തനിക്കെതിരെ അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിച്ചത് പിണറായി; ഇപ്പോള്‍ കാണുന്നത് കാലത്തിന്റെ കാവ്യ നീതി; അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം; വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല; യുഡിഎഫ് പ്രവേശനത്തിന് താന്‍ എതിരല്ലെന്ന് സൂചിപ്പിച്ചു വി ഡി സതീശന്‍

തനിക്കെതിരെ അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിച്ചത് പിണറായി

Update: 2025-01-07 06:57 GMT

തിരുവനന്തപുരം: പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് താന്‍ എതിരല്ലെന്ന സൂചനയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തനിക്കെതിരെ പിവി അന്‍വറിനെ കൊണ്ട് ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്നും ഇപ്പോള്‍ കാണുന്നത് കാവ്യ നീതിയാണെന്നും സതീശന്‍ പറഞ്ഞു. അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് തീരുമാനം എടുക്കണം. ഒറ്റക്ക് എടുക്കാനാകുന്ന തീരുമാനം അല്ല. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം അന്‍വറിന്റെ യുഡിഎഫ് പ്രവേശനം തള്ളാതെ കണ്‍വീനര്‍ എംഎം ഹസ്സന്‍.അന്‍വറിന്റെ കാര്യത്തില്‍ യുഡിഎഫ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല.അന്‍വറിന് ആഗ്രഹമുണ്ടെങ്കില്‍ ഔദ്യോഗികമായി അറിയിക്കാം അപ്പോള്‍ ചര്‍ച്ച ചെയ്യും.യുഡിഎഫ് യോഗം ചേരുമ്പോള്‍ ഏതെങ്കിലും കക്ഷി അന്‍വറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി

അന്‍വറിന്റെ പ്രസ്താവന സ്വാഗതാര്‍ഹമെന്നും എന്നാല്‍ യുഡിഎഫിന്റെ ഭാഗമാകുക എന്ന് പറയുന്നതില്‍ ഒരു രാഷ്ട്രീയ പ്രക്രിയയുണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ആ പ്രക്രിയയിലൂടെ മാത്രമേ യുഡിഎഫിലേക്ക് വരാന്‍ സാധിക്കു. പാര്‍ട്ടിയുടെയും ഘടകകക്ഷികളുടെയും നിലപാട് അറിഞ്ഞിട്ടേ തീരുമാനം ഉണ്ടാകു. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ക്ക് യുഡിഎഫ് പിന്തുണ നല്‍കിയിട്ടുണ്ട്.. ഒരൊറ്റ വിഷയത്തെ പ്രതിയല്ല മുന്നണിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അന്‍വറിന്റെ മുന്നണി പ്രവേശനത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രമേശ് ചെന്നിത്തലയും അനുകൂല നിലപാടിലാണ്. ഇതോടെ

12ന് ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ അന്‍വര്‍ വിഷയം ചര്‍ച്ചയായേക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണമെന്ന പരാമര്‍ശം നടത്തിയ അന്‍വറിനെ യുഡിഎഫിലേക്ക് എടുക്കുന്നതില്‍ വി ഡി സതീശന്‍ അടക്കം പലനേതാക്കളും അതൃപ്തി പങ്കുവെച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെയും അന്‍വര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാരിനെതിരെ നിരന്തരം സമരം പ്രഖ്യാപിക്കുകയും നിലവില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള വിവാദം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അന്‍വറിനെ ഒപ്പം നിര്‍ത്തണമെന്ന അഭിപ്രായ യുഡിഎഫില്‍ രൂപപ്പെടുകയാണ്.

ലീഗിന്റെ പിന്തുണ ഉറപ്പിക്കുന്നതിലൂടെ അന്‍വറിന്റെ യുഡിഎഫ് പ്രവേശനം എളുപ്പമായിരിക്കുമെന്നാണ് കരുതേണ്ടത്. ജനകീയ വിഷയം ഉയര്‍ത്തുമ്പോള്‍ ജനപ്രതിനിധികള്‍ക്കെതിരെ ക്രിമിനലിനുസമാനമായ നടപടിയുണ്ടാകുന്നത് ശരിയല്ല. പ്രതിപക്ഷത്തെ ഒരാളായതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അന്‍വറിന്റെ പ്രവേശനത്തില്‍ യുഡിഎഫ് നേതാക്കള്‍ തമ്മില്‍ ആശയവിനിമയം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക തീരുമാനം ആയിട്ടില്ല അടുത്ത യുഡിഎഫ് യോഗത്തില്‍ ചര്‍ച്ച ചെയ്യും എന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

അന്‍വറിന്റെ യുഡിഎഫ് പ്രവേശത്തെ ആര്‍എസ്പി സ്വാഗതം ചെയ്തിട്ടില്ലെങ്കിലും സിഎംപി അനുകൂലനിലപാട് ആണ് സ്വീകരിച്ചത്. ഇതെല്ലാം കണക്കിലെടുത്താവും അന്‍വറിന് യുഡിഎഫ് പ്രവേശനത്തിന് വഴിയൊരുങ്ങുക. അതേസമയം ആര്‍എസ്പി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിന് എതിരായ നിലപാടിലാണ്.

Tags:    

Similar News