ക്രൈസ്തവ വിശ്വാസികളോടുള്ള ഇരട്ട നീതി അവസാനിപ്പിക്കണം; സഭ ഇനി വോട്ട് ബാങ്ക് ആയി നിലനില്‍ക്കില്ല; ഒപ്പമുള്ളവര്‍ വഞ്ചിച്ചാല്‍ പുതിയ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടിവരും; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ സാധ്യത തള്ളാതെ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

രാഷ്ട്രീയ പാര്‍ട്ടി രൂപീകരണ സാധ്യത തള്ളാതെ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

Update: 2025-04-05 13:39 GMT

കോഴിക്കോട്: രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാന്‍ ആലോചനയുമായി സീറോ മലബാര്‍ സഭ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സഭയുടെ സമ്മര്‍ദ്ദങ്ങള്‍ ഫലം കാണാത്ത സാഹചര്യം ഉയരുന്നതോടെയാണ് സീറോ മലബാര്‍ സഭ അത്തരമൊരു തീരുമാനത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നത്. നിലവില്‍ നീതി ലഭിക്കാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ സംവിധാനമായി മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് താമരശ്ശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ക്രൈസ്തവ സമൂഹം വിവേചനം നേരിടുന്നെന്ന് പറഞ്ഞ അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരണമടക്കം സര്‍ക്കാരിന്റെ തുടര്‍നടപടികളെ ആശ്രയിച്ചായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപന സൂചന നല്‍കിയിരിക്കുകയാണ് കത്തോലിക്ക കോണ്‍ഗ്രസ്. മുനമ്പം വിഷയത്തില്‍ ഇടത് വലത് മുന്നണികള്‍ സമുദായ താത്പര്യം സംരക്ഷിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

വോട്ട് ബാങ്കായി നിലനില്‍ക്കാന്‍ ആഗ്രഹിക്കില്ല. നിലവിലെ സാമൂഹ്യാന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ വരുമെന്നും താമരശേരി ബിഷപ് പ്രതികരിച്ചു.കത്തോലിക്ക കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനത്തിലും ബിഷപ്പ് നിലപാട് ആവര്‍ത്തിച്ചു. ക്രൈസ്ത വിശ്വാസികളോടുള്ള ഇരട്ട നീതി അവസാനിപ്പിയ്ക്കണം. ബിജെപിയെന്നോ കോണ്‍ഗ്രസ് എന്നോ സിപിഎം എന്നോ ഇനി വ്യത്യാസമുണ്ടാവില്ല.സഹായിക്കുന്നവരോടൊപ്പം നില്‍ക്കും.സഭ ഇനി വോട്ട് ബാങ്ക് ആയി നിലനില്‍ക്കില്ല.

നിലവിലെ സാമൂഹ്യാ ന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ വരുമെന്നും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.ഒപ്പമുള്ളവര്‍ വഞ്ചിച്ചാല്‍ പുതിയ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. വന്യജീവി ആക്രമണ വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടും. വനമോ ഉദ്യോഗസ്ഥനെ ആക്രമിച്ച പുലിയെ വെടിവെച്ച് വീഴ്ത്തി. എന്തുണ്ട് ജനങ്ങളെ ആക്രമിക്കുമ്പോള്‍ ഈ നടപടിയില്ല എന്ന് അദ്ദേഹം ചോദിച്ചു. മൃഗങ്ങളെ വെടിവെക്കാന്‍ തോക്ക് നല്‍കണമന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൃഗങ്ങള്‍ ആക്രമിക്കാന്‍ എത്തുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നോക്കിയല്ല ആക്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രാഷ്ട്രീയ പാര്‍ട്ടി ക്രൈസ്തവ സഭയ്ക്ക് അന്യമാണെന്ന് ആരും കരുതേണ്ടെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനിയും പ്രതികരിച്ചു. ഫിക്‌സഡ് ഡിപ്പോസിറ്റ് ആയി ആരും ഞങ്ങളെ കാണണ്ടായെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. വഖഫ് നിയമത്തിലൂടെ എല്ലാ വിഭാഗം ജനങ്ങളും അപകടത്തില്‍ പെടുന്നു. മുനമ്പം നിവാസികള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും അഭിപ്രായം കേള്‍ക്കരുത് എന്നും പാംപ്ലാനി പറഞ്ഞു. ബില്ലിനെ അനുകൂലിക്കാന്‍ പറഞ്ഞത് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടുമുള്ള അനുകൂല നിലപാടല്ല എന്നും രാഷ്ട്രീയ മുതലെടുപ്പിന് ആരും ഉപയോഗിക്കണ്ട എന്നും പ്രതികരണം. നേരത്തെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കത്തോലിക്ക സഭ സൂചന നല്‍കിയിരുന്നു.

നേരത്തെ വഖഫ് ഭേദഗതി ബില്‍ മുനമ്പം ജനതക്ക് ആശ്വാസം നല്‍കുന്നതാണെന്ന് സിറോ മലബാര്‍ സഭ നിലപാട് സ്വീകരിച്ചിരുന്നു. വഖഫ് ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്നും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ നിലപാടെടുത്തെന്നും സിറോ മലബാര്‍ സഭ വക്താവ് ആന്റണി വടക്കേക്കര വ്യക്തമാക്കുകുണ്ടായി.

സ്വത്ത് വഖഫ് ചെയ്യുന്നതിന് എതിരല്ല, ഇന്ത്യന്‍ ഭരണഘടനക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ജനതക്ക് സിറോ മലബാര്‍ സഭ അഭിവാദ്യം അര്‍പ്പിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയെ ചോദ്യം ചെയ്യുന്ന നിയമമായിരുന്നു നിലവിലുണ്ടായിരുന്ന വഖഫ് നിയമം. അക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റി. ജനപ്രതിനിധികള്‍ എല്ലാവരും മുനമ്പം ജനതയോടൊപ്പമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൃത്യതയോടെ നിലപാട് എടുത്തു. കേരളത്തില്‍നിന്ന് സംസാരിച്ച എല്ലാ ജനപ്രതിനിധികളും മുനമ്പത്തിന് അനുകൂലമായ നിലപാടാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷ അവകാശങ്ങളുടെ മേല്‍ കടന്ന് കയറ്റം ഉണ്ടാകരുത്. സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലിം സമുദായത്തിനും എതിരല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ഇന്ത്യന്‍ ഭരണഘടനക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News