ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് ഒടുവില്‍ സ്ഥാനലബ്ധി; കോണ്‍ഗ്രസ് പാര്‍ട്ടി വക്താവായി നിയമിച്ചു; ഇനി ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനായി വാദിക്കാന്‍ വാര്യരെത്തും; കെപിസിസി പുനസംഘടനയില്‍ കൂടുതല്‍ പദവിയെന്ന് നേതൃത്വത്തിന്റെ ഉറപ്പ്
ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്ക് ഒടുവില്‍ സ്ഥാനലബ്ധി
തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് തല്‍ക്കാലം പദവി ലഭിച്ചു. കെപിസിസി വക്താവായാണ് നിയമിച്ചിരിക്കുന്നത്. ഇദ്ദേഹത്തെ കോണ്‍ഗ്രസ് വക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ തീരുമാനമെടുത്തതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം ലിജു നേതാക്കളെ അറിയിച്ചു.
കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇനി ചാനല്‍ ചര്‍ച്ചകളില്‍ സന്ദീപ് വാര്യര്‍ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വര്‍ഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇന്‍ ചാര്‍ജ്. അതേസമയം പാര്‍ട്ടി പുനഃസംഘടനയില്‍ സന്ദീപ് വാര്യര്‍ക്ക് കൂടുതല്‍ പദവിയും പാര്‍ട്ടി നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്നാണ് വിവരം. പുതിയ നിയമനത്തോട ചാനല്‍ ചര്‍ച്ചകളില്‍ ഇനി കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യര്‍ എത്തും.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേളയില്‍ ബിജെപി വിട്ടെത്തിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് വേദികളില്‍ സജീവമാണ്.
ദീപാദാസ് മുന്‍ഷി, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കളാണ് സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്നും അഭിപ്രായം പറയാന്‍ പോലും ആ പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമില്ലെന്നും സന്ദീപ് ആഞ്ഞടിച്ചിരുന്നു.
പാലക്കാട് നഗരസഭയില്‍ ഇന്നലെ വിമത യോഗം ചേര്‍ന്ന ബിജെപി കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലെത്തിക്കാന്‍ നീക്കം നടത്തിയത് സന്ദീപ് വാര്യരുടെ കൂടെ നേതൃത്വത്തിലായിരുന്നു. ബി.ജെ.പിയുടെ വക്താവായിരുന്ന സന്ദീപ് വാര്യര്‍ പാര്‍ട്ടിയുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് സ്ഥാനം രാജിവെച്ചാണ് കോണ്‍ഗ്രസിലെത്തിയത്. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സന്ദീപ് വാര്യര്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസിലേക്ക് എത്തിയത്.
ഇതിന് പിന്നാലെ സന്ദീപ് വാര്യര്‍ക്ക് കോണ്‍ഗ്രസ് ഉന്നതപദവികള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസിലെ പദവി ഉറപ്പാക്കിയാണ് സന്ദീപ് വാര്യര്‍ പാര്‍ട്ടിവിട്ടതെന്ന് വിമര്‍ശനം ബി.ജെ.പി ഉന്നയിക്കുകയും ചെയ്തിരുന്നു.