കാശൊക്കെ എവിടെ നിന്നുവരുന്നു, എങ്ങോട്ടുപോകുന്നു? തന്ത്രിയുടേയും ആന്റോ ആന്റണിയുടെയും സാമ്പത്തിക ഇടപാടില്‍ ദുരൂഹത; സ്ഥാപനത്തില്‍ നിന്നും ആന്റോ ആന്റണി രണ്ടരക്കോടി രൂപ കൈപ്പറ്റിയതായി സൂചന; സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം; ഉദയബാനുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്ന് ആന്റോ

കാശൊക്കെ എവിടെ നിന്നുവരുന്നു, എങ്ങോട്ടുപോകുന്നു?

Update: 2026-01-27 10:04 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആന്റോ ആന്റണി എംപിക്കെതിരെ സിപിഎം സംസ്ഥാന സമിതി അംഗം കെ പി ഉദയഭാനു രംഗത്ത്. ശബരിമല തന്ത്രി രണ്ടരക്കോടി രൂപ തിരുവല്ലയിലെ നെടുംപറമ്പ് ഫിനാന്‍സ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപിച്ചിരുന്നതായി എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഈ ധനകാര്യസ്ഥാപനത്തില്‍ നിന്നും ആന്റോ ആന്റണി രണ്ടരക്കോടി രൂപ എടുത്തതായി നാട്ടില്‍ പൊതുവെ അഭിപ്രായമുണ്ടെന്ന് സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറി ഉദയഭാനു പറഞ്ഞു.

ഈ തന്ത്രിയുമായി പത്തനംതിട്ട എംപിയായ ആന്റോ ആന്റണിക്കുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ച് എസ്ഐടി അന്വേഷിക്കണമെന്നും ഉദയഭാനു ആവശ്യപ്പെട്ടു. തിരുവല്ല നെടുംപറമ്പ് ഫിനാന്‍സുമായി ബന്ധപ്പെട്ട ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെയും ആന്റോ ആന്റണി എം.പിയുടെയും സാമ്പത്തിക ഇടപാടില്‍ സമഗ്ര അന്വേഷണം നടത്തണം. ഈ കാശൊക്കെ എവിടെ നിന്നുവരുന്നു എങ്ങോട്ടുപോകുന്നു വസ്തുതകള്‍ മറനീക്കി പുറത്തുവരട്ടെ... എന്ന് ഉദയഭാനു ഫെയ്സ്ബുക്കില്‍ കുറിപ്പും ഇട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്ത്രി കണ്ഠരര് രാജീവരെ ചോദ്യം ചെയ്യാനായി എസ്ഐടി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. തന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. ഇതിനിടെയാണ് തന്ത്രിയുടെ പേരില്‍ തിരുവല്ലയിലെ സ്വാകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഡിപ്പോസിറ്റ് ചെയ്യപ്പെടുന്നത്. പിന്നീട് ഈ സ്ഥാപനം പൊളിഞ്ഞെങ്കിലും, ഇത്രയേറെ പണം നഷ്ടപ്പെട്ടിട്ടും തന്ത്രി പരാതിയൊന്നും നല്‍കിയിരുന്നില്ല.

തുടര്‍ന്നാണ് ഈ പണത്തിന്റം സ്രോതസ്സ് അടക്കം പരിശോധിച്ചു വരികയാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എസ്ഐടി ശേഖരിച്ചതായാണ് വിവരം. ധനകാര്യ സ്ഥാപനം പൊളിഞ്ഞെങ്കിലും, ഈ പണം ആന്റോ ആന്റണി എംപി വാങ്ങിയതായാണ് സൂചന ലഭിച്ചത്. ഇതിനുപിന്നാലെയാണ് പോറ്റി- തന്ത്രി കൂട്ടുകെട്ടുമായി ആന്റോ ആന്റണിക്കും ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിട്ടുള്ളത്. സ്വകാര്യ ധനകാര്യ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തു വരണമെന്നാണ് കെ പി ഉദയഭാനു ആവശ്യപ്പെടുന്നത്.

അതേസമയം ശബരിമല സ്വര്‍ണ്ണകൊള്ള കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനുവിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി ആന്റോ ആന്റണിയും രംഗത്തുവന്നു. കെപി ഉദയഭാനുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി അര്‍ഹിക്കുന്നില്ലെന്നും സ്വര്‍ണം കട്ട കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ആന്റോ ആന്റണി പറഞ്ഞു. അവരെ രക്ഷിക്കുന്നതിന് വേണ്ടി ഇത്തരം അപവാദ പ്രചരണങ്ങള്‍ നടത്തുകയാണ്. യാതെരു അടിസ്ഥാനവുമില്ലാത്ത വ്യാജപ്രചരണമാണ് തനിക്കെതിരെ നടത്തുന്നത്. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാനാണ് ഇവര്‍ ആദ്യം തയ്യാറാകേണ്ടതെന്നും ആന്റോ ആന്റണി പറഞ്ഞു.

Tags:    

Similar News