ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്; 25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു; എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി

എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ല: കേന്ദ്രമന്ത്രി സുരേഷ് ഗോപി

Update: 2025-09-30 06:14 GMT

തൊടുപുഴ: എയിംസ് ആലപ്പുഴയ്ക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ് ഗോപി. അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും അദ്ദേഹം ഇടുക്കി ജില്ലയിലെ സംവാദത്തില്‍ പറഞ്ഞു. 2015 മുതല്‍ താന്‍ സ്വീകരിച്ച നിലപാട് ആവര്‍ത്തിക്കുകയാണെന്നും, എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്നത് തന്റെ ദൃഢമായ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലേക്ക് സാധ്യമല്ലെങ്കില്‍ തൃശൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എയിംസ് തമിഴ്‌നാട്ടിലേക്ക് മാറ്റുമെന്ന പ്രചാരണത്തിന് തെളിവ് നല്‍കിയാല്‍ താന്‍ 2രാജിവെക്കാന്‍ വരെ തയ്യാറാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. കേരള സര്‍ക്കാരിന് എവിടെയെങ്കിലും സ്ഥലം വാങ്ങി എയിംസ് തുടങ്ങാമെന്ന് പറയാന്‍ കഴിയില്ലെന്നും, എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനത്തിന് അത് കാരണമാകണമെന്നും അദ്ദേഹം പറഞ്ഞു.

'എയിംസ് തൃശൂരിന് അര്‍ഹതപ്പെട്ടതാണ്. എവിടേലും സ്ഥലം വാങ്ങിയത് കൊണ്ട് കാര്യമില്ല. സംസ്ഥാനത്തിന് മുഴുവന്‍ ഗുണം ലഭിക്കണമെങ്കില്‍ തൃശൂര്‍ വരണം. 2015 മുതലുള്ള തന്റെ നിലപാട് ഇതാണ്. എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്‌നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ല. തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കും. എയിംസ് തൃശൂരിന് നല്‍കില്ല എന്ന സംസ്ഥാന സര്‍ക്കാരിന്റെ ദുഷ്ടലാക്ക് എന്തിനെന്ന് അറിയില്ല'-സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ കള്ളവോട്ട് ആരോപണങ്ങളെക്കുറിച്ചും സുരേഷ്‌ഗോപി ശക്തമായി പ്രതികരിച്ചു. എതിര്‍ പാര്‍ട്ടിക്കാര്‍ വര്‍ഷങ്ങളായി കള്ളവോട്ട് നടത്തിയാണ് ജയിച്ചിരുന്നതെന്നും, ഇത്തവണ കേരളത്തില്‍ ബി.ജെ.പി ശക്തമായ സാന്നിധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

'ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്. 25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട്ടോ അല്ല ഞാന്‍ ജയിച്ചത്. സ്വാധീനം ഇനി ജനിക്കുക പോലുമില്ല എന്നു പറയുന്ന തൃശൂരിലാണ്. എന്തൊക്കെ കഥ ഉണ്ടാക്കി? പൂരം കലക്കി, ചെമ്പ് കലക്കി, ഗോപി ആശാനെ കലക്കി, ആര്‍ എല്‍ വി യെ കലക്കി എന്നൊക്കെ തന്നെ കുറ്റം പറഞ്ഞു. അവസാനം വോട്ട് കലക്കി എന്ന് വരെ പറഞ്ഞു. താന്‍ ജയിച്ചത് ബിജെപിക്ക് സ്വാധീനമുള്ള പാലക്കാട് നിന്നോ തിരുവനന്തപുരത്ത് നിന്നോ അല്ല. ഒരു സ്വാധീനവും ഇല്ലാത്ത,ഇനിയൊരിക്കലും സ്വാധീനം ഉണ്ടാകില്ല എന്ന് പറഞ്ഞ തൃശൂരില്‍ നിന്നാണ് ജയിച്ചത്.ഇത് പറയുമ്പോള്‍ എന്റെ കണ്ണ് നിറയുന്നുണ്ട്'.സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ ഇത്തവണ ശക്തമായ സാന്നിധ്യമായി ബിജെപി ഉണ്ടാകണം. ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഇവിടെ ഉണ്ടാകണം.''-സുരേഷ്‌ഗോപി പറഞ്ഞു.


Tags:    

Similar News