പിഎംശ്രീ പദ്ധതിയില്‍ കടുത്ത അതൃപ്തിയില്‍ സിപിഐ; മന്ത്രിമാരെ പിന്‍വലിക്കണമെന്ന് വരെ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം; മറ്റ് ഘടകകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ സിപിഐ; പഠിച്ചിട്ട് പ്രതികരിക്കാം എന്നു പറഞ്ഞ് ഒഴിഞ്ഞ് എല്‍ഡിഎഫ് കണ്‍വീനര്‍; പി എം ശ്രീയില്‍ മുന്നണിയില്‍ പ്രതിസന്ധി
പിഎംശ്രീ പദ്ധതിയില്‍ കടുത്ത അതൃപ്തിയില്‍ സിപിഐ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി ഇടതു മുന്നണിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്ന വിഷയമായി മാറിയിരിക്കയാണ്. സിപിഐയുടെ എതിര്‍പ്പിന് പുല്ലുവിലകല്‍പിച്ച് പിഎംശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ വിദ്യാഭ്യാസവകുപ്പ് ഒപ്പിട്ടതോടെ സിപിഐ ശരിക്കും പെട്ടിരിക്കയാണ്. കടുത്തനിലപാടുകള്‍ സ്വീകരിക്കാനുള്ള കരുത്ത് ഇപ്പോള്‍ പാര്‍ട്ടിക്കില്ല. മൂന്നുതവണ മന്ത്രിസഭയിലും മാധ്യമങ്ങളിലൂടെ പരസ്യമായും ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. ഭാഗമാകണമെന്ന് വിദ്യാഭ്യാസമന്ത്രി നിലപാടെടുത്തപ്പോള്‍ എതിര്‍പ്പ് കടുപ്പിച്ച് പരസ്യമായി ഇറങ്ങിയതുമാണ്. എന്നാല്‍, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയുടെ എതിര്‍പ്പിന് ഒരുവിലയും കല്‍പിക്കാതെ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് സിപിഐക്ക് നാണക്കേടായി.
ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്യും. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമായി ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. പ്രതിഷേധം കണക്കിലെടുക്കാതെ ധാരണാപത്രത്തില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ പൊതുവികാരം. മുഖ്യമന്ത്രിയെ കണ്ട് എതിര്‍പ്പ് അറിയിക്കാനാണ് സിപിഐ നേതാക്കളുടെ നീക്കം. മറ്റ് ഘടകകക്ഷികളുമായി സിപിഐ ചര്‍ച്ച നടത്തും. അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെക്കാന്‍ ഇടയായ സാഹചര്യം വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി വിശദീകരിക്കും. എന്‍ഇപി നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
വിദ്യാഭ്യാസവകുപ്പ് നടപടിയില്‍ പ്രതിഷേധിക്കാന്‍ എഐഎസ്എഫ് തീരുമാനിച്ചു. സര്‍ക്കാര്‍ നടപടി വഞ്ചനാപരമായ നിലപാട് എന്നാണ് എഐഎസ്എഫ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ തുറന്നടിച്ചത്. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിക്കെതിരെ തെരുവില്‍ സമരം നടത്തുമെന്ന് എഐഎസ്എഫ് അറിയിച്ചു. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പ് വെച്ചതിനെതിരെ ഇന്ന് വ്യാപക പ്രതിഷേധത്തിനാണ് എംഎസ്എഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്, കാമ്പസ് തലങ്ങളില്‍ പ്രതിഷേധ പ്രകടനത്തിനും മുഖ്യമന്ത്രിയുടെ കോലം കത്തിക്കാനും എം.എസ്.എഫ്.സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ആഹ്വാനം ചെയ്തു.
അതേസമയം വിഷയത്തില്‍ പ്രതികരിക്കാതിരിക്കയാണ് എല്‍ഡിഎഫ് കണ്‍വീനര്‍. പഠിച്ചിട്ട് പ്രതികരിക്കാമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്. ഇതിനിടെ മുന്നണിയിലെ മറ്റ് ഘടകകക്ഷികളുമായി വിഷയം ചര്‍ച്ച ചെയ്യാനും സിപിഐ സാധ്യത തേടുന്നുണ്ട്. മന്ത്രിസഭായോഗത്തില്‍ പദ്ധതി രണ്ടുതവണ അജന്‍ഡയായപ്പോള്‍ സിപിഐ മന്ത്രിമാര്‍ എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. എന്നാല്‍, മുന്നണിയില്‍ അത് ചര്‍ച്ചചെയ്തില്ല. അതിനുമുന്‍പേ, വിദ്യാഭ്യാസമന്ത്രി പദ്ധതിക്ക് അനുകൂലനിലപാടെടുത്തു. ഇതോടെയാണ് അജന്‍ഡയിലില്ലാതിരുന്നിട്ടും ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ മന്ത്രി കെ. രാജന്‍ ഈ വിഷയം ഉന്നയിച്ചത്. അപ്പോഴും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഒരു മറുപടിയും നല്‍കിയില്ല.
പദ്ധതിക്കെതിരേ ശക്തമായ നിലപാട് പരസ്യമായെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, വിയോജിപ്പ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പദ്ധതിയുമായി മുന്നോട്ടുപോകാനാണ് വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുള്ളതെന്നകാര്യം അദ്ദേഹത്തെ എം.വി. ഗോവിന്ദന്‍ അറിയിച്ചിട്ടില്ല. സിപിഐയുടെ ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മുന്നണി അക്കാര്യം പരിശോധിക്കുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി പറഞ്ഞിരുന്നു. ആ വാക്കിന്റെ ആശ്വാസവും സിപിഐക്ക് ലഭിച്ചില്ല.
ഇടതുമുന്നണിയില്‍ ഒരു തിരുത്തല്‍ശക്തിയായി നിലകൊള്ളുമെന്ന സിപിഐയുടെ അവകാശവാദത്തെക്കൂടിയാണ് സിപിഎം ഇപ്പോള്‍ തിരുത്തുന്നത്. ഒന്നാം പിണറായി സര്‍ക്കാരില്‍ ആരോപണവിധേയനായ തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന സിപിഐയുടെ ആവശ്യം തുടക്കത്തില്‍ മുഖ്യമന്ത്രി മുഖവിലയ്ക്കെടുത്തില്ല. മന്ത്രിമാരെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാതെ മാറ്റിനിര്‍ത്തി കാനം രാജേന്ദ്രന്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് മുഖ്യമന്ത്രിയെപ്പോലും ഞെട്ടിച്ചതാണ്. മുന്നണിയില്‍ ചര്‍ച്ചചെയ്യാതെ പോലീസ് കമ്മിഷണറേറ്റ് രൂപവത്കരിക്കാനുള്ള തീരുമാനത്തെയും കാനം തിരുത്തിച്ചതാണ്.
എന്നാല്‍, പിന്നീട് കഥമാറി. സ്വകാര്യ മദ്യക്കമ്പനിക്ക് അനുമതിനല്‍കരുതെന്ന് സിപിഐ ആവശ്യപ്പെട്ടപ്പോള്‍, മുന്നണിയില്‍ ഭൂരിപക്ഷകക്ഷികളുടെ പിന്തുണകാണിച്ചാണ് സിപിഎം അതിനെ തള്ളിയത്. ഇപ്പോള്‍ പിഎംശ്രീയിലും അവഗണിച്ച് നിശ്ശബ്ദമാക്കി. ഇതിലെടുക്കുന്ന നിലപാട് എന്താകുമെന്നതാണ് സിപിഐയെ രാഷ്ട്രീയമായി അടയാളപ്പെടുത്തുക.
ഇടതുപക്ഷത്തിന്റെ നയത്തില്‍നിന്ന് വ്യതിചലിച്ചാണ് സര്‍ക്കാര്‍ പോകുന്നതെങ്കില്‍ സിപിഐയുടെ മന്ത്രിമാരെ പിന്‍വലിക്കണമെന്ന് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ ആവശ്യം. പദ്ധതി ഒപ്പിട്ടവിവരം അറിയുംമുന്‍പ് വ്യാഴാഴ്ച ചേര്‍ന്ന യോഗത്തില്‍ അജിത് കൊളാടിയാണ് ഇത്തരമൊരുകാര്യം ഉന്നയിച്ചത്. ഒരുവിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നായിരുന്നു ബിനോയ് വിശ്വം യോഗത്തില്‍ അറിയിച്ചത്.
