ക്യാപ്ടന്‍ ചര്‍ച്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞപ്പോള്‍ 'ഞാനാകാം ക്യാപ്ടന്‍' എന്ന ലൈനില്‍ തരൂര്‍! കേരളത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തക്ക് ഏറ്റവും പിന്തുണയുള്ള കോണ്‍ഗ്രസ് നേതാവെന്ന സര്‍വേ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് തരൂര്‍; 28 ശതമാനം പേരുടെ പിന്തുണ ചൂണ്ടിക്കാട്ടി തരൂര്‍ വീണ്ടും ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുന്നോ?

ക്യാപ്ടന്‍ ചര്‍ച്ച വേണ്ടെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞപ്പോള്‍ 'ഞാനാകാം ക്യാപ്ടന്‍' എന്ന ലൈനില്‍ തരൂര്‍!

Update: 2025-07-09 09:02 GMT

ന്യൂഡല്‍ഹി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ക്യാപ്ടനാക്കി അവതരിപ്പിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍, ഇത് പിടിക്കാതെ വന്നതോടെ രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ അതൃപ്തി അറിയിച്ചു. ഇതോടെ ഹൈക്കമാന്‍ഡ് ഇടപെട്ട് അത്തരം ചര്‍ച്ചകളൊന്നും ഇപ്പോള്‍ വേണ്ടെന്ന തീരുമാനെടുത്തു. എന്നാല്‍, ഹൈക്കമാന്‍ഡിന്റെ ഈ നിര്‍ദേശത്തെ തള്ളിക്കൊണ്ട് സ്വയം ക്യാപ്ടനാകാന്‍ റെഡിയായി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂര്‍ എംപി രംഗത്തെത്തി.

കോണ്‍ഗ്രസുമായുള്ള തര്‍ക്കങ്ങള്‍ക്കിടെ മുഖ്യമന്ത്രി സര്‍വ്വേയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെക്കുയാണ് തരൂര്‍ ചെയ്തത്. യുഡിഎഫില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് കൂടുതല്‍ പേര്‍ പിന്തുണക്കുന്നതെന്ന സര്‍വേ റിപ്പോര്‍ട്ടാണ് ശശി തരൂര്‍ പങ്കുവച്ചത്. 28.3 ശതമാനം പേരുടെ പിന്തുണ തരൂരിന് ഉണ്ടെന്നാണ് വോട്ട് വൈബ് സര്‍വേയില്‍ പറയുന്നത്. 27 ശതമാനം പേര്‍, യുഎഡിഎഫില്‍ ആരാകും മുഖ്യമന്ത്രിയെന്നതില്‍ അനിശ്ചിതത്വമെന്നും അഭിപ്രായപ്പെടുന്നുണ്ട്.

24 ശതമാനം പേര്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയായി കെകെ ശൈലജ വരണമെന്നും താല്‍പര്യപ്പെടുന്നു. 17.5 ശതമാനം പേരുടെ പിന്തുണ മാത്രമാണ് പിണറായിക്കുള്ളത്. 41.5 ശതമാനം പേര്‍ എല്‍ഡിഎഫിലെ അനിശ്ചിതത്വവും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സര്‍വ്വേയാണ് തരൂര്‍ പങ്കുവെച്ചത്. കോണ്‍ഗ്രസുമായി ബന്ധം ഉലഞ്ഞുനില്‍ക്കുന്ന സാഹചര്യത്തിലാണ് തരൂരിന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്. ഇതോടെ യുഡിഎഫില്‍ മറ്റൊരു ചര്‍ച്ച ഉയരാനും സാധ്യതയുണ്ട്.

അതേസമയം ഹൈക്കമാന്‍ഡിനെ ധിക്കരിക്കുന്ന ലൈനാണ് തരൂര്‍ സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. വോട്ട് വൈബ് എന്ന ഏജന്‍സി സംഘടിപ്പിച്ച സര്‍വേയില്‍ നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനേക്കാള്‍ അഭിപ്രായ സര്‍വേയില്‍ ബഹുദൂരം മുന്നിലാണ് ശശി തരൂര്‍. സതീശന് 15.4 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവും കൂടിയായ രമേശ് ചെന്നിത്തലയെ 8.2 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരനെ 6 ശതമാനം പേരും കെ സുധാകരനെ 5 ശതമാനം പേരും സര്‍വേയില്‍ പിന്തുണച്ചു.

കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും എംപിയുമായ കെ സി വേണുഗോപാലിനെ 4.2 ശതമാനം പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയെ 4 ശതമാനം പേരും ഉയര്‍ത്തിക്കാട്ടുന്നു. നിലവിലെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ 2 ശതമാനം ആളുകളാണ് പിന്തുണച്ച് രംഗത്തു വന്നിട്ടുള്ളത്.

മറ്റു നേതാക്കള്‍/ അഭിപ്രായം പറയാനില്ല എന്ന് രേഖപ്പെടുത്തിയത് 27.1 ശതമാനം ആളുകളാണ്. ഭാവി കേരളത്തിന്റെ വികസനത്തില്‍ ഏതു മുന്നണിയെയാണ് പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന്, യുഡിഎഫിനെയാണ് കൂടുതലും പേര്‍ പിന്തുണച്ചിട്ടുള്ളത്. 38.9 ശതമാനം പേരാണ് യുഡിഎഫിനെ അനുകൂലിച്ചത്. എല്‍ഡിഎഫിനെ 27.8 ശതമാനം പേരും, എന്‍ഡിഎയെ 23.1 ശതമാനം പേരും പിന്തുണച്ചു. മറ്റുള്ളവയെ 4.2 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍, ആറു ശതമാനം പേര്‍ അഭിപ്രായം പറയാനില്ലെന്ന് രേഖപ്പെടുത്തി.

അതേസമയം ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിക്കാന്‍ വിദേശരാജ്യങ്ങളില്‍ അയച്ച സര്‍വകക്ഷി സംഘങ്ങളുടെ ഇടപെടല്‍ ഫലപ്രദമെന്ന് വിലയിരുത്തി ഇത്തരം ദൗത്യങ്ങള്‍ക്ക് സ്ഥിരംസമിതി രൂപീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സംഘങ്ങളിലൊന്നിനെ നയിച്ച കോണ്‍ഗ്രസ് എം.പി ശശി തരൂരിനെ സമിതിയുടെ അദ്ധ്യക്ഷനാക്കിയേക്കും.അന്താരാഷ്ട്ര വിഷയങ്ങളില്‍ തത്പരനായ തരൂര്‍ ഓഫര്‍ തള്ളാനിടയില്ല. വിദേശയാത്ര കഴിഞ്ഞെത്തിയ സംഘാംഗങ്ങള്‍ക്ക് ഔദ്യോഗിക വസതിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയ സ്വീകരണത്തില്‍ തരൂരിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു.

വിദേശരാജ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ച തരൂരിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നുണ്ട്. തരൂരിന് പുതിയ പദവി നല്‍കി ഇത് ആളിക്കത്തിക്കാനാണ് കേന്ദ്ര നീക്കം. അതേസമയം തരൂര്‍ പാര്‍ട്ടി ലൈന്‍ ലംഘിച്ചിട്ടില്ലെന്ന് എ.ഐ.സി.സി നേതാവ് താരിഖ് അന്‍വര്‍ പറഞ്ഞത് ശ്രദ്ധേയമായി. സംഘത്തിലേക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ആനന്ദ് ശര്‍മ്മ മാത്രമാണ് ഹൈക്കമാന്‍ഡുമായി യാത്രാ വിവരം പങ്കുവച്ചത്. പത്രസമ്മേളനത്തിലൂടെ വിശദമാക്കാമെന്ന തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, മനീഷ് തിവാരി എന്നിവരുടെ നിര്‍ദ്ദേശം കോണ്‍ഗ്രസ് പരിഗണിച്ചിട്ടില്ല. മൂവരും കേന്ദ്ര നോമിനികളായിരുന്നു.

Tags:    

Similar News