'കേരളം കീഴടങ്ങരുതായിരുന്നു, സി.പി.എം മുന്നണി മര്യാദ ലംഘിച്ചു'; പി.എം ശ്രീയില്‍ സി.പി.ഐക്കു പിന്നാലെ പരസ്യ എതിര്‍പ്പുമായി ആര്‍.ജെ.ഡിയും
'കേരളം കീഴടങ്ങരുതായിരുന്നു, സി.പി.എം മുന്നണി മര്യാദ ലംഘിച്ചു'
തിരുവനന്തപുരം: സി.പി.ഐക്കു പിന്നാലെ പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ തീരുമാനത്തെ തള്ളി ആര്‍.ജെ.ഡിയും. വിഷയം മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, പദ്ധതി ഏകപക്ഷീയമായി നടപ്പാക്കുകയായിരുന്നു. കേരളം കീഴടങ്ങരുതായിരുന്നുവെന്ന് സര്‍ക്കാര്‍ നിലപാടില്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ച് ആര്‍.ജെ.ഡി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. ഘടകകക്ഷികള്‍ പരസ്യമായി ഇടഞ്ഞ് രംഗത്തുവരുന്നതോടെ ഇടതുമുന്നണിയില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്.
പി.എം. ശ്രീ പദ്ധതി ഒപ്പിടുന്നതിന് മുമ്പ് സംസ്ഥാന ഗവണ്‍മെന്റ് സുപ്രീംകോടതിയെ സമീപിക്കണമായിരുന്നു. വിദ്യാഭ്യാസം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതാണ്. കേന്ദ്രത്തിനും സംസ്ഥാനത്തിനും നിയമനിര്‍മാണം നടത്താനാവും. പദ്ധതി ഏകപക്ഷീയമായി നടപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെടുമ്പോള്‍ അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കണമായിരുന്നു.
നിലവില്‍, പക്ഷേ പദ്ധതിക്കായി ഒപ്പിട്ടിരിക്കുകയാണ്. ആര്‍.ജെ.ഡി ദേശീയ വിദ്യഭ്യാസ നയം അംഗീകരിക്കുന്നില്ല. രാജ്യത്തെ സംസ്ഥാനങ്ങളോട് ഒരു കൂടിയാലോചനയും നടത്താതെയാണ് കേന്ദ്രം നയം രൂപവത്കരിച്ചത്. അങ്ങേയറ്റം പ്രതിലോമകരവും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
കേരളത്തില്‍ പൊതുവിദ്യാഭ്യാസം വളര്‍ത്തിയത് കേന്ദ്രസഹായം കൊണ്ടൊന്നുമല്ല. സമീപകാലത്ത് മാത്രമാണ് അത് കേരളത്തിന് ലഭിച്ചുതുടങ്ങിയത്. സംസ്ഥാനത്ത് പുരോഗമനപരവും ജനാധിപത്യ മതനിരപേക്ഷവുമായ ഒരുപൊതുവിദ്യാഭ്യാസം വളര്‍ത്തിയെടുത്തത് ഇവിടുത്തെ മത നവേത്ഥാന പ്രസ്ഥാനങ്ങളുടെയും ഗവണ്‍മെന്റുകളുടെയും പൗരസമൂഹത്തിന്റെയും പിന്തുണയോടുകൂടിയാണ്.
1,500 കോടി രൂപക്ക് വേണ്ടി പദ്ധതിയില്‍ ഒപ്പിടുമ്പോള്‍ നമ്മള്‍ ചരിത്രം വിസ്മരിക്കാന്‍ പാടില്ല. ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുമ്പോള്‍ അതിനെതിരെ നിലകൊള്ളുന്നുവെന്ന് രാജ്യത്തെ ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ഒരുഗവണ്‍മെന്റല്ലേ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്.
കേരളം കീഴടങ്ങരുതായിരുന്നു. രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ കേരളത്തിലെ ഇടതുപക്ഷ മുന്നണി സര്‍ക്കാറിന്റെ തീരുമാനത്തെ ഉറ്റുനോക്കുന്നുണ്ടായിരുന്നു. നയപരമായ പ്രശ്‌നങ്ങള്‍ ആദ്യം മുന്നണിയില്‍ ചര്‍ച്ച ചെയ്തശേഷം ഗവണ്‍മെന്റില്‍ വരണമെന്നായിരുന്നു ആര്‍.ജെ.ഡി നിലപാട്. അതാണല്ലോ മുന്നണിയുടെ രീതി. പി.എം ശ്രീ പദ്ധതി മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ഇതുവരെ മുന്നണിയുടെ അച്ചടക്കം പാലിച്ച് ആര്‍.ജെ.ഡി പരസ്യപ്രസ്താവനക്ക് മുതിരാതിരുന്നത്. നിലവില്‍, ഗവണ്‍മെന്റ് തീരുമാനിച്ച് ധാരണാപത്രത്തില്‍ ഒപ്പിട്ട സ്ഥിതിക്ക് നിലപാട് പറയാതിരിക്കാന്‍ നിവൃത്തിയില്ലെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
