കൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും ഉണ്ടാകുമല്ലോ; കേരള പൊലീസ് അത് മറച്ചുവച്ചു; കേന്ദ്രവും സംസ്ഥാനവും മറച്ചുവച്ചത് പുറത്തുവന്നു; ബി.ജെ.പി- സി.പി.എം അവിഹിത ബന്ധം തെളിയിക്കപ്പെട്ടെന്ന് വി ഡി സതീശന്‍

ബി.ജെ.പി- സി.പി.എം അവിഹിത ബന്ധം തെളിയിക്കപ്പെട്ടെന്ന് വി ഡി സതീശന്‍

Update: 2024-11-01 13:03 GMT

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസില്‍ കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മറച്ചുവച്ച, താല്‍പര്യമെടുക്കാത്ത കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി പി എം-ബി ജെ പി ബാന്ധവം എത്ര വലുതാണെന്നതാണ് ബി ജെ പി നേതാവിന്റെ വെളിപ്പെടുത്തല്‍. കുഴല്‍പ്പണം തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യസാക്ഷികളില്‍ ഒരാള്‍ കൂടിയാണ് സതീശ് എന്ന മുന്‍ ഓഫീസ് സെക്രട്ടറി, സതീശന്‍ പറഞ്ഞു.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനും കുഴല്‍പ്പണം കൊണ്ടുവന്ന ആള്‍ക്കും തമ്മില്‍ ബന്ധമുണ്ടായിരുന്നു. അവര്‍ ഓഫീസില്‍ വച്ച് ചര്‍ച്ച നടത്തിയിരുന്നു. അയാള്‍ക്ക് മുറി എടുത്തു കൊടുത്തിരുന്നു. എല്ലാ സൗകര്യവും ചെയ്തുകൊടുത്തിരുന്നു. ഈ പണം എവിടെ നിന്ന് കൊണ്ടുവന്നു, എവിടേക്ക് കൊണ്ടുപോയി എന്നൊക്കെ കേസ് അന്വേഷിച്ച കേരള പോലീസിനും കൃത്യമായി അറിയാം. ഒരു ഉദ്ഭവസ്ഥലമുണ്ടാകുമല്ലോ. അതുപോലെ ഒരു ഡെസ്റ്റിനേഷന്‍ പോയിന്റും. കുഴല്‍പ്പണം കണ്ടുപിടിക്കുമ്പോള്‍ പോലീസാണെങ്കിലും മറ്റു സംവിധാനങ്ങളാണെങ്കിലും ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ഈ തുടക്കവും ഒടുക്കവുമാണ്. ഇവിടെ കേരള പോലീസ് ഇത് പുറത്തു വിട്ടില്ല. ഇത് ആരുടെ പണമാണ്, സതീശന്‍ കോഴിക്കോട്ട് ആരാഞ്ഞു.

കുഴല്‍പ്പണമായി കൊണ്ടുവന്ന പണമാണ് വേറെ ഗ്യാങ് തട്ടിക്കൊണ്ടുപോയത്. അതിനു വേറെ കേസുണ്ട്. പക്ഷേ ഈ പണം കണക്കില്‍ ഉള്‍പ്പെടാത്ത പണമാണ്. ഇതില്‍ ഒന്നര കോടി രൂപ മാത്രമേ പിടിച്ചുള്ളു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിനും നേതാക്കള്‍ക്കും കുഴല്‍പ്പണകേസില്‍ പങ്കാളിത്തമുണ്ട്. എന്നിട്ട് ഇ.ഡി. എന്ത് നടപടിയാണ് എടുത്തത്? ഇവിടെ വേറെ ആര്‍ക്കെങ്കിലും എതിരെയായിരുന്നു ഈ ആരോപണമെങ്കില്‍ അപ്പോള്‍ തന്നെ ഇ.ഡി. നടപടി, പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട് എല്ലാം വരും. ഇത് കൃത്യമായിട്ടുള്ള മണി ലോണ്ടറിങ് ആണ്. അതായത് യാതൊരു രേഖകളും ഇല്ലാത്ത പണം, സതീശന്‍ പറഞ്ഞു.

2021-ല്‍ നടന്ന സംഭവമാണ്. എന്നിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഒന്നും നടന്നില്ല. സംസ്ഥാന സര്‍ക്കാരിനും പോലീസിനും കൃത്യമായി അറിയാം, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കള്‍ ഇതില്‍ പങ്കാളികളാണ്. ഒരു സമ്മര്‍ദ്ദവും കേന്ദ്രസര്‍ക്കാരിനു മീതെയോ കേന്ദ്ര ഏജന്‍സികളുടെ മീതെയോ ഒരു തരത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടില്ല. സുരേന്ദ്രന് എതിരായ രണ്ടാമത്തെ കേസിലും കൃത്യസമയത്ത് ഇടപെട്ടു. ഒരു കൊല്ലം കൊണ്ട് സമര്‍പ്പിക്കേണ്ട കുറ്റപത്രം സമയത്ത് സമര്‍പ്പിക്കാതെ പതിനേഴ് മാസം കഴിഞ്ഞ് സമര്‍പ്പിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ ആ കേസില്‍നിന്ന് ഒഴിവാക്കിയത്.

ബി.ജെ.പി- സി.പി.എം നെക്സസാണ്. അവര്‍ തമ്മിലുള്ളത് അവിഹിതമായ ബന്ധമാണ്. പ്രതിപക്ഷം പറഞ്ഞത് ഓരോന്നായി തെളിയിക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡി.ജി.പി., ആര്‍.എസ്.എസ് നേതാക്കളെ കണ്ടത്. മുഖ്യമന്ത്രി മസ്‌കറ്റ് ഹോട്ടലില്‍ വച്ച് ആര്‍.എസ്.എസ്. നേതാക്കളുമായി ചര്‍ച്ച നടത്തി. പൂരം കലക്കാന്‍വേണ്ടി, ബി.ജെ.പി. സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ വേണ്ടി ചെയ്ത നടപടികള്‍ ഉള്‍പ്പെടെ നിരവധി കാര്യങ്ങളുണ്ട്. അതിലൊന്നാണ് കുഴല്‍പ്പണ കേസ്. ഇവര്‍ പരസ്പരം സഹായിച്ചുകൊടുക്കുകയാണ്. അതാണ് ഈ കേസില്‍ നടന്നിട്ടുള്ളത്. ഗൗരവതരമായ അന്വേഷണം ഇതില്‍ നടക്കണം. കാരണം കള്ളപ്പണമാണ് എന്നതില്‍ യാതൊരു സംശയവുമില്ല. ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ തിരിഞ്ഞാല്‍ ആരോപണം ഇല്ലാതാകുമോ. അത് വളരെ കൃത്യമായി പറഞ്ഞിരിക്കുകയല്ലേ. ആ ഓഫീസില്‍ പണം ഉണ്ടായിരുന്നു. ആധികാരികമായിട്ടുള്ള വിവരങ്ങളല്ലേ പുറത്തുവന്നിരിക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

Tags:    

Similar News