പ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി; കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ ഞാന്‍ ചെയ്യും; കെ സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്; പാലക്കാട് പ്രചരണത്തില്‍ വീണ്ടും സജീവമാകുമെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍
പ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി; കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ ഞാന്‍ ചെയ്യും
പാലക്കാട്: പാര്‍ട്ടി പരിപാടികളില്‍ താന്‍ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സസ്പെന്‍ഷനായതിനാല്‍ മാറി നില്‍ക്കുന്നുവെന്നും നേതാക്കള്‍ പറഞ്ഞത് അനുസരിക്കുന്നുണ്ടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. തന്നെ എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയത്. കാലുകുത്തി നടക്കാന്‍ കഴിയുന്നതുവരെ അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനും ചെന്നിത്തലയും വി ഡി സതീശനുമെല്ലാം എന്റെ നേതാക്കളാണ്. സസ്‌പെന്‍ഷനിലായ ഞാന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുതെന്നാണ് നേതാക്കള്‍ പറഞ്ഞത്. അത് ഞാന്‍ അനുസരിക്കുന്നുണ്ട്.
കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന്‍ രംഗത്തെത്തിയിരുന്നു. രാഹുല്‍ സജീവമാകണമെന്ന് പറഞ്ഞ സുധാകരന്‍ രാഹുല്‍ നിരപരാധിയാണെന്നും അഭിപ്രായപ്പെട്ടു. ലൈംഗിക ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ പരോക്ഷമായി തള്ളിപ്പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ, പാര്‍ട്ടി നടപടിക്രമങ്ങളില്‍ പങ്കെടുക്കാനോ അവകാശമില്ല. അദ്ദേഹം സസ്പെന്‍ഷനിലാണ്. രാഹുലിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അന്വേഷണം പൂര്‍ത്തിയായി റിപ്പോര്‍ട്ട് വരട്ടെ. റിപ്പോര്‍ട്ട് ലഭിച്ചശേഷം പാര്‍ട്ടി നടപടിയെടുക്കും. അന്വേഷണം സര്‍ക്കാര്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് ശരിയല്ല. അന്വേഷണം അനിശ്ചിതമായി നീണ്ടു പോകുകയാണെങ്കില്‍, ഇത്ര നാളുകള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതിയെ സമീപിക്കാവുന്നതാണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
താന്‍ ജനപ്രതിനിധിയാണെന്നും, ഈ പുകമറ നിലനില്‍ക്കുന്നതിനാല്‍ ജനപ്രതിനിധി എന്ന നിലയില്‍ പ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ നിരപരാധിത്വം തെളിയിക്കാന്‍ ഇത്രയും മാസത്തിനോ, ദിവസത്തിനോ അകം അന്വേഷണം പൂര്‍ത്തീകരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതിയെ സമീപിക്കാന്‍ കഴിയും. അതൊക്കെ നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. അതേസമയം പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം രാഹുല്‍ പുറത്താണ് നില്‍ക്കുന്നത്.
അതിനാല്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ആര്‍ക്കും വോട്ടു പിടിക്കാന്‍ അവകാശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തിപരമായി ബന്ധമുള്ള നിരവധി പേര്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ടു തേടി ഇറങ്ങാറുണ്ട്. അസംബ്ലി തെരഞ്ഞെടുപ്പില്‍ സഹായിച്ചവര്‍ ഇപ്പോള്‍ ഇലക്ഷനില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കു വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ വീടുകളില്‍ പോയി പ്രചാരണം നടത്തുന്നതില്‍ തെറ്റൊന്നുമില്ലെന്നും, അത് പാര്‍ട്ടി പരമായിട്ടുള്ളതല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
