'വയനാട്ടിലെ ജനങ്ങള്‍ ധൈര്യമുള്ളവര്‍; ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാട്ടത്തിന്റെ ചരിത്രം ഉള്ള നാട്; ജനപ്രതിനിധിയായി തിരഞ്ഞെടുത്താല്‍ വലിയ ആദരം'; മീനങ്ങാടിയില്‍ ആദ്യ യോഗത്തില്‍ പ്രിയങ്ക; ഇന്നും നാളെയും യോഗങ്ങളില്‍ പങ്കെടുക്കും
ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്ന് പ്രിയങ്ക
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച് വയനാട്ടിലെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് ആക്രമണം നടക്കുന്നുവെന്നും ഭരണഘടനയെ അട്ടിമറിക്കാനും ശ്രമം നടക്കുന്നതായും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. മണിപ്പൂരില്‍ ഉള്‍പ്പടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നു. വെറുപ്പിന്റെ രാഷ്ട്രീയം ഈ ഭരണകൂടം നടപ്പാക്കുന്നു. പ്രധാന മന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കനാണ് ഓരോ നയങ്ങളും. അത് ജനങ്ങള്‍ക്ക് വേണ്ടിയല്ല. കര്‍ഷകരോട് അനുതാപം ഇല്ലാത്ത സര്‍ക്കാരാണുള്ളത്. ആദിവാസി ഭൂമിപോലും സമ്പന്നര്‍ക്ക് കൈമാറുന്നുവെന്നും വിമര്‍ശിച്ചു.
ബിജെപി ഭരിക്കുമ്പോള്‍ സമുദായങ്ങള്‍ക്കിടയില്‍ ഭയം പടര്‍ന്നു പിടിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് വിവിധയിടങ്ങളില്‍ അക്രമം നടക്കുന്നു. ബിജെപി രാജ്യത്ത് ഭയം ആസൂത്രിതമായി പടര്‍ത്തുകയാണ്. ഭരണഘടനാ മൂല്യങ്ങള്‍ അട്ടിമറിക്കുന്നു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളെ സഹായിക്കാനാണ് നയങ്ങള്‍ രൂപീകരിക്കുന്നത്. ബിജെപിയുടെ നയങ്ങള്‍ സാധാരണക്കാര്‍ക്ക് ഉള്ളതല്ല.
വയനാടിന്റെ സ്‌നേഹത്തിന് കടപ്പാടുണ്ടെന്ന് പറഞ്ഞു തുടങ്ങിയ പ്രിയങ്ക വയനാട്ടിലെത്തിയപ്പോള്‍ ത്രേസ്യയെ കണ്ട അനുഭവവും പങ്കുവെച്ചു. തന്റെ അമ്മയും ത്രേസ്യയും ആലിംഗനം ചെയ്തത് ഒരുപോലെയാണെന്ന് തോന്നിയെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. നാമ നിര്‍ദേശ പത്രിക നല്‍കിയതിന് ശേഷമാണ് പ്രിയങ്ക ഇന്ന് വയനാട്ടിലെത്തിയത്. വയനാട്ടിലെ മീനങ്ങാടിയിലാണ് പ്രിയങ്കയുടെ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള പ്രസംഗം.
വയനാടിനെ പ്രതിനിധീകരിക്കുന്നതിലൂടെ ഇന്ത്യയിലെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുകയാണെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു. ജനപ്രതിനിധിയായി തിരഞ്ഞെടുത്താല്‍ അതെനിക്കു കിട്ടുന്ന ഏറ്റവും വലിയ ആദരവായി മാറുമെന്നും വയനാട് മീനങ്ങാടിയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രിയങ്ക പറഞ്ഞു. ഇന്നും നാളെയും പ്രിയങ്ക യോഗങ്ങളില്‍ പങ്കെടുക്കും. വയനാട്ടില്‍ പ്രിയങ്ക യുഡിഎഫ് സ്ഥാനാര്‍ഥിയായശേഷമുള്ള ആദ്യയോഗമായിരുന്നു മീനങ്ങാടിയിലേത്.
വയനാട്ടിലെ ജനങ്ങള്‍ ധൈര്യമുള്ളവരാണെന്ന് പ്രിയങ്ക പറഞ്ഞു. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയവരാണ് വയനാട്ടുകാര്‍. എല്ലാവരും മതസൗഹാര്‍ദത്തോടെ ജീവിക്കുന്ന നാടാണിത്. ഇവിടെ മൂല്യങ്ങള്‍ ശക്തമാണ്. നിങ്ങള്‍ തുല്യതയിലും സാമൂഹികനീതിയിലും വിശ്വസിക്കുന്നു. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ ഉള്‍കൊള്ളുന്നവരാണ് കേരളീയര്‍. എല്ലാ മതങ്ങളിലുമുള്ള മഹാന്‍മാരുടെയും ആശയങ്ങളെ നിങ്ങള്‍ ആദരിക്കുന്നു. ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എനിക്കു മനസ്സിലായി. ദുരന്തത്തില്‍ മനുഷ്യന്‍ പരസ്പരം സഹായിച്ചു. ആരും അത്യാഗ്രഹത്തോടെ പെരുമാറുന്നത് കണ്ടില്ല. കുട്ടികള്‍ അടക്കം അത്മാഭിമാനത്തോടെ പെരുമാറി.
മനുഷ്യന്‍ അത്യാഗ്രഹത്തോടെ പെരുമാറുന്നത് വയനാട്ടില്‍ കണ്ടില്ല. വയനാട് മനോഹരമായ ഭൂമിയാണ്. തുല്യത, സാമൂഹ്യ നീതി എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലം. ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരാണ്. വയനാട്ടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ രാജ്യത്തെ ഏറ്റവും അഭിമാനമുള്ള വ്യക്തിയായി താന്‍ മാറുമെന്നും പ്രിയങ്ക പറഞ്ഞു.
കായിക മേഖലയ്ക്ക് കൂടുതല്‍ സൗകര്യം വയനാട്ടില്‍ ഒരുങ്ങണം. ജലസേചന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം വേണം. ആദിവാസികള്‍ക്ക് ആരോഗ്യം മെച്ചപ്പെടാന്‍ സൗകര്യം വേണം. വയനാട്ടിനു മെഡിക്കല്‍ കോളേജ് വേണം എന്നത് എനിക്കറിയാം, പലരും പറഞ്ഞു. എന്റെ സഹോദരന്‍ ഇതിനായി കുറേ കഷ്ടപ്പെട്ടു. അതുപോലെ ഞാനും തുടരും. മനുഷ്യ മൃഗ സംഘര്‍ഷം ഇല്ലാതാക്കാനും രാത്രിയാത്ര പ്രശ്‌നം പരിഹരിക്കാനും ആവശ്യങ്ങള്‍ ഉണ്ട്. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ എല്ലാം ഞാന്‍ മനസിലാക്കുന്നു. ഓരോ മനുഷ്യരോടും നേരിട്ട് സംസാരിക്കണം എന്നുണ്ട്. രാഹുല്‍ വയനാട് ഒഴിയുമ്പോള്‍ എന്തുമാത്രം ദുഃഖം ഉണ്ടായിരുന്നുവെന്ന് ഒരു സഹോദരി എന്ന നിലയില്‍ എനിക്കറിയാമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
എല്ലാവരും കുറ്റം പറഞ്ഞപ്പോള്‍ വയനാട് രാഹുലിനെ ചേര്‍ത്തുപിടിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ധൈര്യം നല്‍കിയത് വയനാട്ടിലെ ജനതയാണ്. വയനാട്ടുകാരെ സ്വന്തം കുടുംബം ആയാണ് രാഹുല്‍ കാണുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സത്യത്തിനും തുല്യതയ്ക്കും വേണ്ടിയാണ് പോരാട്ടം. എപ്പോഴെങ്കിലും ജനാധിപത്യത്തിന് വേണ്ടി നില്‍ക്കേണ്ട സമയം ഉണ്ടെങ്കില്‍ അത് ഇപ്പോഴാണ്. വയനാട്ടില്‍ നിന്ന് എത്ര ലക്ഷത്തിനു ജയിക്കും എന്നല്ല, നിങ്ങള്‍ ജനാധിപത്യത്തിന്, രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. ജയിപ്പിച്ചാല്‍ ഞാന്‍ സാധ്യമായ അത്രയും പ്രയത്‌നിക്കും. പാര്‍ലമെന്റില്‍ നിങ്ങളുടെ ശബ്ദമായി ഞാന്‍ മാറും. എന്നെ വിശ്വസിക്കാം കൈ വിടില്ലെന്നും പ്രിയങ്ക പറഞ്ഞു.