യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതില്‍ വി.ഡി സതീശന് എന്താണ് പ്രശ്‌നം? യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാല്‍ മതന്യൂനപക്ഷങ്ങള്‍ പിന്തുണയ്ക്കുമെന്ന് സതീശന്‍ തെറ്റിദ്ധരിക്കുന്നു; എന്തിനാണ് ഇത്ര വിറളി പൂണ്ടതെന്ന് മന്ത്രി സജി ചെറിയാന്‍

യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതില്‍ വി.ഡി സതീശന് എന്താണ് പ്രശ്‌നം?

Update: 2025-09-23 06:50 GMT

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ വായിച്ചതില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് എന്താണ് പ്രശ്‌നമെന്ന് ചോദിച്ചു മന്ത്രി സജി ചെറിയാന്‍. എല്ലാ മുഖ്യമന്ത്രിമാര്‍ക്കും കത്ത് അയച്ചു. മറുപടി ലഭിച്ചത് വായിച്ചു. യോഗി ആദിത്യനാഥന്റെ പേര് പറഞ്ഞാല്‍ മതന്യൂനപക്ഷങ്ങള്‍ പിന്തുണയ്ക്കുമെന്ന് വി ഡി സതീശന്‍ തെറ്റിദ്ധരിക്കുന്നെന്നും സജി ചെറിയാന്‍ പറഞ്ഞു.

കോണ്‍ഗ്രസ് എത്ര രൂപ ചെലവാക്കിയെന്നും ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും സജി ചെറിയാന്‍ ചോദിച്ചു. ശബരിമലയ്ക്ക് കേന്ദ്രം ഒരു രൂപ തന്നോ?, ഒരു റോഡ് തന്നിട്ടുണ്ടോ?, ഒരു ശൗചാലയം തന്നോ?, ഞങ്ങള്‍ ചെയ്തത് അംഗീകരിക്കൂ. ബിജെപിയും കോണ്‍ഗ്രസ് എന്തിനാണ് ഇത്ര വിറളി പൂണ്ടതെന്നും അദ്ദേഹം ചോദിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകള്‍ നേര്‍ന്നിരുന്നു. മന്ത്രി വിഎന്‍ വാസവന് അയച്ച കത്തിലാണ് യോഗി ആശംസകള്‍ നേര്‍ന്നത്. ധര്‍മത്തിന്റെ സംരക്ഷകനാണ് ഭഗവാന്‍ അയ്യപ്പനെന്ന് യോഗി പറഞ്ഞു. അയ്യപ്പനെ ആരാധിക്കുന്നത് സന്മാര്‍ഗ ജീവിതത്തിന്റെ പാതയ്ക്ക് വെളിച്ചം വീശുകയും ഭക്തര്‍ക്ക് മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രചോദനം നല്‍കുകയും ചെയ്യുന്നു.

സമൂഹത്തില്‍ സൗഹാര്‍ദം, ഐക്യം എന്നിവ ശക്തിപ്പെടുത്തുന്നതിന് പുരാതന ഭാരതീയ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സംഗമം അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ പൂര്‍ണമായി വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കത്തില്‍ കുറിച്ചിരുന്നു.

ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ പിണറായി വിജയന്റെ കാര്‍മികത്വത്തില്‍ രാഷ്ട്രീയ ദുഷ്ടലാക്കോടെ സംഘടിപ്പിച്ച അയ്യപ്പ സംഗമം പ്രഹസനമായെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. അയ്യപ്പ ഭക്തരെയും വിശ്വാസികളെയും കബളിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്നു വ്യക്തമാക്കുന്നതാണ് സംഗമ വേദിയിലെ ഒഴിഞ്ഞ കസേരകള്‍. സര്‍ക്കാര്‍ അവകാശപ്പെട്ടതിന്റെ നാലിലൊന്നു പേര്‍ പോലും സംഗമത്തിനെത്തിയില്ല. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയ രാഷ്ട്രീയ നാടകം ബോധ്യപ്പെട്ടതു കൊണ്ടാണ് അയ്യപ്പ ഭക്തര്‍ സംഗമത്തോട് മുഖം തിരിച്ചതെന്നും സതീശന്‍ ആരോപിച്ചു.

''ദേവസ്വം ബോര്‍ഡ് ജീവനക്കാരും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സ്റ്റാഫ് അംഗങ്ങളും ഉദ്യോസ്ഥരുമാണ് സദസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗവും. ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ ലോകം മുഴുവന്‍ കണ്ടതാണ്. എന്നിട്ടാണ് അത് എഐ നിര്‍മിതമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചത്. ജനങ്ങളുടെ പൊതുബോധ്യത്തെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന എം.വി.ഗോവിന്ദന്‍ സ്വയം അപഹാസ്യനാകരുത്. സംഗമം ആഗോള വിജയമെന്നും ലോകപ്രശസ്തമായ വിജയമെന്നു പറഞ്ഞതിലൂടെ എം.വി.ഗോവിന്ദന്‍ പിണറായി വിജയനെ പരിഹസിച്ചതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മാനവികതയുടെയും മതേതരത്വത്തിന്റെയും പൂങ്കാവനമായ ശബരിമലയിലേക്ക് യോഗി ആദിത്യനാഥിനെ പോലെ വര്‍ഗീയത പ്രചരിപ്പിക്കുന്ന ഒരാളെ ക്ഷണിച്ചത് കേരളത്തിന്റെ മതേതര മനസിനെ അവഹേളിക്കുന്നതിനു തുല്യമാണ്. യോഗി ആദിത്യനാഥിന്റെ ആശംസാ കത്തിലെ ഉള്ളടക്കം അഭിമാനത്തോടെ ദേവസ്വം മന്ത്രി വായിച്ചതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത് ? ഭക്തി പരിവേഷമായി അണിയുന്നവര്‍ക്ക് പ്രത്യേക അജണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണ്. പക്ഷെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഭക്തി പരിവേഷമായി അണിഞ്ഞത് നിങ്ങളാണ്. നിങ്ങള്‍ക്ക് തന്നെയാണ് പ്രത്യേക അജണ്ടയുള്ളതും.

അയ്യപ്പ സംഗമത്തില്‍ തത്വമസിയെയും ഭഗവദ്ഗീതയെയും കുറിച്ച് പറഞ്ഞ പിണറായി വിജയന്‍ നേരത്തെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അവഹേളിച്ചത് വിശ്വാസ സമൂഹം മറക്കില്ല. ശബരിമലയിലെ വിശ്വാസങ്ങളെ തകര്‍ക്കാനും ഭക്തരെ അപമാനിക്കാനും ശ്രമിച്ച പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും അതേ ശബരിമലയെയും അയ്യപ്പനെയും രാഷ്ട്രീയ പ്രചരണത്തിനു വേണ്ടി ദുരുപയോഗം ചെയ്തതിനുള്ള തിരിച്ചടി കേരളത്തിലെ ജനങ്ങള്‍ നല്‍കുമെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News