രോഗ കാരണങ്ങളാല്‍ ഒഴിവാക്കണമെന്ന 2022ലെ കത്തിന് പിന്നില്‍ വാസവനോടുള്ള വിയോജിപ്പുകള്‍; അന്ന് പരിഗണിക്കാത്ത ആ കത്ത് രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ ആയുധമാക്കിയ മന്ത്രിസഭയിലെ പിണറായി വിശ്വസ്തന്‍; പാര്‍ട്ടി മാറുമെന്ന പ്രചരണങ്ങള്‍ തെറ്റെന്ന് സുരേഷ് കുറുപ്പും; കോട്ടയം സിപിഎമ്മില്‍ മുന്‍ എംപിയെ വെട്ടി നിരത്തിയത് തന്നെ; ജനകീയത വിനയാകുമ്പോള്‍

Update: 2025-01-07 01:12 GMT

കോട്ടയം: സിപിഎമ്മിന്റെ ജനകീയ മുഖം സുരേഷ് കുറുപ്പിനെ കോട്ടയം ജില്ലാ കമ്മറ്റിയില്‍ ഒഴിവാക്കിയതാണെന്ന വാദം സജീവം. രോഗിയായി ചിത്രീകരിച്ചു സുരേഷ് കുറുപ്പിനെ ഒഴിവാക്കിയതെന്ന അഭ്യൂഹം ശക്തമാണ്. സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നു തന്നെ ഒഴിവാക്കണമെന്നു കാട്ടി സുരേഷ് കുറുപ്പ് ജില്ലാ നേതൃത്വത്തിനു കത്തു നല്‍കിയതു 2022ല്‍ ആണ്. സീനിയര്‍ അംഗമായ തന്നെ നിരന്തരം തഴയുന്നതിലുള്ള വിഷമമായിരുന്നു കത്തിനു പിന്നില്‍. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായി പറഞ്ഞിരുന്നുമില്ല. ഈ കത്ത് ആയുധമാക്കി ഇത്തവണ പുറത്താക്കുകയായിരുന്നു. ഇതിന് പിന്നില്‍ സംസ്ഥാന നേതൃത്വത്തിലെ ചിലര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. മന്ത്രി വിഎന്‍ വാസവനാണ് ഇതിന് പിന്നിലെന്ന വാദവും സജീവമാണ്. കോട്ടയത്തെ സിപിഎമ്മിനെ ഇപ്പോള്‍ നയിക്കുന്നത് വാസവനാണ്. വാസവന്‍ കോട്ടയത്തെ പ്രധാനിയായതിന് ശേഷമാണ് എല്ലാ അര്‍ത്ഥത്തിലും സുരേഷ് കുറുപ്പ് അവഗണിക്കപ്പെട്ടത്. സുരേഷ് കുറുപ്പിനുള്ള ജനകീയ പരിവേഷമായിരുന്നു ഇതിനെല്ലാം കാരണം. അതുകൊണ്ട് തന്നെ സുരേഷ് കുറുപ്പിനെ ഒഴിവാക്കുന്നതും ഒരു വെട്ടിനിരത്തലാണ്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ.എസ്.എഫിലൂടെ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തി. പല സ്ഥാനങ്ങള്‍ വഹിച്ചു. 35 വര്‍ഷമായി സി.പി.എം ജില്ലാ കമ്മിറ്റിയിലുണ്ട്. ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തപ്പോള്‍ 1993ല്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നു വിട്ടു നിന്നു. രണ്ടാം തവണ കോട്ടയത്തു നിന്ന് എം.പിയായതോടെ 98ല്‍ വീണ്ടും ജില്ലാ കമ്മിറ്റിയിലെത്തി. നാലു തവണ കോട്ടയം എം.പിയും രണ്ടു തവണ ഏറ്റുമാനൂര്‍ എം.എല്‍.എയുമായിരുന്നു സുരേഷ് കുറുപ്പ്. 35 വര്‍ഷം ജില്ലാ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ചിട്ടും സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ എത്താത്ത അപൂര്‍വ്വം നേതാവാണ് സുരേഷ് കുറുപ്പ്. വിഎസ് അച്യുതാനന്ദനോടായിരുന്നു താല്‍പ്പര്യം. ഈ താല്‍പ്പര്യമാണ് പിണറായി വിജയനിലേക്ക് പാര്‍ട്ടി എത്തിയപ്പോള്‍ സുരേഷ് കുറുപ്പ് തഴയാന്‍ കാരണം. തന്ത്രപരമായാണ് ഇപ്പോള്‍ ജില്ലാ കമ്മറ്റിയില്‍ നിന്ന് കൂടി സുരേഷ് കുറുപ്പിനെ പുറത്താക്കുന്നത്. ഇനി സുരേഷ് കുറുപ്പിന് ഒരു സുപ്രധാന പദവികളും നല്‍കില്ലെന്നാണ് സിപിഎമ്മില്‍ നിന്നും ലഭിക്കുന്ന സൂചന.

സുരേഷ് കുറുപ്പിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹം പാര്‍ട്ടി മാറുന്നുവെന്നുമുള്ള പ്രചാരണങ്ങള്‍ നടത്തിയാണ് എല്ലാത്തിനും കളമൊരുക്കിയത്. ജില്ലാ സമ്മേളനത്തിനിടെ തന്നെ സുരേഷ് കുറുപ്പിന് കാര്യം പിടികിട്ടി. പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസം അദ്ദേഹം വിട്ടുനില്‍ക്കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളോട് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയതായും അറിയുന്നു. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ബ്രാഞ്ച് കമ്മിറ്റിയുടേത് ഉള്‍പ്പെടെയുള്ള ചടങ്ങുകളിലും സുരേഷ് പങ്കെടുത്തിട്ടുണ്ടെന്നും ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ നടപടികളോടാണ് അദ്ദേഹത്തിന് വിയോജിപ്പുള്ളതെന്നും കുറുപ്പിനോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത് പറഞ്ഞതെല്ലാം ചെയ്തിട്ടും ജില്ലാ കമ്മറ്റിയില്‍ നിന്നും സുരേഷ് കുറുപ്പിനെ പുറത്താക്കുകയായിരുന്നു സിപിഎം ജില്ലാ നേതൃത്വം. ഫലത്തില്‍ പാര്‍ട്ടിയില്‍ ഇനി റോളില്ലെന്ന് സുരേഷ് കുറുപ്പിനെ അറിയിക്കുകയാണ് സിപിഎം നേതൃത്വം.

ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവായെങ്കിലും മറ്റേതെങ്കിലും പാര്‍ട്ടികളില്‍ ചേരില്ലെന്നും സി.പി.എമ്മില്‍ ഉറച്ചുനില്‍ക്കുമെന്നും അഡ്വ.കെ.സുരേഷ് കുറുപ്പ് പറഞ്ഞു.'കോട്ടയം ജില്ലാ കമ്മിറ്റിയില്‍ നിന്നു ഒഴിവായതോടെ മറ്റു പാര്‍ട്ടികളില്‍ ചേരുന്നതിന് പല നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നുള്ള പ്രചാരണം പാര്‍ട്ടിയിലെ തന്നെ ചില സ്ഥാപിതതാത്പര്യക്കാരാകാം നടത്തുന്നത്. ഏതായാലും സി.പി.എം വിട്ടു മറ്റു പാര്‍ട്ടികളില്‍ ചേക്കേറാന്‍ താന്‍ പ്രൊ. കെ.വി. തോമസോ, എ.പി. അബ്ദുള്ളകുട്ടിയോ, ഡോ. പി. സരിനോ അല്ല. പാവങ്ങള്‍ക്കുവേണ്ടി പോരാടുന്നതും മത നിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നതുമായ പാര്‍ട്ടി ഇന്നും സി.പി.എം മാത്രമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് കുറുപ്പ് പറഞ്ഞു.

''ജൂനിയറായ ചിലര്‍ സംസ്ഥാന കമ്മിറ്റിയിലെത്തിയപ്പോള്‍ വിഷമം തോന്നി. അവരുടെ കീഴില്‍ ജില്ലാ കമ്മിറ്റിയില്‍ തുടരുന്നതിനോട് വ്യക്തിപരമായി താത്പര്യം തോന്നിയില്ല. മൂന്നു വര്‍ഷം മുമ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന കത്തു നല്‍കിയിരുന്നു. ഇതു വരെ മറുപടി ലഭിച്ചില്ല. ഇപ്പോള്‍ പരിഗണിച്ചു കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. പാര്‍ട്ടി പറയുന്ന ഏതെങ്കിലും കീഴ് ഘടകത്തില്‍ പ്രവര്‍ത്തിക്കും. മരണം വരെ കമ്മ്യൂണിസ്റ്റായിരിക്കും. തനിക്ക് കാര്യമായ അനാരോഗ്യ പ്രശ്‌നമൊന്നുമില്ല. ജില്ലാ കമ്മിറ്റിയിലുള്ള പല നേതാക്കളേക്കാളും ആരോഗ്യമുണ്ടെന്നും കുറുപ്പു പറഞ്ഞു.

മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടിയില്‍ തുടര്‍ച്ചായി അവഗണിക്കുന്നുവെന്നാണ് സുരേഷ് കുറുപ്പിന്റെ പരാതി. സംഘടനയില്‍ തന്നെക്കാള്‍ ജൂനിയറായവര്‍ മേല്‍ ഘടകങ്ങളിലേക്ക് എത്തിയിട്ടും ഒരു മാനദണ്ഡവുമില്ലാതെ തഴഞ്ഞു. പാര്‍ലമെന്ററി രംഗത്ത് അനുഭവ പരിചയമുണ്ടായിട്ടും മന്ത്രി സ്ഥാനമോ സ്പീക്കര്‍ പദവിയോ നല്‍കിയില്ല എന്നിങ്ങനെ നീളുന്നു അസംതൃപ്തി.

Tags:    

Similar News