എക്‌സൈസിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ല; അന്വേഷിച്ച ശേഷമാണ് കേസെടുത്തത്; എംഎല്‍എ മാത്രമല്ല യു പ്രതിഭ ഒരു അമ്മയുമാണ്; മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്; യു പ്രതിഭയെയും സജി ചെറിയാനെയും തള്ളി ആര്‍ നാസര്‍
എക്‌സൈസിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ല
ആലപ്പുഴ: യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് പുകച്ചതിന് കേസെടുത്ത നടപടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. യു പ്രതിഭയെയും മന്ത്രി സജി ചെറിയാനും ഉയര്‍ത്തിയ വിമര്‍ശനങ്ങളാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി തള്ളിയിരിക്കുന്നത്. എക്‌സൈസ് കേസെടുത്തത് അന്വേഷിച്ച ശേഷമാണെന്നും എക്‌സൈസിന് തെറ്റുപറ്റിയെന്ന് പാര്‍ട്ടിക്ക് അഭിപ്രായമില്ലെന്നും നാസര്‍ വ്യക്തമാക്കി. എക്‌സൈസിനെതിരെ പ്രതിഭ പറയുന്നത് അവരുടെ അഭിപ്രായമാണെന്നും ആര്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ മാത്രമല്ല യു പ്രതിഭ ഒരു അമ്മയുമാണ്. മകന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അമ്മ എന്ന നിലയില്‍ ഒരു സ്ത്രീയുടെ വികാരമാണ് അവര്‍ പ്രകടിപ്പിച്ചത്. ഡെപ്യൂട്ടി കമ്മീഷണറെ പ്രതികാര നടപടിയുടെ ഭാഗമായി സ്ഥലംമാറ്റി എന്നത് അടിസ്ഥാന രഹിതമാണെന്നും ആര്‍ നാസര്‍ വ്യക്തമാക്കി. നേരത്തെ എംഎല്‍എ യു പ്രതിഭയും മന്ത്രി സജി ചെറിയാനും വിഷയത്തില്‍ എക്‌സൈസിനെതിരെ രംഗത്ത് വന്നിരുന്നു.
നേരത്തെ തന്റെ മകന്റെ കേസില്‍ ന്യായീകരണത്തിനില്ലെന്ന് യു.പ്രതിഭ എംഎല്‍എയും വ്യക്തമാക്കിയിരുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ക്ക് പറ്റിയ തെറ്റാണ്, അതിനെ ന്യായീകരിക്കുന്നില്ല. പാര്‍ട്ടിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ആഗ്രഹിച്ചെന്നും യു.പ്രതിഭ പറഞ്ഞു. നന്മതിന്മകളുടെ ഭാഗമാണ് പൊതുസമൂഹം; ആ സമൂഹത്തിന്റെ ഭാഗമാണ് തന്റെ മകനും. ഇല്ലാത്ത കാര്യം പറഞ്ഞതാണ് അമ്മ എന്ന നിലയില്‍ തന്നെ ചൊടിപ്പിച്ചതെന്നും യു.പ്രതിഭ വ്യക്തമാക്കി. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമാണ് യു.പ്രതിഭയുടെ മകന്‍ കനിവിനും സംഘത്തിനുമെതിരെ കേസെടുത്തത്.
അതേസമയം കുട്ടനാട് സീറ്റ് സിപിഎം ഏറ്റടുക്കും എന്നത് അജണ്ടയില്‍ ഇല്ലെന്നും ആര്‍ നാസര്‍ പ്രതികരിച്ചു. ഇപ്പോഴത് എന്‍സിപിയുടെ സീറ്റാണ്. അത് പാര്‍ട്ടി ഏറ്റെടുക്കുന്നതിനെപ്പറ്റി ആലോചന ഉണ്ടായിട്ടില്ല. എന്‍സിപിയ്ക്ക് കുട്ടനാട്ടില്‍ എത്രവോട്ട് ഉണ്ടെന്ന് ചോദിച്ച നാസര്‍ അവിടെ ജയിപ്പിക്കുന്നത് സിപിഐഎം ആണെന്നും വ്യക്തമാക്കി. ഘടകകക്ഷിയെ ജയിപ്പിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും സിപിഐഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
കായംകുളത്ത് പാര്‍ട്ടി വിട്ട് ബിജെപിയില്‍ പോയവര്‍ തെറ്റ് തിരുത്താന്‍ തയ്യാറാവാത്തവരാണെന്നും ആര്‍ നാസര്‍ വ്യക്തമാക്കി. കായംകുളത്ത് ഒരാള്‍ മാത്രമേ പാര്‍ട്ടി വിട്ട് പോയിട്ടുള്ളൂ. ബിപിന്‍ സി ബാബു ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കാത്തത് അന്തസ് ഇല്ലാത്തതുകൊണ്ടാണെന്നും ആര്‍ നാസര്‍ പ്രതികരിച്ചു. ജമാഅത്തെ ഇസ്ലാമിയുടെയും സംഘപരിവാറിന്റെയും രൂപത്തില്‍ ആലപ്പുഴ ജില്ലയില്‍ വര്‍ഗീയത വളരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി സുധാകരന് കേരളത്തില്‍ വലിയ അംഗീകാരം ഉണ്ടെന്നും ആര്‍ നാസര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം നല്ലൊരു കമ്മ്യൂണിസ്റ്റാണ്. ആ ജനപിന്തുണ ഉണ്ട്. 75 വയസ്സ് കഴിഞ്ഞവരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് ഒഴിവാക്കിയത്. ഇത്തവണയും 75 കഴിഞ്ഞവരെ ഒഴിവാക്കും. ജി സുധാകരന്‍ ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും സെമിനാര്‍ ഉദ്ഘാടനം ചെയ്യുമെന്നും ജി സുധാകരന്‍ വ്യക്തമാക്കി.
സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം ജനുവരി 10,11,12 തീയതികളില്‍ ഹരിപ്പാട് നടക്കുമെന്നും ആര്‍ നാസര്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ മൂന്ന് ദിവസം മുഖ്യമന്ത്രി പങ്കെടുക്കും. സമ്മേളനത്തില്‍ 407 പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ആര്‍ നാസര്‍ വ്യക്തമാക്കി.