യുഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തിയില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകും; പിന്നെ തന്നെ കാണില്ല; വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍; 97 സീറ്റ് വരെ വെളളാപ്പള്ളിക്ക് ഉറപ്പുള്ള സ്ഥിതിക്ക് അത് നൂറിലിധികം സീറ്റാക്കുമെന്നും പ്രതിപക്ഷ നേതാവ്
വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് വി ഡി സതീശന്‍
കൊച്ചി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍, 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവച്ച് വനവാസത്തിന് പോകുമോ എന്ന വെള്ളാപ്പള്ളി നടേശന്റ വെല്ലുവിളി ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. യുഡിഎഫിനെ നല്ല ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിന് ഉറപ്പായും പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. വെള്ളാപ്പള്ളിയോട് വെല്ലുവിളിയില്ലെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവെക്കുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല. അദ്ദേഹത്തെ പോലെ പരിണതപ്രജ്ഞനായ ഒരു സമുദായ നേതാവ്, സംസ്ഥാന രാഷ്ട്രീയം നന്നായി നിരീക്ഷിക്കുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടുമെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ ഒരു നാലഞ്ച് സീറ്റ്, നൂറ് കവിഞ്ഞുപോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്ത് നൂറിലധികം സീറ്റാക്കും. സതീശന്‍ കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫിന് 100 സീറ്റ് കിട്ടിയാല്‍ താന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍. പറഞ്ഞിരുന്നു. യുഡിഎഫിന് 98 സീറ്റ് പോലും കിട്ടില്ലെന്നും 100 സീറ്റ് കിട്ടിയില്ലെങ്കില്‍ സതീശന്‍ രാജിവച്ച് വനവാസത്തിന് പോകുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചു. പറവൂരിലെ ഒരു ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. കഴിഞ്ഞ ദിവസം വി.ഡി. സതീശന്‍ ഈഴവ വിരോധിയാണെന്നും ചുക്കും ചുണ്ണാമ്പും അറിയാത്ത നേതാവാണെന്നും പരിഹസിച്ചതിന് പിന്നാലെയാണ് പുതിയ വെല്ലുവിളി.
സതീശന് അഹങ്കാരത്തിന് കയ്യും കാലും വെച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാകുമെന്ന് കരുതിയാണ് അഹങ്കാരം. ഈഴവന്റെ ബുദ്ധിയെയാണ് സതീശന്‍ ചോദ്യം ചെയ്യുന്നത്. ഈഴവനായ സുധാകരനെ പുറത്ത് ചാടിച്ചു. മതേതരവാദിയാണെങ്കില്‍ ഈഴവര്‍ക്ക് എന്താണ് നല്‍കിയത് എന്ന് സതീശന്‍ പറയട്ടെ. ഏതെങ്കിലും ഈഴവന് എന്തെങ്കിലും നല്‍കിയോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
സതീശന്റെ മണ്ഡലത്തിലെത്തി കാര്യങ്ങള്‍ പറയാതെ പോകുന്നത് സമുദായത്തിന്റെ അന്തസ്സിന് ചേരില്ലെന്നും തന്റെ പൗരുഷത്തിന് ചേരുന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമ്മുടെ സമുദായത്തെ അധിക്ഷേപിച്ച ആളാണ് സതീശന്‍. താന്‍ ശ്രീനാരായണ ധര്‍മ്മം പഠിക്കണമെന്നാണ് സതീശന്‍ പറയുന്നത്. സതീശന്‍ തന്നെ ശ്രീനാരായണ ധര്‍മ്മം പഠിപ്പിക്കേണ്ടതില്ല. ഈഴവന് വേണ്ടി സതീശന്‍ എന്ത് ചെയ്തു? നാളെ തോല്‍ക്കാന്‍ വേണ്ടിയിട്ടാണ് സതീശന്‍ ഇതൊക്കെ പറയുന്നത്.
രാഷ്ട്രീയത്തില്‍ അഹങ്കാരം പറയുന്നവര്‍ക്ക് തോറ്റ ചരിത്രമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 100 പേരെ ജയിപ്പിക്കുമെന്നാണ് സതീശന്‍ പറഞ്ഞത്. ഇയാളെക്കൊണ്ട് ഒന്നും ചെയ്യാനാകില്ല. ഈഴവര്‍ വോട്ടു കുത്തുന്ന യന്ത്രമാണ് എന്നല്ലാതെ അവര്‍ക്ക് അധികാരം കിട്ടുന്നില്ല. മുസ്ലിം വിരോധിയായി തന്നെ ഒതുക്കാന്‍ ശ്രമിച്ചാല്‍ ഒതുങ്ങുന്നവനല്ല താന്‍. പറവൂരില്‍ 52% വോട്ട് ഉണ്ടെന്ന് പറഞ്ഞ സതീശന്‍ പറഞ്ഞിട്ടും തോറ്റത് ഓര്‍മയില്ലേ. ഇതുപോലെ അഹങ്കാരം പറഞ്ഞവര്‍ മാരാരിക്കുളത്തും തോറ്റ ചരിത്രമുണ്ട്-വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ വെള്ളാപ്പള്ളിയുടെ പ്രസംഗത്തില്‍ നിന്ന്:
ഒരു പ്രതിപക്ഷ നേതാവ് ഉണ്ട്. അദ്ദേഹത്തിന്റെ പേര് മറന്നു, ആ വി.ഡി. സതീശന്‍. കേരളം കണ്ടതില്‍ വെച്ച് ഇങ്ങനെ ഒരു പരമ (അസഭ്യം) ഞാന്‍ കണ്ടിട്ടില്ല. (അസഭ്യം) എന്ന് തന്നെ ഞാന്‍ പറയും. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള മാന്യതയും മര്യാദ കൊടുത്ത് സംസാരിക്കുന്ന രീതിയുണ്ടോ? ഈ സൈസ് തറ... എനിക്ക് വയസ് 88 ഉണ്ട്. 89 ലേക്ക് പ്രവേശിക്കാന്‍ ഒരു മാസം കൂടിയേയുള്ളൂ. ഞാന്‍ ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടിട്ടുണ്ട്. ഇത്തരം തറപറയുന്നൊരു വിഡിയെ ഞാന്‍ കണ്ടിട്ടില്ല. ഈഴവ വിരോധി കൂടിയാണ്. കെപിസിസി പ്രസിഡന്റ് ഒരു ഈഴവനായിരുന്നു. അദ്ദേഹത്തെ എപ്പോഴും കേറി അഭിപ്രായം പറയും. പിന്നെ എതിരായിട്ട് വര്‍ത്താനം പറയും. പറഞ്ഞ് പറഞ്ഞ് ആ മനുഷ്യനെ ഒതുക്കിയില്ലേ. അനവസരത്തില്‍ അദ്ദേഹത്തെ താഴെ ഇറക്കിയിരുത്തി. പിണറായിയെ ചീത്ത പറയുക, കെപിസിസി പ്രസിഡന്റിനെ ചീത്ത പറയുക, എന്നെ ചീത്ത പറയുക... എന്നെ കണ്ടുകൂട.. ഞാന്‍ എന്ത് ചെയ്തിട്ടാണ്. ഇയാള്‍ക്ക് എന്ത് അറിയാം. ഒരു ചുക്കും ചുണ്ണാമ്പും അറിയാന്‍ പാടില്ല. അവര്‍ പറയുമ്പോള്‍ ഒത്തു പറഞ്ഞ് സ്ഥാനം അടിച്ചെടുക്കണം. മുസ്ലിം ലീഗിന് ഒത്തുപറയണം. എന്നിട്ട് അടുത്ത സ്ഥാനം ഉറപ്പിക്കണം. മുഖ്യമന്ത്രിയാകാന്‍ നടക്കുകയാണ്. ഈ സൈസ് തറയെയൊക്കെ പിടിച്ച് മുകളിലോട്ട് പോയാല്‍ കേരള രാഷ്ട്രീയത്തില്‍ ഈ പറയുന്ന എല്ലാവരേയും യോജിപ്പിച്ചു കൊണ്ടുപോകാന്‍ വല്ല കഴിവും ഉണ്ടോ. ആരെയെങ്കിലും ചീത്ത പറയാന്‍ കൊണ്ടിരുത്തുക. ആരെയെങ്കിലും ചീത്ത പറയാന്‍ സതീശനെക്കൊണ്ട് പറയിപ്പിക്കുക. അല്ലാതെ മാന്യമായി വര്‍ത്തമാനം പറയാനോ മാന്യമായി കൈകാര്യം ചെയ്യാനോ... ചെന്നിത്തല ആരെയെങ്കിലും ചീത്ത പറഞ്ഞിട്ടുണ്ടോ? എത്ര പാരമ്പര്യം ഉള്ള ആളാണ്. കേരള രാഷ്ട്രീയത്തില്‍ സതീശനെപോലെ ഇത്രയധികം അധഃപതിച്ച ഒരു രാഷ്ട്രീയ നേതാവില്ല. ആ ആളാണ് എന്നെ ഗുരുധര്‍മ്മം പഠിപ്പിക്കാന്‍ നടക്കുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് വി.ഡി. സതീശന്‍. ലീഗിനെ സുഖിപ്പിക്കണം, അവര് വോട്ട് ബാങ്ക് ആണ്-വെള്ളാപ്പള്ളി പറഞ്ഞു