മാസപ്പടി കേസില്‍ വീണ വിജയന്‍ ഒരു ഫാക്ടര്‍ അല്ല; മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും; സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി എസ്എഫ്‌ഐഒയുടെ ചോദ്യം ചെയ്യലെന്നും ഷോണ്‍ ജോര്‍ജ്; വലിയ പ്രതീക്ഷയില്ലെന്ന് മാത്യു കുഴല്‍നാടന്‍
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരും
കോട്ടയം: മാസപ്പടി കേസില്‍ വീണ വിജയന്‍ ഒരു ഫാക്ടര്‍ അല്ലെന്ന് കേസിലെ പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്്. വീണയുടേത് ഒരു കറക്കുകമ്പനിയാണ്. മുഖ്യമന്ത്രിയുടെ മകള്‍, റിയാസിന്റെ ഭാര്യ എന്നീ നിലയില്‍ ആണ് പണമിടപാട് നടത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയിലേക്ക് അടക്കം അന്വേഷണം വരുമെന്നും ഷോണ്‍ പറഞ്ഞു. സിപിഎം - ബിജെപി ബന്ധം എന്ന പ്രചാരണത്തിന് കൂടി മറുപടി ആണിത്. ഇപ്പോള്‍ ബന്ധമൊന്നുമില്ലെന്ന് മനസിലായില്ലേ എന്നും ഷോണ്‍ ചോദിച്ചു. മുഖ്യമന്ത്രിക്ക് ഇപ്പോള്‍ പഴയ ഇരട്ട ചങ്ക് ഇല്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
എസ്എഫ്‌ഐഒ വീണ വിജയന്റെ മൊഴിയെടുത്തതിന് പിന്നാലെയാണ് ഷോണ്‍ ജോര്‍ജിന്റെ പ്രതികരണം. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ടാണ്. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് കേസ് ഫയല്‍ ചെയ്തതെന്ന് ഷോണ്‍ പറഞ്ഞു. എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെടുമ്പോള്‍ തന്നെ ശുഭ പ്രതീക്ഷയായിരുന്നു. പിണറായി വിജയന്‍ എന്ന കളളനാണയത്തെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ ഷോണ്‍ ജോര്‍ജ് നന്നായി ഹോം വര്‍ക്ക് ചെയതിട്ടാണ് കേസ് ആയി മുന്നോട്ട് പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം, എസ്എഫ്‌ഐഒ വീണയുടെ മൊഴി എടുത്തതിലോ അന്വേഷണത്തിലോ വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നില്ലെന്ന് മാത്യു കുഴല്‍നാന്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും നീക്കങ്ങളും വീണയെ സഹായിക്കാന്‍ വേണ്ടിയുളളതാണ്. കേന്ദ്രസര്‍ക്കാര്‍ സത്യസന്ധമാണെങ്കില്‍ ഇഡി അന്വേഷണം ഏര്‍പ്പെടുത്തിയേനെ. ഹൈക്കോടതി എന്ത് നടപടി എടുത്തുവെന്ന് കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചപ്പോള്‍ എസ്എഫ്‌ഐഒ അന്വേഷണവുമായി മുന്നോട്ടു പോകുന്നുവെന്നാണ് പറഞ്ഞത്. ഹൈക്കോടതി വിധി പറഞ്ഞിരുന്നാല്‍ മുഖ്യമന്ത്രിക്ക് തിരിച്ചടിയായേനെയെന്നും അദ്ദേഹം പറഞ്ഞു.