'വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും; വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്‍'; വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകും: രാഹുല്‍ ഗാന്ധി

'വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍

Update: 2024-10-23 08:35 GMT

കല്‍പറ്റ: വയനാടിന് വേണ്ടി രണ്ട് ജനപ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി. സഹോദരിക്കൊപ്പം ഞാനും വയനാടിന് വേണ്ടി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താനുണ്ടാകും. വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കും ഞാന്‍. രണ്ട് എം.പിമാരുള്ള ഒരേയൊരു മണ്ഡലമായിരിക്കും വയനാടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോക്ക് പിന്നാലെ സംസാരിക്കുകയായിരുന്നു രാഹുല്‍. വയനാട്ടിലെ എം.പി സ്ഥാനം ഒഴിഞ്ഞ് രാഹുല്‍ റായ്ബറേലി നിലനിര്‍ത്തിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. എന്റെ സഹോദരിയെ ഞാന്‍ വയനാടിനെ ഏല്‍പ്പിക്കുകയാണ്. വയനാട്ടിലെ ഓരോരുത്തരെയും സ്വന്തം കുടുംബമായി കണക്കാക്കുന്നയാളാണ് പ്രിയങ്ക. വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്‌നങ്ങളിലും അനുജത്തി ഒപ്പമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട് -രാഹുല്‍ പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പില്‍ ആദ്യമായി തനിക്ക് വേണ്ടി പിന്തുണ തേടുകയാണെന്ന് വയനാട് ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പ്രതികിച്ചു. 17ാം വയസിലാണ് പിതാവിന് വേണ്ടി താന്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത്. പിന്നീട് മാതാവിനും സഹോദരനും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി നിരവധി തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി. ഇതാദ്യമായി തനിക്ക് വേണ്ടി വോട്ട് തേടുകയാണെന്ന് പ്രിയങ്ക പറഞ്ഞു.

ഈ അവസരം എനിക്ക് കിട്ടിയ ആദരമാണ്. നിങ്ങളുടെ പല പ്രശ്‌നങ്ങളും എന്റെ സഹോദരനോട് പറഞ്ഞിട്ടുണ്ടാകും. നിങ്ങളാണ് എന്റെ കുടുംബം. നിങ്ങളുടെ പ്രശ്‌നത്തിലെല്ലാം താനുണ്ടാകുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മുണ്ടക്കൈ ഉരുള്‍പ്പൊട്ടലിനെ അനുസ്മരിച്ച പ്രിയങ്ക ഗാന്ധി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ കണ്ടുവെന്നും പറഞ്ഞു. ദുരന്തത്തെ നേരിട്ട വയനാട്ടുകാരുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നേരത്തെ കല്‍പറ്റ നഗരത്തെ പ്രകമ്പനം കൊള്ളിച്ച റോഡ് ഷോയിലൂടെയാണ് പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായത്. രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് ദേശീയ, സംസ്ഥാന നേതാക്കളും റോഡ് ഷോയില്‍ പങ്കെടുത്തു.

Tags:    

Similar News