വന്നു കണ്ടു കീഴടക്കി, മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാരുടെ സഹധര്‍മ്മിണി ശാരദ ടീച്ചറുടെ നവതിയാഘോഷത്തില്‍ താരമായത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി; സിപിഎമ്മില്‍ അതൃപ്തിയുടെ പുക ഉയരുന്നു; പാര്‍ട്ടി ഗ്രാമത്തിലേക്കുള്ള സുരേഷ് ഗോപിയുടെ റീ എന്‍ട്രിയില്‍ ആശങ്കയോടെ കണ്ണൂര്‍ ജില്ലയിലെ സിപിഎം
ശാരദ ടീച്ചറുടെ നവതിയാഘോഷത്തില്‍ താരമായത് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സഹധര്‍മ്മിണി ശാരദ ടീച്ചറുടെ നവതി ആഘോഷത്തിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ചു വരുത്തിയത് കണ്ണൂര്‍ സി.പി എമ്മില്‍ വിവാദമാകുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനൊപ്പമാണ് സുരേഷ് ഗോപി കേക്ക് മുറിച്ചു കൊണ്ടു മധുരം പങ്കിട്ടത്. പാര്‍ട്ടിയില്‍ നിന്നും ബി.ജെ.പിയിലേക്ക് നേതാക്കള്‍ ഒഴുകിക്കൊണ്ടിരിക്കെ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന ചര്‍ച്ച സി.പി.എമ്മിനുള്ളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.
ഇ.കെ നായനാരുടെ കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചുള്ള നവതിയാഘോഷമാണ് പാര്‍ട്ടി ശക്തികേന്ദ്രമായ ആന്തൂര്‍ നഗരസഭയിലെ ബക്കളം പാര്‍ത്ഥാ സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്താന്‍ തീരുമാനിച്ചതെങ്കിലും പിന്നീടത് വിപുലീകരിക്കുകയായിരുന്നു. കേന്ദ്ര സഹമന്ത്രിയെന്ന നിലയില്‍ കുടുംബ സുഹൃത്തായ സുരേഷ് ഗോപിയെ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അനുമതി തേടിയിരുന്നതായാണ് വിവരം ഇതോടെയാണ് നവതി പോലുള്ള ആഘോഷങ്ങള്‍ പാര്‍ട്ടി പ്രോത്സാഹിപ്പിക്കാറില്ലെങ്കിലും നേതാക്കള്‍ ഒന്നാകെ പര്‍ത്ഥാ സി ലെത്തിയത്.
സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഇ.പി ജയരാജന്‍, പി.കെ ശ്രീമതി കെ.കെ ശൈലജ, സ്പീക്കര്‍ എ എന്‍ ഷംസീര്‍, എം.വി ജയകുമാര്‍ എം.വി നികേഷ് കുമാര്‍ ടി.വി രാജേഷ് തുടങ്ങി നേതാക്കളുടെ വന്‍ നിര തന്നെ നവതി ആഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തി. മകന്‍ കെ.പി കൃഷ്ണകുമാറാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എല്‍.എ മാരായ കെ.വി സുമേഷ്, എം. വിജിന്‍ ,മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയന്‍, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, ഇ.പി. ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇ.കെ നായനാരുമായി ചലച്ചിത്ര നടനെന്ന നിലയില്‍ വളരെ അടുത്ത ആത്മബന്ധമാണ് സുരേഷ് ഗോപിക്കുള്ളത്.
അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലയളവില്‍ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശകനായിരുന്നു സുരേഷ് ഗോപി നായനാരെ അച്ഛാ യെന്നും ശാരദ ടീച്ചറെ അമ്മേയെന്നുമാണ് അദ്ദേഹം വിളിച്ചിരുന്നത്. കണ്ണൂരില്‍ ഏതു പരിപാടിക്കെത്തിയാലും നായനാരുടെ കല്യാശേരിയിലെവീട് സുരേഷ് ഗോപി സന്ദര്‍ശിക്കാറുണ്ട്. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ പ്പോഴും സുരേഷ് ഗോപി നായനാരുടെ വീട് സന്ദര്‍ശിച്ചു ശാരദ ടീച്ചറുടെ അനുഗ്രഹം വാങ്ങിയിരുന്നു. ഉച്ചഭക്ഷണം കഴിച്ചാണ് അവിടെ നിന്നും മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദര്‍ശനം അന്നേ സി.പി.എമ്മില്‍ വിവാദമായിരുന്നു.
നേരത്തെയുള്ള അനുമതിയില്‍ സുരേഷ് ഗോപി മാത്രമേ വരാന്‍ പാടുകയുള്ളൂ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും വീടിന്റെ ഏഴയലത്തുകൂടി വരാന്‍ പാടില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു. വീട്ടില്‍ വരുന്ന അതിഥികളെ ആട്ടി പുറത്താക്കുന്ന സംസ്‌കാരം തങ്ങള്‍ക്കില്ലാത്തതുകൊണ്ടാണ് സുരേഷ് ഗോപിയെ നായനാരുടെ വീടിന്റെ പടി ചവിട്ടാന്‍ അനുവദിച്ചതെന്നായിരുന്നു പിന്നീട് ഇതേ കുറിച്ചു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ പ്രതികരിച്ചത്.
നവതിയാഘോഷത്തില്‍ പങ്കെടുക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇത്തവണയും അനുമതി നല്‍കിയിരുന്നില്ല. കോണ്‍ഗ്രസില്‍ നിന്നും രാജ്‌മോഹന്‍ ഉണ്ണിത്താനെ എം.പിയെന്ന നിലയില്‍ മാത്രമാണ് ക്ഷണിച്ചത്. കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ നാട്ടിലുണ്ടായിട്ടും അദ്ദേഹത്തെയോ കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ളവരെയോ ക്ഷണിച്ചിട്ടില്ല.സുരേഷ് ഗോപിയുടെ വ്യക്തിപ്രഭാവത്തെ കണ്ണൂരിലെ സി.പി.എം വല്ലാതെ ഭയക്കുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ തെളിയിക്കുന്നത്.
പാര്‍ട്ടി ഗ്രാമമായ ആന്തൂരില്‍ സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം തിരിച്ചടിയാകുമോയെന്ന ആശങ്കയുമുണ്ട്. എന്നാല്‍ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെ ശാരദ ടീച്ചറുടെ അമ്പല ദര്‍ശനങ്ങളും ദൈവ വിശ്വാസവും തടഞ്ഞിരുന്നില്ലെന്നും നവതി ആഘോഷം കുടുംബത്തിന്റെ സ്വകാര്യതയാണെന്ന് അംഗീകരിക്കണമെന്നുമുള്ള വാദവും ഉയര്‍ന്നിട്ടുണ്ട്. സുരേഷ് ഗോപിയുടെ സാന്നിദ്ധ്യം അണികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിവാദങ്ങളിലേക്ക് പോകാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ലെന്നാണ് വിവരം പ്രത്യേകിച്ചു നവതിയാഘോഷത്തില്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായി മാറിയത് സുരേഷ് ഗോപിയാണെന്നിരിക്കെ ഈ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ച വേണ്ടെന്നാണ് തീരുമാനം. എന്നാല്‍ തങ്ങളുടെ കേന്ദ്ര മന്ത്രി കണ്ണൂരിലെത്തിയത് ജില്ലയിലെ ബി.ജെ.പി നേതൃത്വവും അറിഞ്ഞിട്ടില്ല.