വ്യക്തി വിരോധത്തിലല്ല ബിജെപിയുടെ രാഷ്ട്രീയം; പ്രിന്റുവിന്റെ പരാമര്‍ശം പാര്‍ട്ടി അംഗീകരിക്കുന്നില്ല; അത് വക്താവിനോട് തന്നെ പറഞ്ഞിട്ടുണ്ട്; പ്രിന്‍ു മഹാദേവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍

വ്യക്തി വിരോധത്തിലല്ല ബിജെപിയുടെ രാഷ്ട്രീയം

Update: 2025-10-01 09:09 GMT

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ കൊലവിളി പരാമര്‍ശത്തില്‍ പ്രിന്റു മഹാദേവിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പ്രിന്റുവിന്റെ പരാമര്‍ശം പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു. അത് വക്താവിനോട് തന്നെ പറഞ്ഞിട്ടുണ്ട്. വ്യക്തി വിരോധത്തിലല്ല ബിജെപി രാഷ്ടീയമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

വിഷയത്തില്‍ ബിജെപി പിന്തുണച്ചില്ലെന്ന പരാതിയുമായി പ്രിന്റു മഹാദേവ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബിജെപി പാനലിസ്റ്റ് ഗ്രൂപ്പിലാണ് പ്രിന്റുവിന്റെ വിമര്‍ശനം. സ്‌കൂളിലേക്കും വീട്ടിലേക്കും വരെ കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് നടത്തിയെന്നും പാര്‍ട്ടി പിന്തുണയ്ക്കാത്തതില്‍ നിരാശയെന്നും പ്രിന്റു പറഞ്ഞിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ പ്രിന്റുവിനെ പരസ്യമായി തള്ളിക്കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

'ആരോടും വ്യക്തി വിരോധം കാണിച്ചല്ല ബിജെപിയുടെ രാഷ്ട്രീയം. വികസനത്തില്‍ ഊന്നിയാണ് ഞങ്ങളുടെ രാഷ്ട്രീയം. ആര്‍ക്കെതിരെയും വ്യക്തിവിരോധം കാണിക്കാന്‍ താല്‍പര്യമില്ലെന്ന് തുടക്കം മുതല്‍ക്കെ പറഞ്ഞിട്ടുണ്ട്. വിഷയത്തില്‍ വക്താവിനോട് തന്നെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്,' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം പ്രസ്താവനയില്‍ വിശദീകരണവുമായി ബിജെപി നേതാവ് പ്രിന്റു മഹാദേവ് രംഗത്തെത്തി. തന്നെ കൊലയാളിയായി ചിത്രീകരിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നെന്നാണ് പ്രിന്റുവിന്റെ പക്ഷം. പ്രസ്താവന വളച്ചൊടിച്ച് തെറ്റായ പ്രചാരണം നടത്തിയവര്‍ക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്നും ബിജെപി നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ പറഞ്ഞ കാര്യമല്ല പ്രചരിപ്പിച്ചതെന്നും പ്രിന്റു മഹാദേവ് പറയുന്നു. ചാനലും അവതാരികയും ചേര്‍ന്ന് രാഷ്ട്രീയ ഭാവി അവസാനിപ്പിക്കാന്‍ മനപൂര്‍വം ചെയ്ത കാര്യമാണിത്. 'ഞാന്‍ ഒരു തീവ്രവാദിയോ ഗോഡ്‌സേയുടെ അനുയായിയോ അല്ല.ഒരു സാധാരണ സ്‌കൂള്‍ അധ്യാപകനാണ്.എന്നെ ബോധപൂര്‍വം കൊലയാളിയായി ചിത്രീകരിക്കാന്‍ നടത്തിയ നീക്കം വലിയ മാനസിക പ്രശ്‌നമുണ്ടാക്കി. കുടുംബമടക്കം ഒരുപാട് ബുദ്ധിമുട്ടി. എന്നെ തേജോവധം ചെയ്യാനുള്ള പല ശ്രമങ്ങളും ഉണ്ടായെന്നും പ്രിന്റു പറഞ്ഞു.

Tags:    

Similar News