'ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്, നീതി കിട്ടിയിട്ടില്ലെന്ന് നടിക്ക് തോന്നുന്നുണ്ടാകും'; സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയായ നിലപാട്; അതിജീവിതക്ക് ഒപ്പമാണെന്നും ശശി തരൂർ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ താൻ അതിജീവിതക്ക് ഒപ്പമാണെന്ന് ശശി തരൂർ എം.പി. വിധിയിൽ നീതി ലഭിച്ചിട്ടില്ലെന്ന് അതിജീവിതക്ക് തോന്നുന്നുണ്ടാകും. ഈ സാഹചര്യത്തിൽ സർക്കാർ അപ്പീലിന് പോകുന്നതാണ് ശരിയായ നിലപാടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇതിൽ ന്യായത്തിന്റെ പക്ഷമാണ് പിടിക്കേണ്ടത്. ഏതെങ്കിലും ഒരു വശം പിടിക്കേണ്ടതില്ല. നീതി കിട്ടിയിട്ടില്ല എന്ന് നടിക്ക് തോന്നുന്നുണ്ടാകുമെന്നും നിയമനടപടികൾ നടക്കട്ടെ" എന്നും തരൂർ കൂട്ടിച്ചേർത്തു. നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ നടൻ ദിലീപിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശിന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിന്, "യു.ഡി.എഫ്. കൺവീനർ പറഞ്ഞത് അദ്ദേഹത്തോട് ചോദിക്കൂ" എന്നായിരുന്നു തരൂരിന്റെ മറുപടി. തന്റെ അഭിപ്രായം താൻ വ്യക്തമാക്കി കഴിഞ്ഞുവെന്നും, മറ്റൊരാൾ പറഞ്ഞ കാര്യത്തിൽ എന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദിലീപ് കുറ്റക്കാരനല്ലെന്നാണ് വിചാരണക്കോടതി കണ്ടെത്തിയിരിക്കുന്നതെങ്കിലും പ്രോസിക്യൂഷന്റെയും അതിജീവിതയുടെയും പോരാട്ടം അവസാനിക്കുന്നില്ല. കുറ്റക്കാരായി കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ചശേഷം 12-നേ ഉത്തരവ് പുറത്തുവരൂ. അതിനുശേഷമേ എന്തെല്ലാം കാരണങ്ങളാലാണ് ദിലീപിന്റെപേരില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ലെന്ന് വിചാരണക്കോടതി കണ്ടെത്തിയതെന്നു വ്യക്തമാകൂ. ഇതിനുശേഷമായിരിക്കും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുക.
ദിലീപിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്ന ശക്തമായ വാദമായിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. എന്നാല്‍, ഇതൊന്നും ദിലീപിനെ ഗൂഢാലോചനയുമായി ബന്ധിപ്പിക്കാന്‍ പര്യാപ്തമല്ലെന്ന് വിചാരണക്കോടതി കണ്ടെത്തിയെന്നാണ് വിലയിരുത്തല്‍. ദിലീപിനെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ വ്യക്തമാക്കി 1512 പേജുള്ള വിശദീകരണപത്രികയായിരുന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിയില്‍ നല്‍കിയത്. മേല്‍ക്കോടതികളില്‍ വിഷയമെത്തുമ്പോള്‍ ദിലീപ് രേഖാമൂലം മറുപടി നല്‍കേണ്ടിവരുമെന്നും ചൂണ്ടിക്കാട്ടുന്നു.
പള്‍സര്‍ സുനിയെ അറിയില്ല എന്ന നിലപാടായിരുന്നു ദിലീപ് കേസിന്റെ തുടക്കംമുതല്‍ സ്വീകരിച്ചത്. അത് തള്ളുന്ന വാദങ്ങളായിരുന്നു പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. കേസിന്റെ തുടക്കത്തില്‍ അതിജീവിതയുടെ സഹോദരന്‍ നല്‍കിയ മൊഴിയില്‍ത്തന്നെ കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന സൂചനകളുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ രേഖകളിലുണ്ട്.
