കോണ്‍ഗ്രസ് വിട്ടാല്‍ ശശി തരൂര്‍ അനാഥമാകില്ല; കോണ്‍ഗ്രസില്‍ നിന്ന് വന്ന പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്ന് തോമസ് ഐസക്ക്; 'ഇത്രയും കാലം കോണ്‍ഗ്രസില്‍ തുടര്‍ന്നത് അത്ഭുത'മെന്നും പ്രതികരണം; തരൂരിനായി ചൂണ്ടയിട്ട് സിപിഎം

കോണ്‍ഗ്രസ് വിട്ടാല്‍ ശശി തരൂര്‍ അനാഥമാകില്ല;

Update: 2025-02-23 10:11 GMT

തിരുവനന്തപുരം: ശശി തരൂരിന് വേണ്ടി ചൂണ്ടയിട്ട് സിപിഎം. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശശി തരൂരിനെ സി.പി.എം സ്വാഗതം ചെയ്യുമെന്ന സൂചനകള്‍ നല്‍കി ഡോ. ടി.എം. തോമസ് ഐസക് രംഗത്തുവന്നു. കോണ്‍ഗ്രസ് വിട്ടാല്‍ ശശി തരൂര്‍ അനാഥമാകില്ലെന്ന് ഐസക് പറഞ്ഞു. ഇത്രയും കാലം തരൂര്‍ കോണ്‍ഗ്രസ്സില്‍ തുടര്‍ന്നതാണ് അത്ഭുതം. തരൂര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കട്ടെ. കോണ്‍ഗ്രസില്‍ നിന്ന് വന്ന പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്നാണ് 'ദി ഇന്ത്യന്‍ എക്‌സ്പ്രസി'ന് നല്‍കിയ അഭിമുഖത്തില്‍ ശശി തരൂര്‍ എം.പി പറഞ്ഞത്. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാല് തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.

ശശി തരൂരിന് പിന്തുണയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തെത്തിയിരുന്നു. കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിയുന്ന നേതാവാണ് തരൂര്‍ എന്നും അദ്ദേഹത്തെ വിലകുറച്ച് കാണേണ്ട കാര്യമില്ലെന്നുമായിരുന്നു എം.വി. ഗോവിന്ദന്റെ പ്രതികരണം.

അതേസമയം, തരൂര്‍ ചിന്തിക്കുന്ന മനുഷ്യനെന്ന് ഇ.പി. ജയരാജന്‍ പറഞ്ഞു. യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞതിന് തരൂരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നു. തരൂര്‍ ക്വാളിറ്റിയുള്ള നേതാവാണെന്നും അതിനാലാണ് പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതെന്നും ശശി തരൂരിന് അനാഥത്വം ഉണ്ടാകില്ലെന്നും ജയരാജന്‍ പറഞ്ഞു.

Tags:    

Similar News