ജമാഅത്തെ ഇസ്ലാമി വര്‍ഷങ്ങളായി കോണ്‍ഗ്രസിനെ പിന്തുണച്ചെന്ന കെ മുരളീധരന്റെ വാക്കുകളിലെ പാര തിരിച്ചറിഞ്ഞ് സതീശന്‍; മുരളീയുടെ വാക്കുകള്‍ സിപിഎം ആരോപണം ശരിവെക്കുന്ന വിധത്തില്‍; 'ജമാഅത്തെ പിന്തുണ വര്‍ഷങ്ങളായി സിപിഎമ്മിനെന്ന് പറഞ്ഞ് മുരളിയെ തിരുത്തി പ്രതിപക്ഷ നേതാവ്; ബിജെപിക്കും ആയുധമായി വിവാദ പ്രസ്താവന

'ജമാഅത്തെ പിന്തുണ വര്‍ഷങ്ങളായി സിപിഎമ്മിനെന്ന് പറഞ്ഞ് മുരളിയെ തിരുത്തി പ്രതിപക്ഷ നേതാവ്

Update: 2024-12-27 12:04 GMT

തിരുവനന്തപുരം: ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിനെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസും മുന്നണിക്കും തലവേദനയാകുന്നു. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സിപിഎം ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ കെ മുരളീധരന്‍ ശരിവെച്ചിരിക്കുന്നത്. ബിജെപിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഹൈന്ദവ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ വേണ്ടി ചെന്നിത്തലയും സചതീശനും ശ്രമം നടത്തുന്നതിനിടെയാണ് വെള്ളിടിയായി മുരളീധരന്റെ പ്രസ്താവന എത്തിയിരിക്കുന്നത്.

ഇസ്ലാമിക രാഷ്ട്രവാദം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം മുസ്ലീംലീഗിലെ ഒരു പ്രബല വിഭാഗവും എതിര്‍ക്കുന്നുണ്ട്. സമസ്തയിലെ ഒരു വിഭാഗം ലീഗിനെയും പ്രതിരോധത്തിലാക്കാന്‍ ജമാഅത്തെ ഇസ്ലാമി ബന്ധം ഉന്നയിക്കാറുണ്ട്. ഇതിനിടൊണ് ആരോപണങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് മുരളീധരന്റെ പ്രതികരണം. ഇതിലെ അപകടം തിരിച്ചറിഞ്ഞു കൊണ്ടാണ് കെ മുരളീധരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ രംഗത്തുവന്നത്.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമി പിന്തുണ എല്‍ഡിഎഫിനാണെന്നും 2016 -ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നാലോ അഞ്ചോ സ്ഥാനാര്‍ഥികള്‍ക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ കൊടുത്തുകാണുമെന്നും വി ഡി സതീശന്‍ പറഞ്ഞു. 2016-ല്‍ തനിക്ക് ജമാ അത്തെ ഇസ്ലാമി പിന്തുണ ലഭിച്ചിരുന്നെന്നും 2019 മുതല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കോണ്‍ഗ്രസിനെ പിന്തുണച്ചെന്നുമാണ് കെ മുരളീധരന്‍ നേരത്തെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് ബന്ധം ആരോപിച്ച് സിപിഐഎം പ്രചാരണം ശക്തമാക്കുന്നതിനിടയിലാണ് മുരളീധരന്റെ പ്രതികരണം.

ഔദ്യോഗികമല്ലെങ്കിലും കോണ്‍ഗ്രസില്‍ 2026 ലെ മുഖ്യമന്ത്രി ആരെന്നതിനെ ചൊല്ലി പോലും ചര്‍ച്ച ആരംഭിച്ച ദിവസങ്ങളാണ്. അതിനിടയിലാണ് പാര്‍ട്ടിയെ ആകെ വെട്ടിലാക്കി കെ മുരളീധരന്റെ പുതിയ പരാമര്‍ശം. ഇതൊരു പാരവെപ്പാണെന്ന് സതീശന്‍ അനുകൂലികള്‍ ആരോപിക്കുകയും ചെയ്യുന്നു. സമുദായ നേതാക്കളുമായി അടുക്കാനുള്ള ശ്രമത്തിലാണ് സതീശനും ചെന്നിത്തലയും അടക്കമുള്ളവര്‍. ഇതിനിടെയാണ് മുരളീധരന്റെ വീണ്ടു വിചാരമില്ലാത്ത പ്രസ്താവന എത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ സിപിഐഎം നേതാക്കള്‍ എല്ലാവരും കഴിഞ്ഞ ദിവസങ്ങളില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുടെ പേരില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം മുതല്‍ രാഹുല്‍ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും വയനാട്ടിലെ വിജയം വരെ ജമാഅത്തെ ഇസ്ലാമി പിന്തുണ കൊണ്ട് എന്നതായിരുന്നു സിപിഎം പ്രചരണം.

സിപിഐഎമ്മിന് നഷ്ടപ്പെട്ട ഹിന്ദു വോട്ടുകള്‍ തിരികെ എത്തിക്കാനുള്ള സി.പി.ഐഎമ്മിന്റെ ശ്രമം എന്നായിരുന്നു കോണ്‍ഗ്രസ് പ്രതിരോധം. വി.ഡി സതീശനെയും, രമേശ് ചെന്നിത്തലയേയും ഒപ്പം കോണ്‍ഗ്രസിനെയും ഒരുപോലെ പ്രതിരോധത്തില്‍ ആക്കുന്നതാണ് കെ മുരളീധരന്റെ പ്രതികരണം. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ കെ മുരളീധരന്റെ പരാമര്‍ശം പുതിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവയ്ക്കമെന്ന് ഉറപ്പാണ്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, കോണ്‍ഗ്രസ്, ലീഗ് ഐക്യമുണ്ടായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയായിരുന്നു കെ മുരളീധരന്റെ വെളിപ്പെടുത്തല്‍. വര്‍ഗീയ ധ്രുവീകരണമുണ്ടാകുന്ന തരത്തില്‍ എല്ലാവരും ഒരു മുന്നണി പോലെ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിച്ചുവെന്നും ന്യൂനപക്ഷ വര്‍ഗീയതയും ഭൂരിപക്ഷ വര്‍ഗീയതയും സിപിഎമ്മിനെതിരെ ശക്തമായി വരികയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.

മുസ്ലിം സമുദായത്തിലെ വളരെ ചെറിയ ന്യൂനപക്ഷമാണ് വര്‍ഗീയവാദികളായ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും. മഹാഭൂരിപക്ഷം മുസ്ലിംങ്ങളും മതേതരത്വത്തിനുവേണ്ടി നിലകൊള്ളുന്നവരാണെന്നും ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. ഈ സംഘടനകളുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

തീവ്രവാദ ശക്തികളുടെ വോട്ടുവാങ്ങി തെരഞ്ഞെടുപ്പിനെ നേരിടുന്നുവെന്ന ആരോപണം യുഡിഎഫിനുമെതിരെ എല്‍ഡിഎഫ് ഉയര്‍ത്തിയത്. അന്നെല്ലാം വ്യക്തത വരുത്താത്ത മറുപടിയുമായി ഒഴിഞ്ഞു മാറുകയായിരുന്നു നേതാക്കള്‍. ആരുടേയും വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന അഴകൊഴമ്പന്‍ നിലപാടായിരുന്നു നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇക്കൂട്ടരെ വെട്ടിലാക്കുന്നതാണ് കെ. മുരളീധരന്റെ പ്രതികരണം. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്നത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ദേശീയ നയമാണെന്ന് മുരളീധരന്‍ പറയുന്നു. മുരളീധരന്റെ പ്രസ്താവന ബിജെപിക്കും ആയുധം നല്‍കുന്നതിന് സമമാണ്. വിഷയം ബിജെപിയും ആയുധമാക്കുമെന്നത് ഉറപ്പാണ്.

അതേസമയം തെരഞ്ഞെടുപ്പില്‍ പല തവണ സി.പി.എം പിന്തുണ ആവശ്യപ്പെട്ടിരുന്നതായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചകളില്‍ പലപ്പോഴും പങ്കെടുത്തിട്ടുണ്ട്. തന്റെ പൂര്‍വ കാലത്തെ റദ്ദ് ചെയ്യുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രി നടത്തിയത്.

മുസ്‌ലിം വിഭാഗത്തെ ഭീകരവത്കരിച്ച് ഭൂരിപക്ഷ ഹൈന്ദവ വോട്ട് ഏകീകരിച്ച് തങ്ങളുടെ അധികാര രാഷ്ട്രീയം നിലനിര്‍ത്താമെന്ന സ്വഭാവത്തോട് കൂടിയ അപകടകരമായ നീക്കമാണിത്. സംഘ്പരിവാര്‍ പ്രചാരണം ഏറ്റുപിടിച്ചുള്ള ഈ അപകടകരമായ നീക്കം സി.പി.എമ്മിനോ കേരളത്തിനോ ഗുണകരമല്ലെന്നും മുജീബ് റഹ്‌മാന്‍ പ്രതികരിച്ചിരുന്നു.

Tags:    

Similar News