നാലുവട്ടം എം പിയും രണ്ടുവട്ടം എംഎല്‍എയും; എല്ലാവര്‍ക്കും സ്വീകാര്യനായ സംശുദ്ധ പൊതുപ്രവര്‍ത്തകന്‍; എന്നിട്ടും തുടര്‍ച്ചയായി സിപിഎം അവഗണന; ജില്ലാ കമ്മറ്റിയില്‍ നിന്നും ഒഴിഞ്ഞ സുരേഷ് കുറുപ്പ് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; ഒരു ഘടകത്തിലും പ്രവര്‍ത്തിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു
നാലുവട്ടം എം പിയും രണ്ടുവട്ടം എംഎല്‍എയും; എല്ലാവര്‍ക്കും സ്വീകാര്യനായ സംശുദ്ധ പൊതുപ്രവര്‍ത്തകന്‍
കോട്ടയം: സി.പി.എമ്മിലെ ജനകീയ മുഖമായ നേതാവ് കെ.സുരേഷ് കുറുപ്പ് പാര്‍ട്ടിയുടെ നേതൃനിരയില്‍ നിന്ന് പൂര്‍ണാമായും ഒഴിഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. നേതൃത്വം തുടര്‍ച്ചയായി അവഗണിക്കുന്നതാണ് സജീവ രാഷ്ട്രീയം വിടാന്‍ അദ്ദേഹം ഒരുങ്ങുന്നതിന് കാരണം. കോട്ടയത്തെ മുതിര്‍ന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞത് കടുത്ത അതൃപ്തിയെ തുടര്‍ന്നാണ്. സമ്മേളനം പൂര്‍ത്തിയാകും മുമ്പ് വേദി വിട്ടു. ജില്ലാ സമ്മേളനത്തിന്റെ അവസാന ദിവസവും മുഖ്യമന്ത്രി പങ്കെടുത്ത പൊതു സമ്മേളനത്തിലും സുരേഷ് കുറുപ്പ് പങ്കെടുത്തില്ല.
പാര്‍ട്ടിയിലെ തുടര്‍ച്ചയായുള്ള അവഗണനയാണ് സുരേഷ് കുറുപ്പിനെ നേതൃത്വത്തോട് അകറ്റുന്നത്. ഒരു ഘടകത്തിലും പ്രവര്‍ത്തിക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. സിപിഎം അനുഭാവിയായി തുടരാനാണ് സുരേഷ് കുറുപ്പിന്റെ തീരുമാനം. കോട്ടയത്തെ സിപിഎമ്മിലെ ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുകയാണ്. പാര്‍ട്ടി കമ്മിറ്റികളിലും സംഘടന പ്രവര്‍ത്തനത്തിലും അത്ര സജീവമല്ല. 2022 ല്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് കുറുപ്പ് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ജില്ലാ സമ്മേളനത്തിലാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്.
സുരേഷ് കുറുപ്പിനെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പക്ഷെ ആദ്യ ദിവസം സമ്മേളനത്തില്‍ പങ്കെടുത്ത സുരേഷ് കുറുപ്പ് ജില്ലാ കമ്മിറ്റി തെരഞ്ഞടുപ്പ് നടന്ന ദിവസം വിട്ട് നിന്നു. പ്രകടനത്തിലും പൊതുസമ്മേളനത്തിലും പങ്കെടുത്തില്ല. മന്ത്രി വിഎന്‍ വാസവന്റെ നേതൃത്വത്തിലുള്ള വിഭാഗം പാര്‍ട്ടിയില്‍ തുടര്‍ച്ചായി അവഗണിക്കുന്നുവെന്നാണ് സുരേഷ് കുറുപ്പിന്റെ പരാതി. സംഘടനയില്‍ തന്നെക്കാള്‍ ജൂനിയറായവര്‍ മേല്‍ ഘടകങ്ങളിലേക്ക് എത്തിയിട്ടും ഒരു മാനദണ്ഡവുമില്ലാതെ തഴഞ്ഞു.
പാര്‍ലമെന്ററി രംഗത്ത് അനുഭവ പരിചയമുണ്ടായിട്ടും മന്ത്രി സ്ഥാനമോ സ്പീക്കര്‍ പദവിയോ നല്‍കിയില്ല എന്നിങ്ങനെ നീളുന്നു അസംതൃപ്തി. പാര്‍ട്ടിയുടെ ഒരു ഘടകത്തിലും ഇനി പ്രവര്‍ത്തിക്കാന്‍ ഇല്ലെന്നാണ് സുരേഷ് കുറുപ്പിന്റെ നിലപാട്. എന്നാല്‍ സിപിഎം അനുഭാവിയായി തുടരും. അനാരോഗ്യം കൊണ്ടാണ് സുരേഷ് കുറുപ്പ് ഒഴിവായതെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം. പാര്‍ട്ടിയുടെ ഈ പ്രസ്താവനയോടും സുരേഷ് കുറുപ്പിന് എതിര്‍പ്പുണ്ട്.
1984ല്‍ കോട്ടയത്ത് യു.ഡി.എഫിന്റെ കോട്ട തകര്‍ത്താണ്, യുവാവായിരുന്ന സുരേഷ് കുറുപ്പ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പുഞ്ചിരിക്കുന്ന മുഖം പിന്നീട് ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞു. നാലുവട്ടം എം.പി.യും രണ്ടുവട്ടം എം.എല്‍.എ.യുമായി. ഇക്കാലയളവില്‍ അദ്ദേഹം യാതൊരു വിവാദത്തിലും പെട്ടില്ലെന്നത് സംശുദ്ധപൊതുപ്രവര്‍ത്തനത്തിന് തെളിവ്. ജൂനിയറായ ചിലര്‍ക്ക് കിട്ടിയ പരിഗണനയും പ്രാമുഖ്യവും, മുതിര്‍ന്ന നേതാവായ സുരേഷ് കുറുപ്പിന് പാര്‍ട്ടിയില്‍ കിട്ടിയില്ല. ഇതില്‍ അദ്ദേഹത്തിന് പരിഭവമുണ്ടായിരുന്നു. ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂന്നുവര്‍ഷംമുമ്പ് അദ്ദേഹം കത്ത് നല്‍കിയിരുന്നു.
കോട്ടയത്തും എറണാകുളത്തുമായി താമസിച്ചിരുന്ന അദ്ദേഹം പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന ആക്ഷേപം പാര്‍ട്ടിക്കുള്ളിലുമുണ്ടായിരുന്നു. എം.പി.യായിരിക്കേ 1985-ലാണ് ജില്ലാ കമ്മിറ്റിയില്‍ എത്തിയത്. ഇടക്കാലത്ത്, 1993 മുതല്‍ 1998 വരെ അഭിഭാഷകജോലിയുടെ തിരക്കില്‍, ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിഞ്ഞിരുന്നു. 1998 മുതല്‍ ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും അംഗമായി.
പിന്നീടുള്ള പാര്‍ട്ടിയുടെ ജില്ലയിലെ വളര്‍ച്ചയില്‍ സുരേഷ് കുറുപ്പ് സജീവസാന്നിധ്യമായിരുന്നു. നിയമസഭാംഗമായിരുന്നിട്ടും ഒന്നാം പിണറായിസര്‍ക്കാരില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ല. എസ്.എഫ്.ഐ.യിലൂടെ രാഷ്ട്രീയരംഗത്തെത്തിയ കുറുപ്പ് അതിന്റെ ജില്ലാ പ്രസിഡന്റ്, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. 1984-ല്‍ എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരിക്കേയാണ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 1998, 1999, 2004 തിരഞ്ഞെടുപ്പുകളിലും പാര്‍ലമെന്റംഗമായി.
2011-ലും 2016-ലുമാണ് ഏറ്റുമാനൂരില്‍നിന്നുള്ള എം.എല്‍.എ. ആയത്. മൂന്നുതവണ കേരള സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും യൂണിയന്റെ പ്രഥമ എസ്.എഫ്.ഐ. ചെയര്‍മാനുമായിരുന്നു.