപാടാണെന്നും ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും കൂടെ കൂട്ടുന്നത് ലീഗിനെ നാശത്തിലേക്ക് കൊണ്ടുപോകുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.