ബിന്ദുവിന്റെ മരണം ഒരു സാധാരണ അപകടമല്ല; ഇത് സര്‍ക്കാരിന്റെ അനാസ്ഥയാണ്; സംസ്ഥാനം ഭരിക്കുന്നവര്‍ വിശേത്തേക്ക് ചികിത്സയിലേക്ക് പോകും; എന്നാല്‍ സാധരണക്കാര്‍ക്ക് ആശ്രയിക്കേണ്ടത് സര്‍ക്കാര്‍ ആശുപത്രിയില്‍; മരണകാരണം സര്‍ക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനുള്ള ശ്രമം; രാജീവ് ചന്ദ്രശേഖര്‍

Update: 2025-07-04 08:41 GMT

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ''ബിന്ദുവിന്റെ മരണം ഒരു സാധാരണ അപകടമല്ല. ഇത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടേതാണ്. ബാധ്യതയുള്ള മന്ത്രിമാര്‍ക്കെതിരേ കേസെടുത്ത് നടപടിയെടുക്കണം. പിണറായി വിജയന്‍ അമേരിക്കയില്‍ ചികത്സയിലേക്ക് പോകും. കോണ്‍ഗ്രസ് യൂറോപ്പിലേക്കും. നല്ല സൗകര്യങ്ങളില്‍ അവര്‍ ചികിത്സ നടത്തുന്നു. സാധാരണക്കാര്‍ക്ക് ആശ്രയിക്കേണ്ടത് സര്‍ക്കാര്‍ ആശുപത്രികളാണ്. പക്ഷേ അവിടെയും സുരക്ഷയില്ല എന്നതാണ് ദുഃഖകരം,'' അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിന്ദുവിന്റെ കുടുംബത്തെ ഉടന്‍ സന്ദര്‍ശിക്കുമെന്നും, നീതി ലഭ്യമാക്കുന്നത് വരെ ബിജെപി സമരപാതയിലായിരിക്കും എന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം വൈകിയതും, മന്ത്രിമാര്‍ സംഭവത്തെ അവഗണിച്ചതുമാണ് ഈ ദുരന്തത്തില്‍ പ്രാധാനപ്പെട്ട ഒന്നായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രതിഷേധ മാര്‍ച്ചുകളും സമരങ്ങളുമാണ് സംസ്ഥാനത്ത് നടന്നു കൊണ്ടിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധമാര്‍ച്ചും സംഘര്‍ഷത്തിലേക്ക് വഴിമാറി. ബാരിക്കേഡുകള്‍ മറികടന്ന് പ്രതിഷേധക്കാര്‍ മുന്നേറി. പോലീസ് തടഞ്ഞതോടെ സമരം സംഘര്‍ഷത്തിലേക്ക് വഴിമാറുകയും ചെയ്തിരുന്നു.

അപകടം നടക്കുമ്പോള്‍ ബിന്ദു മൂന്നാം നിലയിലെ ശുചിമുറിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിയ അവസ്ഥയില്‍ രണ്ട് മണിക്കൂറോളം കഴിഞ്ഞാണ് മൃതദേഹം പുറത്തെടുത്തത്. സംഭവത്തിന്റെ തെളിവുകളും ഉത്തരവാദിത്വവും വ്യക്തമാക്കുന്നതിന് വിശദമായ അന്വേഷണമാണ് പ്രതിപക്ഷവും സമൂഹവും ആവശ്യപ്പെടുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ മറുപടി വൈകുമ്പോള്‍, സമരങ്ങള്‍ കൂടുതല്‍ കനത്ത രീതിയിലേക്ക് നീങ്ങുന്നതാണ് സൂചന.

Tags:    

Similar News