'ഇനി കളി മാറും! ജാനുവും അന്‍വറും കൈ കൊടുത്തതില്‍ തീരില്ല; രാഷ്ട്രീയ പാര്‍ട്ടികളെ ചേര്‍ക്കല്‍ മാത്രമല്ല യുഡിഎഫ് അടിത്തറയും വിപുലീകരിക്കുന്നു; പതിറ്റാണ്ടുകളുടെ ഇടത് ബന്ധം ഉപേക്ഷിച്ചു പ്രമുഖര്‍ യുഡിഎഫിലേക്ക്; നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ ഉടന്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ രാഷ്ട്രീയ ജാഥയുമായി സതീശന്റെ പടയോട്ടം
യുഡിഎഫ് അടിത്തറ വിപുലീകരിക്കുന്നു
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയില്‍ നിര്‍ണ്ണായക അഴിച്ചുപണികള്‍ക്കും വിപുലീകരണത്തിനും യുഡിഎഫ് ഒരുങ്ങുന്നു. സീറ്റ് ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും ഫെബ്രുവരിയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ താന്‍ നയിക്കുന്ന രാഷ്ട്രീയ ജാഥ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'പുതിയ കേരളത്തെ' അവതരിപ്പിക്കുക എന്നതാണ് ജാഥയുടെ ലക്ഷ്യം.
മാറുന്ന യുഡിഎഫ്; ഇടത് സഹയാത്രികര്‍ മുന്നണിയിലേക്ക്
തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും ഇപ്പോള്‍ കാണുന്ന യുഡിഎഫ് ആയിരിക്കില്ല വരാനിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോടൊപ്പം നിന്ന പ്രമുഖര്‍ യുഡിഎഫ് പ്ലാറ്റ്ഫോമിലേക്ക് എത്തും. രാഷ്ട്രീയ പാര്‍ട്ടികളെ ചേര്‍ക്കല്‍ മാത്രമല്ല, മറിച്ച് അടിത്തറ വിപുലീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
നിര്‍ണ്ണായക തീരുമാനങ്ങള്‍
പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസ്, സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) എന്നിവരെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളായി സ്വീകരിച്ചു. എന്നാല്‍അസോസിയേറ്റ് അംഗത്വ വാഗദാനം വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസ് നിഷേധിച്ചു. സി.കെ. ജാനുവിന്റെ വരവും മുത്തങ്ങ സമരവും തമ്മില്‍ ബന്ധമില്ലെന്നും അത് അക്കാലത്തെ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചു പോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍
സഹകരണ സംഘങ്ങളില്‍ നിന്ന് 10,000 കോടി രൂപ കടമെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമര്‍ശിച്ചു. പണം ബലമായി വാങ്ങാനുള്ള ഈ നീക്കം സഹകരണ മേഖലയെ തകര്‍ക്കുമെന്ന് അദ്ദേഹം ആരോപിച്ചു.
അക്രമം രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഐഎം തയ്യാറാകണം. ഇല്ലെങ്കില്‍ ജനം കൂടുതല്‍ വെറുക്കും. സഹകരണ സംഘങ്ങളില്‍ നിന്ന് 10000 കോടി സര്‍ക്കാര്‍ കടമെടുക്കാന്‍ തീരുമാനിച്ചു. ബലമായി വാങ്ങാന്‍ ആണ് തീരുമാനം. അത് സഹകരണ സംവിധാനത്തെ ബാധിക്കും. നിരുപധിക പിന്തുണ ആണ്. ഒരു ആവശ്യവും അവര്‍ മുന്നോട്ട് വച്ചിട്ടില്ല.
ആരുമായും ചര്‍ച്ചക്ക് യുഡിഫ് പോകുന്നില്ല. ഇങ്ങോട്ട് വന്നവരുമായിട്ടാണ് ചര്‍ച്ച. സിപിഎം ആയിട്ടോ ബിജെപി ആയിട്ടോ സഹകരിക്കേണ്ടതില്ല. എന്തിന് സഹകരിക്കണം ? സര്‍ക്കാരിനെതിരായ വെറുപ്പ് പ്രതിഫലിക്കുക ഇനി അല്ലേ. തിളക്കമാര്‍ന്ന വിജയം യുഡിഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു. തോല്‍വി ഭയന്ന് കാണിക്കുന്ന ആക്രമണം ജനങ്ങളില്‍ നിന്ന് അകറ്റും. തോറ്റു എന്ന് ഇപ്പോഴും മനസിലായില്ല. തോറ്റു എന്ന് അംഗീകരിക്കാന്‍ പറ്റുന്നില്ല. തിരുത്താനും തയ്യാറല്ല. മുനമ്പത്ത് ബിജെപി തീ കത്തിക്കുമ്പോള്‍ ആളിപടരാന്‍ ഊതികൊടുത്തു സിപിഐഎം.
ജനങ്ങള്‍ സര്‍ക്കാരിനോടുള്ള വെറുപ്പ് വരും ദിവസങ്ങളില്‍ പ്രകടിപ്പിക്കും. തിളക്കമാര്‍ന്ന വിജയം യുഡിഎഫ് നേടുമെന്ന കാര്യത്തില്‍ സംശയമില്ല,' സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബിജെപിയുമായോ സിപിഎമ്മുമായോ യാതൊരു വിട്ടുവീഴ്ചയ്ക്കും യുഡിഎഫ് തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
