12 മണിക്ക് മുറിയില്‍ മുട്ടുന്നവരോട് ആരാണെന്ന് ചോദിക്കാതെ കയറി ഇരിക്കാന്‍ പറയാന്‍ പറ്റുമോ? കള്ളന്മാര്‍ ഇത്രയും മോശം പണിയെടുക്കില്ല; എഎ റഹീം എംപി കള്ളം പറയല്‍ അലങ്കാരമായി കൊണ്ടുനടക്കരുത്; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
12 മണിക്ക് മുറിയില്‍ മുട്ടുന്നവരോട് ആരാണെന്ന് ചോദിക്കാതെ കയറി ഇരിക്കാന്‍ പറയാന്‍ പറ്റുമോ?
പാലക്കാട്: കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ താമസിച്ച ഹോട്ടലിലെ പോലീസ് റെയ്ഡില്‍ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍. ഇന്നലെ രാത്രി പൊലീസെത്തിയത് സിപിഎം നിര്‍ദ്ദേശപ്രകാരമെന്ന് ഷാഫി കുറ്റപ്പെടുത്തി. ബിജെപിക്കാര്‍ അവര്‍ക്കൊപ്പം സംഘനൃത്തം കളിക്കാന്‍ വന്നു. ഒന്നും കിട്ടിയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് തരുന്നതില്‍ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പൊലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി. 2.40 ന് ശേഷം വന്ന ആര്‍ഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയില്‍ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും ഷാഫി കുറ്റപ്പെടുത്തി.
പരിശോധനക്ക് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതിയില്ലെന്ന് എഎസ്പി പറഞ്ഞു. എന്നാല്‍ തിരച്ചില്‍ നടത്തിയ പൊലീസുകാര്‍ രഹസ്യ വിവരം കിട്ടിയിട്ടാണ് വന്നതെന്നാണ് പറഞ്ഞത്. എഎസ്പി എല്ലാ മുറികളും പരിശോധിച്ചെന്ന് പറഞ്ഞപ്പോള്‍ സേര്‍ച്ച് നടത്തിയ പൊലീസുകാര്‍ കോണ്‍ഗ്രസുകാരുടെ മുറികള്‍ മാത്രം പരിശോധിച്ചെന്ന് പറഞ്ഞു. സര്‍ട്ടിഫിക്കറ്റില്‍ 2 റൂമില്‍ പരിശോധനയില്‍ ഒന്നും കിട്ടിയില്ലെന്നാണ് എഴുതി തന്നത്. അത് പോലും വ്യക്തമായി എഴുതി തന്നില്ലെന്നു അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ പൊലീസ് കള്ളന്മാരെക്കാള്‍ മോശപ്പെട്ടതാണെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി. കള്ളന്മാര്‍ ഇത്രയും മോശം പണിയെടുക്കില്ല. 12.02 ന് വാതിലില്‍ മുട്ടി തുടങ്ങിയ പരിശോധന. ആര്‍ഡിഒ എത്തിയത് 2.40 ന്. അവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കൊടുക്കാതെയാണ് പൊലീസെത്തിയത്. രാത്രി 12 മണിക്ക് മുറിയില്‍ മുട്ടുന്നവരോട് ആരാണെന്ന് ചോദിക്കാതെ കയറി ഇരിക്കാന്‍ പറയാന്‍ പറ്റുമോ? ഐഡി കാര്‍ഡ് ചോദിച്ചത് തെറ്റാണോയെന്നും ഷാഫി ചോദിച്ചു.
ടിവി രാജേഷിന്റെയും വിജിന്‍ എംഎല്‍എയുടെയും റൂമുകളില്‍ പരിശോധന നടന്നെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളുടെ റൂമുകളില്‍ പരിശോധന നടന്നത് മാത്രം വാര്‍ത്തയായത്. ആസൂത്രിതമായി നടത്തിയ പരിശോധനയാണ്. എഎ റഹീം എംപി കള്ളം പറയല്‍ അലങ്കാരമായി കൊണ്ടുനടക്കരുത്. രാത്രി 12 മണിക്ക് ഭര്‍ത്താവുണ്ടെങ്കിലും ബിന്ദു കൃഷ്ണയുടെ ബാഗില്‍ അവര്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ പുരുഷ പൊലീസുകാര്‍ പരിശോധിച്ചതിന്റെ ഗൗരവം മനസിലാക്കണം. യാതൊരു പ്രോട്ടോക്കോളും പൊലീസ് പാലിച്ചില്ലെന്നും ഷാഫി പറഞ്ഞു. .
ഇന്നലെ അര്‍ദ്ധരാത്രിയായിരുന്നു പരിശോധന. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ എന്നീ വനിതാ നേതാക്കളുടെ മുറികളിലും പരിശോധന നടത്തി. വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാനാവില്ലെന്ന് ഷാനിമോള്‍ ഉസ്മാന്‍ നിലപാടെടുത്തു. കൂടാതെ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് എഴുതിക്കൊടുക്കാന്‍ പൊലീസ് തയ്യാറായില്ല. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ഇതിനിടെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും പുറത്ത് തടിച്ച് കൂടി. പലതവണ സ്ഥലത്ത് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി.
സിപിഎം തിരക്കഥയാണിതെന്നും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കാണിക്കുന്ന നെറികെട്ട രാഷ്ട്രീയക്കളിയാണിതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനായി ബാഗില്‍ ഹോട്ടലില്‍ പണം എത്തിച്ചെന്നും ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിശോധന സംബന്ധിച്ച് പൊലീസിന്റെ വിശദീകരണത്തില്‍ ആശയക്കുഴപ്പമുണ്ട്. എല്ലാ ആഴ്ചയും ഇലക്ഷന്റെ ഭാഗമായുള്ള പരിശോധനയാണ് നടത്തിയതെന്നു പാലക്കാട് എഎസ്പി അശ്വതി ജിജി വിശദീകരിച്ചു. എന്നാല്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയെന്നാണ് പൊലീസ് സെര്‍ച്ച് ലിസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.