ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിന്ന് കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ സിപിഎം തീരുമാനിച്ചു; വി.എസും നായനാരും ഈ രാഷ്ട്രീയ തീരുമാനത്തില്‍ പങ്കാളിയായെന്ന് പിണറായി പറഞ്ഞു; ശ്രമം വിഎസിന്റെ മേല്‍ ചെളി പുരട്ടാന്‍; കേരളത്തില്‍ പാര്‍ട്ടിക്കാര്‍ അറിയേണ്ടാത്ത രഹസ്യങ്ങളായിരുന്നു നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്; വെളിപ്പെടുത്തി പിരപ്പന്‍കോട് മുരളി

വെളിപ്പെടുത്തി പിരപ്പന്‍കോട് മുരളി

Update: 2025-09-04 02:54 GMT

തിരുവനന്തപുരം: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കാന്‍ സിപിഎം രാഷ്ട്രീയമായി തീരുമാനിച്ചതാണെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന സിപിഎം നേതാവ് പിരപ്പന്‍കോട് മുരളി. വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രപുസ്തകത്തിലാണ് പിരപ്പന്‍കോട് മുരളിയൂടെ വെളിപ്പെടുത്തല്‍. വി.എസും നായനാരും ചടയന്‍ ഗോവിന്ദനും പങ്കാളിയായാണ് ഈ തീരുമാനമെടുത്തതെന്ന് പിണറായി വിജയന്‍ പാര്‍ട്ടിസമ്മേളനത്തില്‍ വിശദീകരിച്ചെന്നാണ് വെളിപ്പെടുത്തല്‍.

തന്റെമേല്‍ പുരണ്ടിരിക്കുന്ന ചെളി കുറച്ച് അച്യുതാനന്ദന്റെ മേലും പുരട്ടുകയെന്നതായിരുന്നു ഇതിലൂടെ പിണറായി ലക്ഷ്യമിട്ടതെന്നും പുസ്തകത്തില്‍ സിപിഎം നേതാവ് പറയുന്നു. മലപ്പുറം സമ്മേളനത്തിന് മുന്നോടിയായി ചേര്‍ന്ന തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ നിശിതവിമര്‍ശനമാണ് പിണറായി നേരിട്ടത്. കൊല്ലം ജില്ലാസമ്മേളനത്തില്‍ അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി, ഐസ്‌ക്രീം പാര്‍ലര്‍കേസിന്റെ കാര്യം പറഞ്ഞു. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പെണ്‍വാണിഭക്കേസില്‍നിന്ന് ഒഴിവാക്കാനുള്ള രാഷ്ട്രീയ തീരുമാനമെടുക്കുന്നതില്‍ അച്യുതാനന്ദനും പങ്കാളിയായിരുന്നുവെന്നാണ് അന്ന് പിണറായി വെളിപ്പെടുത്തിയതെന്നാണ് മുരളി പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ചടയന്‍ ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോഴായിരുന്നു ഇതെന്നും പിണറായി പറഞ്ഞു. സമ്മേളനത്തിനുമുന്നോടിയായി ചേര്‍ന്ന സംസ്ഥാനസമിതിയില്‍ ഈ വിഷയത്തെപ്പറ്റി ബഹുഭൂരിപക്ഷം അംഗങ്ങളും വിജയനും പി. ശശിക്കും എതിരേ ആക്ഷേപം ചൊരിഞ്ഞപ്പോള്‍ കാര്യമായ ഒരു മറുപടിയും നല്‍കാനായില്ലെന്നും പുസ്തകത്തിലുണ്ട്.

സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്‍ 1998 സപ്തംബര്‍ ഒന്‍പതിനാണ് അന്തരിക്കുന്നത്. പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കുന്നത് സപ്തംബര്‍ 24, 25 തീയതികളില്‍ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി യോഗമാണ്. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ഉപദേശമടങ്ങിയ റിപ്പോര്‍ട്ട് അന്നത്തെ അഡ്വക്കറ്റ് ജനറല്‍ എം.കെ. ദാമോദരന്‍ സര്‍ക്കാരിന് നല്‍കുന്നത് നവംബര്‍ 28-നാണ്. അതിന് എട്ടുമാസംമുന്‍പ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. കല്ലട സുകുമാരന്‍ കുഞ്ഞാലിക്കുട്ടിയെ ഈ കേസില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

പരസ്പരവിരുദ്ധമായ രണ്ട് റിപ്പോര്‍ട്ടുകള്‍ കിട്ടിയപ്പോള്‍ ദാമോദരന്റെ റിപ്പോര്‍ട്ട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി നായനാരും ചടയന്‍ ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ വി.എസ്. അച്യുതാനന്ദനും യോഗം ചേര്‍ന്നു തീരുമാനിച്ചുവെന്നാണ് പിണറായി വിജയന്‍ പറഞ്ഞത്. ചടയന്റെ മരണശേഷം നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ തീരുമാനമെടുക്കാന്‍ കൂടിയ യോഗത്തില്‍ അന്തരിച്ച ചടയന്‍ എങ്ങനെ പങ്കെടുക്കുമെന്ന ചോദ്യത്തിന് വിജയന്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'കേരളത്തില്‍ പാര്‍ട്ടിക്കാര്‍ അറിയേണ്ടാത്ത രഹസ്യങ്ങളായിരുന്നു നേതാക്കള്‍ക്ക് ഉണ്ടായിരുന്നത്. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍നിന്ന് ഒഴിവാക്കിയതും പി.ജെ. കുര്യന്‍ സൂര്യനെല്ലി കേസില്‍ പ്രതിയല്ലാതായതും അത്തരത്തില്‍ പാര്‍ട്ടിക്കാര്‍ അറിയേണ്ടാത്ത രഹസ്യങ്ങളാണ്' -പുസ്തകത്തില്‍ പറയുന്നു.

1991ല്‍ ആലപ്പുഴയിലെ ഏറ്റവും ശക്തനായ നേതാവായിരുന്ന ഡി. സുഗതനെ പതിനായിരത്തോളം വോട്ടിനു തോല്‍പിച്ച വി.എസ് 1996-ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൂടെ നിന്നവര്‍ തോല്‍പിച്ചതാണെന്ന് പുസ്തകരചയിതാവ് പറയുന്നു. 1996-ല്‍ ഒരു വനിതയാവട്ടെ മുഖ്യമന്ത്രി എന്ന അഭിപ്രായം വി.എസ് വിരുദ്ധര്‍ മുന്നോട്ടുവെച്ചത് വി.എസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കാനായിരുന്നുവെന്നും പിരപ്പന്‍കോട് മുരളി പുസ്തകത്തില്‍ സ്ഥാപിക്കുന്നു. ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പറും ട്രേഡ് യൂണിയന്‍ നേതാവും വി.എസ്സിന്റെ സ്ഥിരം വിമര്‍ശകനുമായിരുന്ന ടി.കെ. പളനിയെ വി.എസ്സിന്റ തിരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയും ചീഫ് ഇലക്ടറല്‍ ഏജന്റുമാക്കിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ളള സാധ്യത അനായാസമാക്കിയെന്നും പുസ്തകത്തില്‍ പറയുന്നു.

മാരാരിക്കുളത്ത് കരുതിക്കൂട്ടിയാണ് വി.എസ്സിനെ തോല്‍പിച്ചതെന്നും പാര്‍ട്ടി സംസ്ഥാന കമ്മറ്റി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ കൂടിയ യോഗത്തില്‍ സുശീല ഗോപാലന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും ഉടന്‍ തന്നെ ഇ.കെ നായനാരുടെ പേരും നിര്‍ദ്ദേശിക്കപ്പെടുകയും ആ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന, എം.എല്‍.എ ആവാതിരുന്ന ഇ.കെ നായനാര്‍ രണ്ടു വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടുവെന്നും പിരപ്പന്‍കോട് മുരളി വ്യക്തമാക്കുന്നു.

ജനകീയസമരങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത ഉറച്ച കമ്യൂണിസിറ്റുകാരനായിരുന്നു വി.എസ് എന്ന് അദ്ദേഹത്തിന്റെ നിലപാടുകളുടെയും സമരങ്ങളുടെയും ചരിത്രം മുന്‍നിര്‍ത്തിക്കൊണ്ട് ഗ്രന്ഥകാരന്‍ പ്രസ്താവിക്കുന്നു. ഇടമലയാര്‍ കേസ്, കോഴിക്കോഴ, മതികെട്ടാന്‍മല, മുത്തങ്ങസമരം, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം, പൂയംകുട്ടി വനം കൈയേറ്റം, തുടങ്ങിയ വിഷയങ്ങളില്‍ വി.എസ് എടുത്ത നിലപാടുകളും വിട്ടുവീഴ്ചയില്ലാത്ത നടപടികളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

തുടര്‍ച്ചയായി പാര്‍ട്ടി നേതൃത്വത്തോട് ഇടയേണ്ടി വന്ന വി.എസിന്റെ നിലപാടുകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ പാര്‍ട്ടി സെക്രട്ടേറിയേറ്റ് തീരുമാനിച്ചത് സ്ഥാനാര്‍ഥിത്വം വിലക്കിക്കൊണ്ടായിരുന്നുവെന്നും അതിനു കാരണമായി നിരത്തിയത് വി.എസ് ന്യൂനപക്ഷവിരുദ്ധനും വികസനവിരുദ്ധനുമാണെന്ന് സ്ഥാപിച്ചു കൊണ്ടായിരുന്നുവെന്നും പിരപ്പന്‍കോട് മുരളി ആരോപിക്കുന്നു. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയുടെ തീരുമാനത്തെ അട്ടിമറിച്ച ജനരോഷവും ഒടുക്കം വി.എസ്സിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി എത്തിച്ചേര്‍ന്നതിനെക്കുറിച്ചും മലമ്പുഴയില്‍ മത്സരിപ്പിച്ചതിനെക്കുറിച്ചും പുസ്തകത്തില്‍ വിവിധ പത്രങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സഹിതം വ്യക്തമാക്കുന്നുണ്ട്. 'വി.എസ് കമ്യൂണിസ്റ്റ് മനുഷ്യാവതാരം' പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വെളിപ്പെടുത്തലുകള്‍ക്കുമാണ് വഴിതെളിച്ചിരിക്കുന്നത്.


തിരുവോണം പ്രമാണിച്ച് നാളെ (5.09.2025) ഓഫീസിന് അവധി ആയതിനാല്‍ മറുനാടന്‍ മലയാളിയില്‍ വാര്‍ത്തകള്‍ അപ്ഡേറ്റ് ചെയ്യുന്നതല്ല. പ്രിയ വായനക്കാര്‍ക്ക് ഹൃദയം നിറഞ്ഞ ഓണാശംസകള്‍- എഡിറ്റര്‍.

Tags:    

Similar News