'സംസ്ഥാന ഭാരവാഹി പട്ടികയില്‍ ചേച്ചി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്; നിങ്ങള്‍ക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കില്‍ അങ്ങനെയൊന്ന് കിട്ടട്ടെ എന്ന് ഗുരുവായൂരപ്പനോട് പ്രാര്‍ഥിക്കുന്നു'; ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പുരത്തുവന്നതോടെ പത്മജക്ക് തുറന്ന കത്തുമായി സന്ദീപ് വാര്യര്‍

'സംസ്ഥാന ഭാരവാഹി പട്ടികയില്‍ ചേച്ചി ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചത്;

Update: 2025-07-12 02:59 GMT

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനഭാരവാഹി പട്ടികയില്‍ പത്മജ വേണുഗോപാലിന്റെ പേര് ഇടംപിടിച്ചിരുന്നില്ല. കെ കരുണാകരന്റെ മകളെന്ന ബലത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സ്ഥാനങ്ങള്‍ നേടിയിരുന്ന പത്മജക്ക് ബിജെപിയില്‍ എത്തിയപ്പോള്‍ കാര്യമായ പദവികളൊന്നും ലഭിച്ചില്ല. പുനസംഘടനയിലും അവര്‍ക്ക് സ്ഥാനം ലഭിച്ചില്ല. ഈ പശ്ചാത്തലത്തില്‍ പത്മജയം പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. പുതിയ ഭാരവാഹി പട്ടികയില്‍ പത്മജ ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചതെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു താല്പര്യമെങ്കില്‍ തീര്‍ച്ചയായും സംസ്ഥാന ഭാരവാഹിത്വം അത്യാവശ്യമായിരുന്നു. ചേച്ചിക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കില്‍ പണ്ട് യു.ഡി.എഫ് ഭരണകാലത്ത് കെ.ടി.ഡി.സി ചെയര്‍പേഴ്‌സണ്‍ ആയതുപോലെ, രാഷ്ട്രീയപദവി ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. അങ്ങനെ ഒരു പദവി ചേച്ചിക്ക് കിട്ടട്ടെ എന്ന് ഞാന്‍ ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കുന്നുവെന്നും സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു.

ഞാന്‍ 2019ല്‍ മാത്രം ബി.ജെ.പിയിലേക്ക് കടന്നുവരികയും സൂത്രപ്പണിയിലൂടെ മുകളില്‍ എത്തുകയും ചെയ്ത ആളാണെന്ന് ചേച്ചി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. എന്നാല്‍, പുതിയ പോസ്റ്റില്‍ എന്റെ 20 വര്‍ഷക്കാലത്തെ ബി.ജെ.പി പ്രവര്‍ത്തനം അംഗീകരിച്ചതിലും തെറ്റുതിരുത്തിയതിലും സന്തോഷമുണ്ട്. എന്നെ ഹാര്‍ദവമായാണ് യു.ഡി.എഫ് സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷം എല്ലാ പരിപാടികളിലും സമരങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ?ങ്കെടുത്തിട്ടുണ്ട്. പിണറായിക്കെതിരായ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരങ്ങളില്‍ താന്‍ എപ്പോഴും പ?ങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു വര്‍ഷക്കാലത്തില്‍ അധികമായി ബിജെപി അംഗമായ ചേച്ചി , സംസ്ഥാന സര്‍ക്കാരിനെതിരായ ഒരു സമരത്തിലെങ്കിലും പങ്കെടുത്ത് ജലപീരങ്കിയില്‍ നിന്ന് ഒരു തുള്ളി വെള്ളമെങ്കിലും ദേഹത്ത് വീണിട്ടുണ്ടോയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയപ്പെട്ട പത്മജ ചേച്ചിക്ക്,

കത്ത് കിട്ടി. ചേച്ചിക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു. പുതിയ സംസ്ഥാന ഭാരവാഹി പട്ടികയില്‍ ചേച്ചി ഉണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. കേരളത്തില്‍ ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനമായിരുന്നു താല്പര്യമെങ്കില്‍ തീര്‍ച്ചയായും സംസ്ഥാന ഭാരവാഹിത്വം അത്യാവശ്യമായിരുന്നു. ചേച്ചിക്ക് കേന്ദ്ര പദവികളിലാണ് താല്പര്യമെങ്കില്‍ , പണ്ട് യുഡിഎഫ് ഭരണകാലത്ത് കെടിഡിസി ചെയര്‍പേഴ്‌സണ്‍ ആയതുപോലെ.. രാഷ്ട്രീയപദവി ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല. അങ്ങനെ ഒരു പദവി ചേച്ചിക്ക് കിട്ടട്ടെ എന്ന് ഞാന്‍ ഗുരുവായൂരപ്പനോട് പ്രാര്‍ത്ഥിക്കുന്നു.

ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യമില്ല എന്ന് കരുതി ചേച്ചിയെ പോലെ മാറിനില്‍ക്കാന്‍ എനിക്ക് കഴിയില്ല എന്നുള്ളതാണ് പ്രശ്‌നം. ഞാനൊരു സാധാരണ കുടുംബത്തില്‍ ,ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ആളാണ്. ചെറുപ്പം തൊട്ടേ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പടിപടിയായി ബിജെപിയുടെ വിവിധ തലങ്ങളില്‍ എത്തിയതാണ്. അവിടെ ഉണ്ടായ തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ , മാനവിക വിരുദ്ധമായ സംഘപരിവാര്‍ പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് ഉപേക്ഷിച്ചു കൊണ്ടാണ് ഞാന്‍ മതനിരപേക്ഷ പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് കടന്നുവന്നത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലേക്ക് കടന്നുവന്ന നിമിഷം മുതല്‍ ഞാനനുഭവിക്കുന്ന സന്തോഷവും സമാധാനവും എറണാകുളത്ത് മനോരമ ഓഫീസില്‍ വച്ച് കണ്ടപ്പോള്‍ പറഞ്ഞിരുന്നത് ഓര്‍മ്മയുണ്ടാകുമല്ലോ. കോണ്‍ഗ്രസില്‍ ഞാന്‍ പൂര്‍ണ്ണമായും സംതൃപ്തനാണ്. കൂടാതെ യുഡിഎഫിലെ മറ്റ് പാര്‍ട്ടികളിലെ പ്രവര്‍ത്തകരും എന്നെ നെഞ്ചോട് ചേര്‍ത്തിട്ടുണ്ട്. അതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എന്നെ സഹപ്രവര്‍ത്തകനായല്ല കൂടപ്പിറപ്പായാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ പരിഗണിക്കുന്നത്.

ചേച്ചിയുടെ കത്തിലെ ഒരു വാചകം എന്നെ വല്ലാതെ ഹര്‍ഷപുളകിതനാക്കി. ചേച്ചി തെറ്റു തിരുത്തിയതില്‍ എനിക്ക് സന്തോഷമുണ്ട്. കുറച്ചു മാസങ്ങള്‍ക്കു മുന്‍പ് ചേച്ചി എനിക്കെതിരെ ആരോ എഴുതിത്തന്ന ഒരു പോസ്റ്റ് ഇട്ടിരുന്നതില്‍ ഞാന്‍ 2019 ല്‍ മാത്രം ബിജെപിയിലേക്ക് കടന്നു വരികയും സൂത്രപ്പണിയിലൂടെ മുകളില്‍ എത്തുകയും ചെയ്ത ആളാണെന്ന് പറഞ്ഞിരുന്നു. ഈ പോസ്റ്റില്‍ എന്റെ 20 വര്‍ഷക്കാലത്തെ ബിജെപി പ്രവര്‍ത്തനത്തെ അംഗീകരിച്ചതിലും തെറ്റ് തിരുത്തിയതിലും എനിക്ക് നന്ദിയുണ്ട്.

കോണ്‍ഗ്രസില്‍ വന്നതിനുശേഷം കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളിലും സമരങ്ങളിലും തെരഞ്ഞെടുപ്പ് പ്രചരണങ്ങളിലും മുന്നില്‍ നിന്നിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തുന്ന പോരാട്ടങ്ങളില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നിലകൊള്ളാന്‍ കഴിഞ്ഞതില്‍ എനിക്ക് അഭിമാനമുണ്ട്.

ചേച്ചിയോട് ഒരു കാര്യം ചോദിക്കട്ടെ. ഒരു വര്‍ഷക്കാലത്തില്‍ അധികമായി ബിജെപി അംഗമായ ചേച്ചി , സംസ്ഥാന സര്‍ക്കാരിനെതിരായ ഒരു സമരത്തിലെങ്കിലും പങ്കെടുത്ത് ജലപീരങ്കിയില്‍ നിന്ന് ഒരു തുള്ളി വെള്ളമെങ്കിലും ദേഹത്ത് വീണിട്ടുണ്ടോ ? ഒരു സമരപ്രക്ഷോഭത്തില്‍ എങ്കിലും ബിജെപി പ്രവര്‍ത്തകരോടൊപ്പം അറസ്റ്റ് വരിച്ചിട്ടുണ്ടോ ? കേസില്‍ പ്രതിയായിട്ടുണ്ടോ ? ചേച്ചി മാത്രമല്ല, അധികാര പക്ഷത്തുള്ളതിന്റെ പേരില്‍ മാത്രം ബിജെപിയില്‍ ഭാഗ്യന്വേഷികളായി എത്തിയ ദേശീയ മുസ്ലിം അബ്ദുള്ളക്കുട്ടി, അനില്‍ ആന്റണി, ടോം വടക്കന്‍... ഇവരില്‍ ആരെങ്കിലും ബിജെപിയുടെ കൊടിയെടുത്ത് സമരം ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടോ ? സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പം ജലപീരങ്കിയോ പോലീസ് മര്‍ദ്ദനമോ ഏറ്റുവാങ്ങിയോ ? ഇല്ലല്ലോ... എനിക്ക് അഭിമാനത്തോടെ പറയാന്‍ പറ്റും ഞാന്‍ നിങ്ങളെ പോലെ വര്‍ക്ക് ഫ്രം ഹോം അല്ല. വര്‍ക്ക് ഫ്രം ഫീല്‍ഡ് ആണ്...

ഞാന്‍ നടത്തുന്നത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അതുകൊണ്ടുതന്നെ നിരന്തരം രാഷ്ട്രീയ പ്രതികരണങ്ങള്‍ ഉണ്ടാകും. അതാത് ദിവസത്തെ രാഷ്ട്രീയ സംഭവവികാസങ്ങളില്‍ ഞാന്‍ കൃത്യമായി എന്റെ പ്രതികരണം രേഖപ്പെടുത്തും. എല്ലാകാലത്തും അങ്ങനെ തന്നെയാണ് ചെയ്തിട്ടുള്ളത്.

ഞാന്‍ നടത്തിയ ഏത് പ്രതികരണമാണ് ചേച്ചിയെ പ്രകോപിപ്പിച്ചത് എന്ന് സൂചിപ്പിച്ചാല്‍ അതിനുള്ള മറുപടി കൃത്യമായി തരാമായിരുന്നു. പാക്കിസ്ഥാന്‍ ചാര വനിതയെ പി ആര്‍ വര്‍ക്കിന് വേണ്ടി വന്ദേ ഭാരത് ഉദ്ഘാടന ദിവസം കാസര്‍കോട് എത്തിച്ച സംഭവത്തിന്റെ പേരില്‍ ഞാന്‍ നടത്തിയ പ്രതികരണമാണെങ്കില്‍ അതില്‍ എന്താണ് തെറ്റുള്ളത് ? മറ്റുള്ളവര്‍ക്ക് മുഴുവന്‍ രാജ്യദ്രോഹ ചാപ്പയടിക്കുന്ന ബിജെപി നേതാക്കള്‍ പാക്ക്ചാര വനിതയ്ക്ക് റെഡ് കാര്‍പെറ്റ് വെല്‍ക്കം നല്‍കിയത് തുറന്നു കാണിക്കുക തന്നെ വേണ്ടേ ?

എന്തായാലും കോണ്‍ഗ്രസിലെ എന്റെ ഭാവി സംബന്ധിച്ച് ചേച്ചിക്ക് ആശങ്ക വേണ്ട. കാരണം ഞാന്‍ പൊതുപ്രവര്‍ത്തകനാണ്. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നവനാണ്. സ്വന്തം കഴിവിലും പ്രവര്‍ത്തനത്തിലും ആത്മവിശ്വാസമുള്ളവനാണ്. റെക്കമെന്റേഷനില്‍ അല്ല മെറിറ്റില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ശീലിച്ചവനാണ്. ചേച്ചിക്ക് ആയുരാരോഗ്യസൗഖ്യങ്ങള്‍ നേരുന്നു. നല്ല ഭാവി ആശംസിക്കുന്നു.

Tags:    

Similar News