ഭര്‍ത്താവിന്റെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ട്; പത്രിക സ്വീകരിക്കരുതെന്ന ബിജെപിയുടെ എതിര്‍പ്പ് തള്ളി; പിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു
ഭര്‍ത്താവിന്റെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ട്;
കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു. നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക തള്ളണമെന്നുമുള്ളള ബിജെപിയുടെ ആവശ്യമാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ തള്ളിയത്.
വാധ്രയുടെ മൊത്തം ആസ്തി പത്രികയില്‍ വെളിപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയതും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ആക്ഷേപം. 65.55 കോടി രൂപയാണ് വാധ്രയുടെ ആസ്തിയായി പ്രിയങ്കയുടെ നാമനിര്‍ദേശ പത്രികയിലുള്ളത്. എന്നാല്‍ 2010 -21 കാലയളവില്‍ ആദായനികുതി വകുപ്പ് വാധ്രയ്ക്ക് 80 കോടി രൂപയോളം നികുതി ചുമത്തിയിട്ടുണ്ട്. അതില്‍ 2019-20ല്‍മാത്രം 24.16 കോടിയാണ് നികുതി ചുമത്തിയത്. ആദായ നികുതിവകുപ്പ് ചുമത്തിയ നികുതിക്ക് ആനുപാതികമായ ആസ്തി വാധ്രയ്ക്കുണ്ടെന്നും അത് വെളിപ്പെടുത്തണമെന്നുമാണ് ബിജെപിയുടെ ആവശ്യം.
ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക പറയുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ഡല്‍ഹി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
അതേസമയം, രണ്ടാം ഘട്ട പ്രചാരണത്തിനായി പ്രിയങ്ക വയനാട്ടിലെത്തി. ഇന്നും നാളെയും പ്രിയങ്ക വയനാട്ടില്‍ ഉണ്ടാകും. മീനങ്ങാടിയിലായിരുന്നു ആദ്യപരിപാടി. താളൂര്‍ നീലഗിരി കോളജില്‍ 11.50 ഓടെയാണ് പ്രിയങ്കയുമായി ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. വയനാട്ടിലെ ജനങ്ങളെ സേവിക്കാനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വയനാട്ടിലെ ജനങ്ങളുടെ സ്നേഹത്തിന് നന്ദിയെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു.
2.30ന് പനമരം, 4.30ന് പൊഴുതന എന്നിവിടങ്ങളില്‍ യോഗങ്ങള്‍ നടക്കും. നാളെ 9.30ന് ഈങ്ങാപ്പുഴ, 12.30ന് തെരട്ടമ്മല്‍, 3ന് മമ്പാട്, 4.30ന് ചുങ്കത്തറ എന്നിവിടങ്ങളിലാണു യോഗം. തുടര്‍ന്ന് ഡല്‍ഹിയിലേക്കു തിരിക്കുന്ന പ്രിയങ്ക ദീപാവലിക്കു ശേഷം വയനാട്ടില്‍ വീണ്ടുമെത്തും.