അനധികൃത സമ്പാദ്യത്തിനെതിരേ പരാതി നല്‍കി ജില്ലാ സെക്രട്ടറിയെ തരം താഴ്ത്തിയപ്പോള്‍ നഷ്ടമായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം; രാഹുല്‍ മാങ്കൂട്ടത്തെ പിന്തുണച്ചപ്പോള്‍ സൈബര്‍ ആക്രമണം; സിപിഐയിലെ പെണ്‍പോരാളി ശ്രീനാദേവി കുഞ്ഞമ്മ ഇനി കോണ്‍ഗ്രസില്‍; പത്തനംതിട്ട ജില്ലാ പഞ്ചായത്തിലേക്ക് പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് മത്സരിക്കും

ശ്രീനാദേവി കുഞ്ഞമ്മ ഇനി കോണ്‍ഗ്രസില്‍

Update: 2025-11-17 17:05 GMT

പത്തനംതിട്ട: നേതാക്കള്‍ക്കെതിരേ ഉറച്ചു നിന്ന് പോരാടി ആദ്യ ഘട്ടം വിജയം നേടിയെങ്കിലും അന്തിമമായി പരാജയപ്പെട്ട് പാര്‍ട്ടിക്ക് പുറത്തു പോയ സിപിഐയുടെ മുന്‍ ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നു. അംഗത്വം ഏറ്റു വാങ്ങിയതിന് പിന്നാലെ ശ്രീനാദേവിയെ ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസിന്റെ പട്ടിക പുറത്ത്. 15 സീറ്റില്‍ കോണ്‍ഗ്രസും രണ്ടു സീറ്റില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. കോണ്‍ഗ്രസില്‍ തര്‍ക്കമുളള അങ്ങാടി ഡിവിഷനില്‍ തീരുമാനമായില്ല.

രാവിലെ കെ.പി.സി.സി ആസ്ഥാനത്ത് എത്തി പ്രസിഡന്റ് സണ്ണി ജോസഫിനെ കണ്ട് ചര്‍ച്ച നടത്തിയാണ് ശ്രീനാദേവി കോണ്‍ഗ്രസിലേക്കുള്ള പ്രവേശനം ഉറപ്പിച്ചത്. വൈകിട്ട് അഞ്ചിന് രാജീവ് ഭവനില്‍ വച്ച് ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ അംഗത്വം നല്‍കി. സി.പി.ഐയില്‍ നേരിടേണ്ടി വന്ന അവഗണനകളും തിക്താനുഭവങ്ങളുമാണ് തന്നെ കോണ്‍ഗ്രസിലെത്തിച്ചതെന്ന് ശ്രീനാദേവി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പാണ് ശ്രീനാദേവി ജില്ലാ പഞ്ചായത്തംഗത്വം രാജി വച്ചത്.

ശ്രീനാദേവി കഴിഞ്ഞ ജില്ലാ പഞ്ചായത്തില്‍ സി.പി.ഐ പ്രതിനിധിയായി പ്രസിഡന്റ് ആകുമെന്ന് കരുതിയിരുന്നതാണ്. സി.പി.ഐ ജില്ലാ സെക്രട്ടറിയായിരുന്ന എ.പി. ജയനെതിരേ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു പോയത്. ശ്രീനാദേവി തെളിവുകള്‍ സഹിതം നല്‍കിയ പരാതി പരിഗണിച്ച സംസ്ഥാന നേതൃത്വം എ.പി.ജയനെ തരംതാഴ്ത്തി. പക്ഷേ, പരാതി ഉന്നയിച്ച ശ്രീനാദേവിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഒരിക്കലും തയാറായില്ല.

ജയന്‍ അനുകൂലികള്‍ ഒന്നിച്ച് ഇറങ്ങിയതോടെ ശ്രീനാദേവിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റാക്കുന്നത് തടയാന്‍ കഴിഞ്ഞു. പകരം രാജി പി. രാജപ്പന്‍ ഒരേ ഭരണ സമിതിയുടെ കാലയളവില്‍ സി.പി.ഐയില്‍ നിന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും പ്രസിഡന്റുമായി. രാഹുല്‍ മാങ്കൂട്ടം വിവാദത്തിലും ശ്രീനാദേവിക്കെതിരേ സൈബര്‍ ആക്രമണം ഉണ്ടായി. രാഹുലിനെ പിന്തുണച്ചതിന്റെ പേരില്‍ വേട്ടയാടാനും നീക്കം നടന്നു. അതെല്ലാം അതിജീവിച്ചാണ് ശ്രീനാദേവി കോണ്‍ഗ്രസില്‍ എത്തുന്നത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ്, വ്യാപാരി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീനാദേവി കെ.പി.സി.സി ആസ്ഥാനത്ത് എത്തിയത്.

ഡി.സി.സി ഓഫീസില്‍ ശ്രീനാദേവിക്ക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ്, അംഗം ജോര്‍ജ് മാമന്‍ കൊണ്ടൂര്‍, മുന്‍ എം.എല്‍. എ മാലേത്ത് സരളാദേവി, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, എലിസബത്ത് അബു, ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ്‌കുമാര്‍, വ്യാപാരി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അബ്ദുള്‍ ഷുക്കൂര്‍, സജി കൊട്ടയ്ക്കാട്, ജെറി മാത്യു സാം, അജിത്ത് മണ്ണില്‍ എന്നിവര്‍ സംബന്ധിച്ചു.

യു.ഡി.എഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

പത്തനംതിട്ട: ജില്ലയില്‍ അങ്ങാടി ഒഴികെയുള്ള 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അങ്ങാടി ഡിവിഷനില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. 15 സീറ്റില്‍ കോണ്‍ഗ്രസും രണ്ടില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. ചിറ്റാര്‍ ഡിവിഷന് മുസ്ലിം ലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. പിന്നീട് തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിച്ചു. സ്ഥാനാര്‍ത്ഥികളുടെ പേരും ഡിവിഷനും ചുവടെ:

പ്രമാടം-ദീനാമ്മ റോയി, കലഞ്ഞൂര്‍-ലക്ഷ്മി .ജി. നായര്‍, കോയിപ്രം-നീതു മേരി മാമ്മന്‍, മല്ലപ്പള്ളി-ഡോ. ബിജു ടി. ജോര്‍ജ്, ആനിക്കാട്-സതീഷ് ബാബു, ഏനാത്ത് - അഡ്വ. സവിതാ അഭിലാഷ്, കുളനട-രമ ജോഗീന്ദര്‍, ഇലന്തൂര്‍-ജെസി വര്‍ഗീസ്, കോന്നി-എസ്. സന്തോഷ് കുമാര്‍, മലയാലപ്പുഴ-എം.വി. അമ്പിളി, പള്ളിക്കല്‍- ശ്രീനാദേവിക്കുഞ്ഞമ്മ, കോഴഞ്ചേരി-അനീഷ് വരിക്കണ്ണാമല, കൊടുമണ്‍-ബി. പ്രസാദ് കുമാര്‍, ചിറ്റാര്‍ -അനൂപ് വേങ്ങവിളയില്‍ (കോണ്‍ഗ്രസ്), പുളിക്കീഴ്-സാം ഈപ്പന്‍, റാന്നി-ജൂലി സാബു ഓലിക്കല്‍ (കേരള കോണ്‍ഗ്രസ്) എന്നിവരാണ് സ്ഥാനാര്‍ഥികള്‍.

Tags:    

Similar News