സതീശന്‍ 'വരമ്പ്' ചാടി, ഇനി കളി മാറും! അന്ന് പറവൂരില്‍ ജയിപ്പിച്ചത് താന്‍ ഫോണ്‍ വിളിച്ചതുകൊണ്ട്; പഴയ കണക്കുകള്‍ നിരത്തി സുകുമാരന്‍ നായര്‍; ദൂതനെ വിട്ടിട്ടും പെരുന്നയില്‍ രക്ഷയില്ല; പ്രതിപക്ഷ നേതാവിന് മാപ്പില്ലെന്ന് സുകുമാരന്‍ നായര്‍
വി ഡി സതീശനെതിരെ വീണ്ടും ആഞ്ഞടിച്ച് സുകുമാരന്‍ നായര്‍
കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വീണ്ടും ആഞ്ഞടിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമുദായ സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടെന്ന് പറയുന്ന സതീശന്‍, വോട്ട് തേടി സംഘടനകളുടെ പടിവാതില്‍ക്കല്‍ എത്തരുതെന്ന് അദ്ദേഹം തുറന്നടിച്ചു. സതീശന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമില്ലെന്നും, അദ്ദേഹം പരിധിവിട്ട് സംസാരിക്കുകയാണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വി ഡി സതീശന്റെ മുന്‍കാല രാഷ്ട്രീയ വിജയങ്ങളില്‍ എന്‍എസ്എസ് വഹിച്ച പങ്ക് സുകുമാരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു. മുന്‍പ് സഹായം തേടി സതീശന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. അന്ന് പറവൂരിലെ എന്‍എസ്എസ് നേതൃത്വത്തെ ഫോണില്‍ വിളിച്ച് സതീശനെ പിന്തുണയ്ക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചിരുന്നു.
അന്നത്തെ സാഹചര്യമല്ല ഇന്നുള്ളത്. സമുദായത്തെ നിഷേധിക്കുന്ന നിലപാടാണ് സതീശന്റേത്. അതിനാല്‍ ഇത്തവണ പറവൂരിലെ സമുദായ അംഗങ്ങള്‍ അവരുടെ ഇഷ്ടത്തിനനുസരിച്ച് സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സതീശന്‍ ഇടയ്ക്ക് ഒരു ദൂതനെ വിട്ട് അനുനയത്തിന് ശ്രമിച്ചിരുന്നു. എന്നാല്‍ സമുദായ വിരുദ്ധ പരാമര്‍ശങ്ങള്‍ തിരുത്താതെ ഇനി വിട്ടുവീഴ്ചയില്ലെന്ന കര്‍ക്കശ നിലപാടിലാണ് എന്‍എസ്എസ്.
സര്‍ക്കാരിനോടും രാഷ്ട്രീയത്തോടും കൃത്യമായ അകലം
നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ചും സുകുമാരന്‍ നായര്‍ വ്യക്തമായ നിരീക്ഷണം നടത്തി.
'ഇപ്പോള്‍ മന്ത്രിസഭയില്‍ എത്ര നായര്‍ മന്ത്രിമാരുണ്ട്? എന്‍എസ്എസ് ആരുടെയും മുന്നില്‍ യാചിക്കാന്‍ നില്‍ക്കില്ല. നിയമപരമായി ലഭിക്കേണ്ട അവകാശങ്ങള്‍ക്കായി കോടതിയില്‍ പോകാനും മടിക്കില്ല.' - ജി. സുകുമാരന്‍ നായര്‍ പറഞ്ഞു.
എന്‍എസ്എസ് ഒരിക്കലും ന്യൂനപക്ഷ വിരുദ്ധത പറയില്ല. എല്ലാ സമുദായങ്ങളും തങ്ങള്‍ക്ക് ഒരുപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷി സംവരണം നടപ്പിലാക്കിയപ്പോള്‍ എന്‍എസ്എസ് ജാതി നോക്കിയിട്ടില്ല. ഇത് മറ്റ് മാനേജ്മെന്റുകളും മാതൃകയാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പെരുന്നയുടെ പടിവാതില്‍ ആര്‍ക്കും തുറന്നിരിക്കും
ആര് പെരുന്നയില്‍ വന്നാലും കാണാന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. അത് സംഘടനയുടെ മര്യാദയാണെന്നും എന്നാല്‍ അത് സമുദായ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന്‍ പറഞ്ഞത് അബദ്ധമാണെന്ന് പരസ്യമായി സമ്മതിക്കാന്‍ അദ്ദേഹം തയ്യാറാകണമായിരുന്നു. അതിന് കഴിയാത്തടത്തോളം കാലം സതീശനുമായി ഇനിയൊരു അനുനയ ചര്‍ച്ച ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് ചങ്ങനാശേരിയില്‍ നിന്നും പുറത്തുവരുന്നത്.
