നേമത്ത് പോരാട്ടം തീ പാറിക്കും: 'ഞാന്‍ തന്നെ സ്ഥാനാര്‍ത്ഥി'; നിയമസഭയില്‍ ബിജെപി അക്കൗണ്ട് തുറന്ന മണ്ഡലത്തില്‍ അങ്കം കുറിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍! എയിംസ് തിരുവനന്തപുരത്ത് വേണം; 'എ' ക്ലാസ് മണ്ഡലത്തില്‍ കളമൊരുങ്ങുന്നു; ശക്തമായ ത്രികോണ മത്സരം അരങ്ങേറുന്ന മണ്ഡലത്തില്‍ മാസങ്ങള്‍ക്ക് മുമ്പേ പടയൊരുക്കം
നിയമസഭ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: തീര്‍ത്തും അപ്രതീക്ഷിതം എന്നുപറയേണ്ടി വരും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുക. അതെ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ താന്‍ മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂര്‍ പ്രസ് ക്ലബിന്റെ 'വോട്ട് വൈബ് ' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂരിനോട് കടുത്ത പോരാട്ടത്തിന് ഒടുവില്‍ തോറ്റെങ്കിലും, അട്ടിമറി സൂചനകള്‍ നല്‍കിയിരുന്നു. നേരത്തെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് മുന്നൊരുക്കം തുടങ്ങുകയാണ് രാജീവ് ചന്ദ്രശേഖറിന്റെ ലക്ഷ്യം. കേരളത്തിന് അനുവദിക്കുന്ന എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തില്‍ ബിജെപി ആദ്യമായി നിയമസഭയില്‍ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. 2016 ല്‍, സിറ്റിങ് എംഎല്‍എയായ വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തി മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ അന്നാദ്യമായി കേരള നിയമസഭയില്‍ ബിജെപിക്കായി അക്കൗണ്ട് തുറന്നു,
എന്നാല്‍, 2021 ലെ തിരഞ്ഞെടുപ്പില്‍ അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചെങ്കിലും, വി. ശിവന്‍കുട്ടിയിലൂടെ എല്‍.ഡി.എഫ്. മണ്ഡലം തിരിച്ചുപിടിച്ചു.
കോണ്‍ഗ്രസ് മൂന്നാമത്
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രമുഖ നേതാവിനെ ഇറക്കിയിട്ടും മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് എത്തിയത്.
വി.ശിവന്‍കുട്ടി-എല്‍.ഡി.എഫ്-55,837
കുമ്മനം രാജശേഖരന്‍-ബി.ജെ.പി-51,888
കെ. മുരളീധരന്‍-യു.ഡി.എഫ്-36,524
2021-ലെ തിരഞ്ഞെടുപ്പില്‍ 3,949 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വി. ശിവന്‍കുട്ടിയുടെ വിജയം. ബിജെപിക്ക് 'എ' ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന നേമത്ത്, സംസ്ഥാന അധ്യക്ഷന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുന്നത് അടുത്ത തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യം നല്‍കുമെന്നുറപ്പാണ്.
നേമം നിയമസഭാ മണ്ഡലത്തിന്റെ ചരിത്രം
കേരള രാഷ്ട്രീയത്തില്‍ എന്നും ശ്രദ്ധേയമായ ത്രികോണ മത്സരം അരങ്ങേറുന്ന നിയമസഭാ മണ്ഡലമാണ് തലസ്ഥാന ജില്ലയിലെ നേമം. മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്‍ അടക്കമുള്ള പ്രമുഖര്‍ ഇവിടെനിന്ന് വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരം താലൂക്കില്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭയുടെ 37 മുതല്‍ 39 വരേയും, 48 മുതല്‍ 58 വരേയും, 61 മുതല്‍ 68 വരേയുമുള്ള വാര്‍ഡുകള്‍ ചേര്‍ന്നതാണ് ഈ നിയമസഭാ മണ്ഡലം. തിരുവനന്തപുരം ലോകസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണിത്.
1957-ലാണ് നേമം മണ്ഡലം നിലവില്‍ വന്നത്. ആദ്യമായി ഇവിടെനിന്ന് വിജയിച്ചത് സി.പി.ഐ.യുടെ സ്ഥാനാര്‍ത്ഥിയായ എ. സദാശിവന്‍ ആയിരുന്നു. 1982-ലെ തിരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഈ മണ്ഡലത്തില്‍ നിന്നും വിജയം നേടി. കരുണാകരന് ശേഷം മണ്ഡലം തുടര്‍ച്ചയായി സി.പി.എമ്മിനൊപ്പമായിരുന്നു. വി.ജെ. തങ്കപ്പന്‍ മൂന്ന് തവണയും വെങ്ങാനൂര്‍ പി. ഭാസ്‌ക്കരന്‍ ഒരു തവണയും മണ്ഡലം നിലനിര്‍ത്തി.
2001-ല്‍ എന്‍. ശക്തനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു, തുടര്‍ന്ന് 2006-ലും ശക്തന്‍ തന്നെ വിജയം ആവര്‍ത്തിച്ചു. 2011-ല്‍ വി. ശിവന്‍കുട്ടിയിലൂടെ സി.പി.എം. മണ്ഡലം തിരിച്ചുപിടിച്ചു. അന്ന് 6415 വോട്ടുകള്‍ക്കായിരുന്നു ശിവന്‍കുട്ടിയുടെ വിജയം. ബി.ജെ.പി. അന്ന് 43,661 വോട്ടുകള്‍ നേടിയിരുന്നു.
സി.പി.എമ്മിനും കോണ്‍ഗ്രസിനും ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ ബിജെപി 2016-ല്‍ ചരിത്രം കുറിച്ചു.
ഒ. രാജഗോപാല്‍ (ബിജെപി): 67,813 വോട്ടുകള്‍
വി. ശിവന്‍കുട്ടി (എല്‍ഡിഎഫ്): 59,142 വോട്ടുകള്‍
വി. സുരേന്ദ്രന്‍ പിള്ള (യുഡിഎഫ്): 13,860 വോട്ടുകള്‍
വി. ശിവന്‍കുട്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ 67,813 വോട്ടുകളോടെയാണ് ഇവിടെനിന്ന് വിജയിക്കുകയും, കേരള നിയമസഭയില്‍ ബിജെപിയുടെ ആദ്യ അക്കൗണ്ട് തുറക്കുകയും ചെയ്തത്.
