സ്ത്രീയും പുരുഷനും തുല്യരല്ല, ഇത് ലോകം അംഗീകരിച്ചിട്ടില്ല; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കല്‍; സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നത്; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം
സ്ത്രീയും പുരുഷനും തുല്യരല്ല, ഇത് ലോകം അംഗീകരിച്ചിട്ടില്ല;
മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ലെന്ന വിവാദ പരാമര്‍ശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്. സമൂഹത്തില്‍ കയ്യടി കിട്ടാനാണ് ഈ വാദം ചിലര്‍ ഉയര്‍ത്തുന്നതെന്നും പി.എം.എ സലാം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീക്ക് സാമൂഹിക നീതിയാണ് വേണ്ടത്. സ്ത്രീ പുരുഷ തുല്യതയല്ല, ലിംഗ നീതിയാണ് ലീഗിന്റെ നിലപാടെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു. ''പ്രായോഗികമല്ലാത്ത, മനുഷ്യന്റെ യുക്തിക്ക് എതിരായ വാദങ്ങള്‍ എന്തിനാണ് കൊണ്ടുവരുന്നത്. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാന്‍ കഴിയുമോ. ഇത് ലോകം അംഗീകരിച്ചിട്ടുണ്ടോ,'' അദ്ദേഹം ചോദിച്ചു.
ഒളിമ്പിക്സില്‍ പോലും സ്ത്രീകള്‍ക്ക് വേറെ മത്സരമാണ്. ബസില്‍ പ്രത്യേക സീറ്റുകളാണ്. ഇതെല്ലാം രണ്ടും വ്യത്യസ്തമായത് കൊണ്ടല്ലേയെന്നും സലാം ചോദിച്ചു. അതേസമയം മതനേതാക്കള്‍ പോലും പറയാത്ത കാര്യങ്ങളാണ് സലാം പറയുന്നതെന്നും ഇത് ലീഗിന്റെ നിലപാടാണോ എന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്നും സലാമിന്റെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ വിമര്‍ശനമുയരുന്നുണ്ട്.
കാന്തപുരം വിഭാഗവുമായോ മറ്റേതെങ്കിലും വിഭാഗങ്ങളുമായോ മുസ്‌ലിം ലീഗിന് എതിര്‍പ്പില്ലെന്നും സലാം പറഞ്ഞു. ആരുമായും ഭിന്നിപ്പില്ല. മുസ്‌ലിം ലീഗ് വെറുതെ ഒരു കൂട്ടരെ ശത്രുക്കളായൊന്നും കരുതാറില്ല. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കോ അതുപോലുള്ള ഏത് പണ്ഡിതനോ അവരവരുടെ അഭിപ്രായം പറയാനുള്ള അവകാശമുണ്ട്. മുസ്‌ലിം സമുദായത്തിലെ മാത്രമല്ല, ഏത് സമുദായത്തിന്റെ ആചാര്യനും അവരുടെ അഭിപ്രായം പറയാം. നമ്മളതിനോട് യോജിക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യമെന്നും സലാം പറഞ്ഞു.
ഒരു മതത്തിന്റെ അഭിപ്രായം പറയാന്‍ ഇന്ത്യന്‍ ഭരണ ഘടന എല്ലാ മത നേതാക്കള്‍ക്കും ഏതൊരു വ്യക്തിക്കും അവകാശം കൊടുക്കുന്നുണ്ട്. ആ അവകാശം അദ്ദേഹം ഉപയോഗിക്കുമ്പോള്‍ അതിന്റെ മേലെ കയറുന്നതെന്തിനാണ് അദ്ദേഹത്തിന്റെ അനുയായികളോട് അദ്ദേഹത്തിന്റെ അഭിപ്രായം പറയുകയാണ്. ഞാന്‍ നാളെ പോത്തുകല്ലിലെ ബൈത്തുര്‍റഹ്‌മ ചടങ്ങില്‍ പങ്കെടുക്കണമെന്ന് എല്ലാവരോടും പറയുമ്പോള്‍ അതിനെ മറ്റുള്ളവര്‍ എന്തിനാണ് എതിര്‍ക്കുന്നത് അദ്ദേഹം മതപരമായ അഭിപ്രായമാണ് പറഞ്ഞത്. മുസ്‌ലിം ലീഗ് മതപരമായ അഭിപ്രായം പറയാറില്ല. രാഷ്ട്രീയമായ അഭിപ്രായമേ പറയുകയുള്ളൂ. മുസ്‌ലിം ലീഗ് മതസംഘടനയല്ല, രാഷ്ട്രീയ പാര്‍ട്ടിയാണ്. ഇതില്‍ എല്ലാ മത വിഭാഗങ്ങളുമുണ്ട്, എല്ലാ മതക്കാരുമുണ്ട്.
കാന്തപുരത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്. സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ ഇറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നായിരുന്നു ഗോവിന്ദന്റെ അഭിപ്രായം. ശാഠ്യം പിടിക്കുന്നവര്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്നും അത്തരക്കാര്‍ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകേണ്ടി വരുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചിരുന്നു.
എം.വി. ഗോവിന്ദന്റെ വിമര്‍ശനത്തെ പരിഹസിച്ച് രംഗത്തെത്തിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ കണ്ണൂര്‍ ജില്ലയിലെ 18 സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറിമാരില്‍ ഒരു സ്ത്രീ പോലുമില്ലെന്നും ഇസ്ലാമിന്റെ നിയമങ്ങള്‍ പണ്ഡിതന്മാര്‍ പറയുമെന്നും മറുപടി നല്‍കി. ഇതിനുപക്ഷേ, എം.വി. ഗോവിന്ദന്‍ മറുപടി പറഞ്ഞില്ല.
കഴിഞ്ഞ ദിവസം സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ കാന്തപുരത്തിന് പരോക്ഷ മറുപടി നല്‍കി. ജില്ലയില്‍ ആകെ അംഗങ്ങളില്‍ 32.99 ശതമാനം വനിതകളാണെന്നും മൂന്ന് വര്‍ഷത്തിനിടെ സ്ത്രീകളുടെ അംഗത്വത്തില്‍ അഞ്ച് ശതമാനം വര്‍ധിച്ചുവെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ആകെയുളള 4421 ബ്രാഞ്ചുകളില്‍ 242 സെക്രട്ടറിമാരും വനിതകളാണെന്നും വിശദീകരിച്ചു. കണ്ണൂരിലെ ഏരിയ കമ്മിറ്റി സെക്രട്ടറിമാരുടെ എണ്ണത്തില്‍ ജയരാജന്‍ പക്ഷേ, അക്കമിട്ട് മറുപടി പറഞ്ഞില്ല.