കൊച്ചിയില്‍ കണ്ട ഭാവം നടിച്ചില്ല; പിണങ്ങിയതോടെ ഡല്‍ഹിയില്‍ വിളിച്ചിട്ടും വന്നില്ല; അവഗണനയില്‍ നീറി തരൂര്‍ ക്യാമ്പ്; 'വിശ്വപൗരന്‍' വിട്ടുനില്‍ക്കുന്നത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് കെപിസിസി; ഒടുവില്‍ അനുനയിപ്പിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങുന്നു; ജനുവരി 28-ന് ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ച?
തരൂരിനെ അനുനയിപ്പിക്കാന്‍ രാഹുല്‍ നേരിട്ടിറങ്ങുന്നു
തിരുവനന്തപുരം: കൊച്ചിയിലെ മഹാപഞ്ചായത്ത് വേദിയിലുണ്ടായ അവഗണനയെത്തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂര്‍ എംപിയെ അനുനയിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് രംഗത്തിറങ്ങുന്നു. അതൃപ്തി പരസ്യമാക്കി ഹൈക്കമാന്‍ഡ് വിളിച്ച നിര്‍ണായക യോഗങ്ങളില്‍ നിന്ന് തരൂര്‍ വിട്ടുനിന്നതോടെയാണ് പാര്‍ട്ടി നേതൃത്വം അനുനയ നീക്കം ശക്തമാക്കിയത്. ജനുവരി 28-ന് പാര്‍ലമെന്റ് സമ്മേളനത്തിനായി ഡല്‍ഹിയിലെത്തുന്ന തരൂര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
രാഹുലിന്റെ ഓഫീസ് ബന്ധപ്പെട്ടു
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തരൂരിന്റെ സാന്നിധ്യം ഉണ്ടാകുമോയെന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് നേരിട്ട് ആരാഞ്ഞിരുന്നു. യോഗത്തിനെത്തിയിരുന്നെങ്കില്‍ രാഹുല്‍ നേരിട്ട് സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമായിരുന്നുവെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ വിട്ടുനില്‍ക്കുന്നുവെന്ന മറുപടിയാണ് തരൂര്‍ നല്‍കിയത്.
അവഗണനയില്‍ നീറി തരൂര്‍ ക്യാമ്പ്
കൊച്ചിയില്‍ നടന്ന മഹാപഞ്ചായത്ത് വേദിയില്‍ എഐസിസി പ്രവര്‍ത്തക സമിതിയംഗമായ തന്നോട് നേതൃത്വം കാട്ടിയത് കടുത്ത അവഗണനയാണെന്ന വികാരം തരൂരിനുണ്ട്. പ്രമുഖ നേതാക്കളുടെ പേരെടുത്ത് പറഞ്ഞ രാഹുല്‍ ഗാന്ധി പ്രസംഗത്തില്‍ തന്റെ പേര് ഒഴിവാക്കിയത് തരൂരിനെ ചൊടിപ്പിച്ചു. വേദിയിലെ ഇരിപ്പിടം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംഘാടകര്‍ വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ പാര്‍ട്ടിയുടെ മുഖമായ തന്നെ സ്വന്തം നാട്ടിലെ പരിപാടിയില്‍ തഴഞ്ഞതിലൂടെ 'ഒതുക്കല്‍' രാഷ്ട്രീയമാണ് നടക്കുന്നതെന്ന് തരൂര്‍ കരുതുന്നു.
തിരിച്ചടിയാകുമെന്ന് സംസ്ഥാന നേതൃത്വം
തരൂര്‍ വിട്ടുനില്‍ക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് കെപിസിസി ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. യുവാക്കള്‍, പ്രൊഫഷണലുകള്‍, നഗര കേന്ദ്രീകൃത വോട്ടര്‍മാര്‍ എന്നിവര്‍ക്കിടയില്‍ തരൂരിനുള്ള സ്വാധീനം നഷ്ടപ്പെടുത്തുന്നത് തിരിച്ചടിയാകും. അതേസമയം, പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നും തെറ്റായ കാര്യങ്ങള്‍ തിരുത്തപ്പെടണമെന്നുമാണ് തരൂരിന്റെ നിലപാട്.
ബിജെപിയുടെ വിമര്‍ശനം
ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കുന്നതിനാലാണ് തരൂര്‍ കോണ്‍ഗ്രസില്‍ വേട്ടയാടപ്പെടുന്നതെന്ന് ബിജെപി നേതാവ് സി.ആര്‍. കേശവന്‍ കുറ്റപ്പെടുത്തി.
