'ആലപ്പുഴ സമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമര്‍ശങ്ങളുണ്ടായി; നടന്നത് വി എസ് വധം ആട്ടക്കഥയായിരുന്നു; അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു; വിഎസിനെതിരെ പറഞ്ഞവര്‍ക്ക് സ്ഥാനക്കയറ്റം കിട്ടി'; സുരേഷ് കുറുപ്പിന്റെ ആരോപണത്തെ പിന്തുണച്ച് മുന്‍ പി എ എ സുരേഷ്
ആലപ്പുഴ സമ്മേളനത്തില്‍ കാപ്പിറ്റല്‍ പണിഷ്മെന്റ് പ്രയോഗം മാത്രമായിരുന്നില്ല, നിരവധി പരാമര്‍ശങ്ങളുണ്ടായി
തിരുവനന്തപുരം: സിപിഎം 2015ലെ സിപിഎം ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെതിരെ കാപ്പിറ്റല്‍ പണിഷ്‌മെന്റ് ആരോപത്തിന് അപ്പുറത്തേക്കും ആരോപണങ്ങള്‍ ഉണ്ടായതായി മുന്‍ പി എ എ സുരേഷ്. സിപിഎം നേതാവ് സുരേഷ് കുറുപ്പിന്റെ വാദങ്ങളെ ശരിവെച്ചു കൊണ്ടാണ് സുരേഷ് രംഗത്തുവന്നത്. ആലപ്പുഴ സമ്മേളനം വിഎസിനെ അധിക്ഷേപിക്കാന്‍ വേണ്ടി മാത്രമാണ് നടത്തിയതെന്ന് സുരേഷ് പറയുന്നു.
2012ലെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തില്‍ വിഎസിന് വലിയ വേദനയും വിഷമവും ഉണ്ടായിരുന്നുവെന്ന് സുരേഷ് പറഞ്ഞു. പിന്നീട് ഇതിന് മറുപടി പറയാന്‍ വിഎസ് നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. ആലപ്പുഴ സമ്മേളനം വിഎസ് വധം ആട്ടക്കഥയായിരുന്നു. അത്രത്തോളം ഒരു മനുഷ്യനെ ഇരുത്തിക്കൊണ്ട് അധിക്ഷേപിച്ചു. ഒരു പരാമര്‍ശം മാത്രമല്ല അധിക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ഉണ്ടായതോടെയാണ് പ്രതിഷേധിച്ചുകൊണ്ടാണ് വിഎസ് സമ്മേളനം ബഹിഷ്‌കരിച്ചുകൊണ്ട് പുറത്തേക്ക് പോയത്.
ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെതിരെ അതിരൂക്ഷമായി പറഞ്ഞവര്‍ക്കെല്ലാം സ്ഥാനക്കയറ്റം കിട്ടിയിട്ടുണ്ടെന്ന് സുരേഷ് പറയുന്നു. സംസ്ഥാന കമ്മിറ്റിയില്‍ വരെ സ്ഥാനം കിട്ടിയവരുണ്ടെന്ന് സുരേഷ് പറയുന്നു. ആലപ്പുഴ സമ്മേളനത്തില്‍ വിഎസിനെ അധിക്ഷേപിച്ച യുവ വനിത നേതാവ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലെത്തിയെന്ന് അദേഹം പറഞ്ഞു. തിരുവനന്തപുരത്തും ആലപ്പുഴയിലും നടന്ന സമ്മേളനങ്ങളില്‍ സംഘടിതമായ ആക്രമണമാണ് വിഎസിനെതിരെ നടത്തിയതെന്ന് സുരേഷ് പറഞ്ഞു.
ആലപ്പുഴയിലെ സംസ്ഥാന സമ്മേളനവേദിയില്‍, വി എസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് ഒരു കൊച്ചുപെണ്‍കുട്ടി പറഞ്ഞെന്നാണ് സുരേഷ് കുറുപ്പിന്റെ വെളിപ്പെടുത്തല്‍. ഇതിനുശേഷമാണ് വി എസ് സമ്മേളനത്തില്‍ നിന്നും മടങ്ങിയതെന്നും മാതൃഭൂമി വാരന്തപ്പതിപ്പിലെഴുതിയ ലേഖനത്തില്‍ കെ സുരേഷ് കുറുപ്പ് തുറന്നുപറഞ്ഞു.
ഒറ്റപ്പെട്ടപ്പോഴും വി എസ് പോരാട്ടം തുടര്‍ന്നു കൊണ്ടിരുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ആലപ്പുഴ സമ്മേളനത്തിലെ സംഭവം സുരേഷ് കുറുപ്പ് വിശദീകരിക്കുന്നത്. 'താന്‍പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതായിരുന്നു വി എസ് നയം എപ്പോഴും. അദ്ദേഹത്തിന്റെ കൊച്ചുമക്കളുടെ പ്രായം മാത്രമുള്ളവര്‍ സമ്മേളനങ്ങളില്‍ അദ്ദേഹത്തിനെതിരെ നിലവിട്ട ആക്ഷേപങ്ങള്‍ ഉന്നയിച്ചു'വെന്ന ആമുഖത്തോടെയാണ് സുരേഷ് കുറുപ്പ് ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോകാനുണ്ടായ സാഹചര്യം വിശദീകരിച്ചിരിക്കുന്നത്.
സമ്മേളനത്തില്‍ നിന്നും പുറത്തേക്കിറങ്ങിയ വി എസിന്റെ ശരീരഭാഷയും കുറിപ്പില്‍ സുരേഷ് കുറുപ്പ് വിശദീകരിക്കുന്നുണ്ട്. 'ഏകനായി, ദുഃഖിതനായി പക്ഷെ തലകുനിക്കാതെ, ഒന്നും മിണ്ടാതെ ആരെയും നോക്കാതെ അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേയ്ക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാര്‍ട്ടിയെ അധിക്ഷേപിച്ചില്ല' എന്നും സുരേഷ് കുറുപ്പ് കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.
താന്‍ എങ്ങനെ വി എസ് പക്ഷമായി മുദ്രകുത്തപ്പെട്ടു എന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നുണ്ട്. കരുണാകരന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സി വി പത്മരാജനെതിരെ വി എസ് ഉന്നയിച്ച അഴിമതി അന്വേഷിക്കാന്‍ നായനാര്‍ സര്‍ക്കാര്‍ ജസ്റ്റിസ് ശിവരാമന്‍ നായര്‍ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷനില്‍ വി എസിന് വേണ്ടി വക്കാലത്ത് ഇടാന്‍ സുരേഷ് കുറുപ്പ് നിയോ?ഗിതനായി. വി എസിന് വേണ്ടി തുടര്‍ച്ചയായി കമ്മീഷന് മുന്നില്‍ ഹാജരായെന്നും അതോടെ നാട്ടിലാകെ വി എസ് ?ഗ്രൂപ്പായി മുദ്രകുത്തപ്പെട്ടെന്നും സുരേഷ് കുറുപ്പ് അനുസ്മരിക്കുന്നുണ്ട്. രാഷ്ട്രീയത്തില്‍ നടന്ന എല്ലാകാര്യങ്ങളിലും ഞാന്‍ വി എസിനൊപ്പമാണെന്ന് എന്റെ അഭ്യുദയകാംക്ഷികള്‍ സ്ഥാപിച്ചു. ഞാന്‍ അതൊന്നും തിരുത്താനും പോയില്ല എന്ന് സുരേഷ് കുറുപ്പ് കുറിപ്പില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ ഒരാള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഉണ്ടായിട്ടില്ലെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നുണ്ട്. 'എപ്പോഴും സാധാരണക്കാരുടെയും പാവങ്ങളുടെയും കൂടെ നിന്നു. അവര്‍ക്ക് വേണ്ടി പേരാടി. പാര്‍ട്ടിക്ക് നേരെ വന്ന എല്ലാ എതിര്‍പ്പുകളെയും നിസ്സങ്കോചം നേരിട്ടു. തന്റെ എതിരാളികളെ സന്ദേഹമില്ലാതെ വെട്ടിനിരത്തി. അതില്‍ തനിക്ക് വെട്ടുകൊണ്ടപ്പോഴും ധീരതയോടെ പോരാടി'യെന്നും സുരേഷ് കുറുപ്പ് വ്യക്തമാക്കുന്നുണ്ട്.