കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം: പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന് സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല; പരസ്യ വിമര്‍ശനത്തിന് പിന്നാലെ പിജെ കുര്യനെ തള്ളാതെ സണ്ണി ജോസഫ്
കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം
ആലപ്പുഴ: യൂത്ത് കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനെ തള്ളാതെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. 'കുര്യന്‍ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണമാണ്. പാര്‍ട്ടി കൂടുതല്‍ ശക്തമാകണമെന്ന് സീനിയര്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. മറ്റു നേതാക്കള്‍ വിമര്‍ശനം കടിപ്പച്ചപ്പോഴാണ് സണ്ണി ജോസഫ് മയപ്പെടുത്തിയത് എന്നതാണ് ശ്രദ്ദേയം.
ശക്തമായ സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ പൊലീസിന്റെ അക്രമങ്ങള്‍ നേരിട്ടാണ് മുന്നോട്ട് പോവുന്നത്. ഈ പ്രതിസന്ധികളിലും സമര പരിപാടികള്‍ ശക്തമാണ്'. സണ്ണിജോസഫ് പറഞ്ഞു.
അതേസമയം യൂത്ത് കോണ്‍ഗ്രസിനെതിരെ നടത്തിയ പരസ്യ വിമര്‍ശനത്തില്‍ പിജെ കുര്യന്‍ ഉറച്ച് നില്‍ക്കുകയാണ്. സദുദ്ദേശപരമായ നിര്‍ദേശമാണ് മുന്നോട്ട് വെച്ചതെന്നും പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളില്‍ ഒരിടത്തും യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റികളില്ലെന്നും പി ജെ കുര്യന്‍ വിശദീകരിച്ചു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് അതുപറഞ്ഞത്. തിരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ സിപിഐഎം ഗുണ്ടായിസം നേരിടണമെങ്കില്‍ ഓരോ പഞ്ചായത്തിലും ബൂത്തിലും നമുക്കും ചെറുപ്പക്കാര്‍ വേണം.
സമരത്തില്‍ മാത്രം കേന്ദ്രീകരിക്കാതെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പഞ്ചായത്തുകളിലേക്ക് പോകണം എന്നും പി ജെ കുര്യന്‍ വ്യക്തമാക്കി. അഭിപ്രായം പാര്‍ട്ടിക്ക് വേണ്ടി പറഞ്ഞതാണെന്നും അതില്‍ ദോഷം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. കൂട്ടത്തില്‍ എസ്എഫ്ഐയെ പരാമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അതില്‍ ദുരുദ്ദേശപരമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സംഘടിപ്പിച്ച സമരസംഗമം പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പ്രശംസിച്ചും പി ജെ കുര്യന്‍ സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയണ്ടേ എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനോടുള്ള കുര്യന്റെ ചോദ്യം.
ക്ഷുഭിത യൗവ്വനത്തെ എസ്എഫ്‌ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വ്വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി ജെ കുര്യന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയിലിരുത്തി ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ വേദിയില്‍ വെച്ച് തന്നെ ഇതിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് കെഎസ്യു നേതാക്കളും പ്രവര്‍ത്തകരും ഇദ്ദേഹത്തിനെതിരെ രംഗത്തെത്തുകയായിരുന്നു.