'അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കും': പരിയാരത്ത് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ കെ എസ് യു നേതാവിനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കെ എസ് യു; നേതാവിന് എതിരെ നിയമനടപടിക്ക്

കെ എസ് യു നേതാവിനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐ നേതാവ്

Update: 2025-05-30 10:19 GMT

കണ്ണൂര്‍: കെഎസ്യു നേതാവിനെതിരെ എസ്എഫ്‌ഐ നേതാവ് ഭീഷണി മുഴക്കിയതായി ആരോപണം. പരിയാരം ഗവ. മെഡിക്കല്‍ കോളജിലാണ് സംഭവം. യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കെഎസ്യു പ്രവര്‍ത്തകനായ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ തവണ യൂണിയന്‍ സെക്രട്ടറിയായി ജയിച്ച മുനീറിനെയാണ് എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ടി.ജോയല്‍ ഭീഷണിപ്പെടുത്തിയത്.

ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കെഎസ്യു പുറത്തു വിട്ടു. 'അമ്മയാണെ സത്യം നിന്റെ കാല് തച്ച് പൊട്ടിക്കും' എന്നാണ് ഭീഷണി. കഴിഞ്ഞ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്താണ് ഭീഷണിയുണ്ടായത്. ദീര്‍ഘകാലത്തിന് ശേഷം കഴിഞ്ഞ വര്‍ഷം യുഡിഎസ്എഫ് യൂണിയന്‍ പിടിച്ചെടുത്തിരുന്നു. ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്. ഭീഷണിപ്പെടുത്തിയതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കെഎസ്യു നേതാക്കള്‍ അറിയിച്ചു.

ഒരാഴ്ച മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. നാളെയാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Similar News