'ചില ക്രിമിനലുകള്‍ മാധ്യമ മേഖലയില്‍ വന്നിട്ടുണ്ട്, അതിനെ നേരിടും; മെസി തട്ടിപ്പ് മറയ്ക്കാന്‍ ഒരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ വസ്തുതയുമില്ല; ബിപിഎല്‍ കമ്പനി ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ട്'; ആരോപണങ്ങള്‍ തള്ളി രാജീവ് ചന്ദ്രശേഖര്‍

'ചില ക്രിമിനലുകള്‍ മാധ്യമ മേഖലയില്‍ വന്നിട്ടുണ്ട്, അതിനെ നേരിടും

Update: 2025-10-27 09:54 GMT

തിരുവനന്തപുരം: അര്‍ജന്റീന ടീമിന്റെയും ലയണല്‍ മെസിയുടെയും കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് മറയ്ക്കാന്‍ വേണ്ടിയാണ് ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തനിക്കെതിരെ ഉയര്‍ത്തിയ ഭൂമി കുംഭ കോണ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അദ്ദേഹം. കൂടാതെ, ''ചില ക്രിമിനലുകള്‍ മാധ്യമ മേഖലയില്‍ വന്നിട്ടുണ്ട്, അതിനെ നേരിടും'' എന്നും രാജീവ് വ്യക്തമാക്കി.

തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒരു വസ്തുതയുമില്ല. ബിപിഎല്‍ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ട്. ''കുറേ നാളായി ഈ ആരോപണങ്ങള്‍ ഞാന്‍ നേരിടുന്നു. തന്നെക്കുറിച്ച് നുണ പറഞ്ഞതുകൊണ്ട് അവര്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. തന്നെ ടാര്‍ഗറ്റ് ചെയ്യാന്‍ നോക്കിയാല്‍ അത് നടക്കില്ല. നുണ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും,'' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

''ശബരിമല, എക്‌സാലോജിക്, മെസി തട്ടിപ്പുകള്‍ നമ്മള്‍ കണ്ടു. കേരളത്തിലെ രാഷ്ട്രീയ ശുദ്ധീകരണമാണ് ലക്ഷ്യം. അതിനിടയില്‍ കറപുരണ്ട മാധ്യമ ദല്ലാളന്‍മാരുണ്ടെങ്കില്‍ അതും ശുദ്ധീകരിക്കാന്‍ തയ്യാറാണ്. രാഷ്ട്രീയ-മാധ്യമ ശുദ്ധീകരണം ആവശ്യമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പിഎം ശ്രീ പദ്ധതിയില്‍ ഇപ്പോള്‍ വിവാദമുണ്ടാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു.

''പിഎം ശ്രീ പദ്ധതി വായിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാണ്. അഞ്ച് വര്‍ഷം അത് നടപ്പാക്കാതെ വെച്ചു. സ്‌കൂളുകളെ മികവുറ്റ കേന്ദ്രമാക്കാനുള്ള പദ്ധതിയാണ്. ഏറ്റവും ഒടുവില്‍ ഒപ്പുവച്ചിട്ട് പരസ്പരം സിപിഎം-സിപിഐ പഴിചാരല്‍ നടക്കുകയാണ്.' - രാജീവ് കുറ്റപ്പെടുത്തി.

അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബി പി എല്‍ ഇന്നലെ അറിയിച്ചിരുന്നു. 2003 - ല്‍ സുപ്രീം കോടതി തള്ളിയ ഭൂമി പതിച്ചുനല്‍കലിലെ ക്രമക്കേട് എന്ന ആരോപണമാണ് ഇപ്പോള്‍ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങള്‍ അവാസ്തവവും നിയമപരമായി സാധുതയുമില്ലാത്തവയുമാണെന്ന് ബിപിഎല്‍ ലിമിറ്റഡ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

രാജീവ് ചന്ദ്രശേഖറിന് ബി പി എല്‍ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല. ഈ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവും തെറ്റിദ്ധാരണ ഉയര്‍ത്തുന്നതുമാണെന്ന് ബി പി എല്‍ സി ഇ ഓ ശൈലേഷ് മുദലര്‍ പറഞ്ഞു. പതിച്ചു നല്‍കിയ ഭൂമിയില്‍ 1996 നും 2004 നും ഇടക്ക് ബിപിഎല്‍ 450 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നതായും കമ്പനി അറിയിച്ചു.

Tags:    

Similar News