വീണാ ജോര്‍ജിന്റേത് മാതൃകാപരമായ പ്രവര്‍ത്തനം; സംസ്ഥാന കമ്മറ്റിയില്‍ പ്രത്യേക ക്ഷണിതാവായത് മന്ത്രി എന്ന നിലയില്‍; അത് കീഴ്വഴക്കം; അഭിപ്രായം പറയേണ്ടത് ജില്ലാ കമ്മിറ്റിയില്‍; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച പത്മകുമാറിനെ തിരുത്തി രാജു ഏബ്രഹാം
പത്മകുമാറിനെ തിരുത്തി രാജു ഏബ്രഹാം
പത്തനംതിട്ട: സിപിഎം സംസ്ഥാന സമിതിയില്‍ ഇടം കിട്ടാതിരുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച എ പത്മകുമാറിനെ തിരുത്തി സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മന്ത്രിയെന്ന നിലയിലാണ് വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി പരിഗണിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയിലേക്ക് മന്ത്രിമാരെ പരിഗണിക്കുന്നത് കീഴ്വഴക്കമാണ്. സി. രവീന്ദ്രനാഥ് മന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം സംസ്ഥാനസമിതിയുടെ ക്ഷണിതാവായിരുന്നു. ജില്ലാ കമ്മിറ്റി അംഗം എന്നനിലയിലാണ് വീണാ ജോര്‍ജ് പാര്‍ട്ടിയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാനസമിതിയിലെ ക്ഷണിതാവായി വീണാ ജോര്‍ജിനെ തീരുമാനിച്ചിട്ടുള്ളതെന്നും രാജു എബ്രഹാം പറഞ്ഞു.
മാതൃകാപരമായ പ്രവര്‍ത്തനമാണ് മന്ത്രി വീണാ ജോര്‍ജിന്റെത്. മന്ത്രി എന്ന നിലയില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നു. സമയം കിട്ടുന്നതനുസരിച്ച് അവര്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. ജയിക്കാന്‍ ബുദ്ധിമുട്ടുള്ള ആറന്മുള മണ്ഡലത്തില്‍ രണ്ട് തവണ മിന്നുന്ന വിജയം നേടി. പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍, കേരളത്തിന്റെ ആരോഗ്യരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ വീണാ ജോര്‍ജ് വിജയകരമായി കൊണ്ടുപോവുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രായപരിധിക്ക് മുമ്പേ സ്ഥാനമാനങ്ങള്‍ ത്യജിക്കുമെന്ന പദ്മകുമാറിന്റെ അഭിപ്രായം എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്ന് പറഞ്ഞ രാജു എബ്രഹാം, എ. പദ്മകുമാറുമായി സംസാരിച്ചിരുന്നെന്നും രാവിലെ വിശദമായി സംസാരിക്കാം എന്നാണ് പദ്മകുമാര്‍ പറഞ്ഞതെന്നും വ്യക്തമാക്കി. എ. പത്മകുമാറിന്റെ ഫേസ് ബുക്ക് കുറിപ്പ് 12ന് ചേരുന്ന ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്യും. വിഷയം ഗൗരവമായി പരിശോധിക്കുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഇപ്പോള്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പത്മകുമാര്‍. പാര്‍ട്ടിയില്‍ മാതൃകാ പരമായ പ്രവര്‍ത്തനം നടത്തി വന്ന ആളാണ്. വിജ്ഞാന പത്തനംതിട്ടയുടെ മുഖ്യ സംഘാടകനാണ്. പാര്‍ട്ടിയിലെ പ്രധാന നേതാവ് കൂടിയാണ്. അദ്ദേഹത്തിന് എന്തെങ്കിലും വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ അത് പാര്‍ട്ടി ഘടകത്തില്‍ പറയാമായിരുന്നു.
ജില്ലയില്‍ നിന്നും 3 പേര്‍ സംസ്ഥാന സമിതിയില്‍ വന്നത് വലിയ അംഗീകാരമാണെന്നും രാജു എബ്രഹാം പറഞ്ഞു. എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യക്കെതിരെ പാര്‍ട്ടി സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണ്. സര്‍ക്കാരും പാര്‍ട്ടിയും എ.ഡി.എമ്മിന്റെ കുടുംബത്തിനൊപ്പമാണന്നും രാജു എബ്രഹാം പറഞ്ഞു.