ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് സംതിങ് ഈസ് റോങ് എന്ന് ബിനോയ് വിശ്വം പറഞ്ഞത്; സി പി എം തീരുമാനമെടുക്കുന്നത് നിതിന്‍ ഗഡ്കരിയുടെ വീട്ടിലിരുന്നാണോ അതോ നരേന്ദ്ര മോദിയെ കാണുമ്പോഴാണോ? പിണറായിക്ക് സി.പി.ഐ.യേക്കാള്‍ പ്രധാനം ബിജെപിയാണെന്ന് വ്യക്തമായെന്നും വി ഡി സതീശന്‍
സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും ഭിന്നത തുറന്നുകാട്ടി വി.ഡി. സതീശന്‍
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിലെ പങ്കാളിത്തത്തെച്ചൊല്ലി സി.പി.ഐ.യുടെയും സി.പി.എമ്മിന്റെയും ഭിന്നത തുറന്നുകാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സി.പി.എം. തീരുമാനമെടുക്കുന്നത് ബി.ജെ.പി. നേതാവ് നിതിന്‍ ഗഡ്കരിയുടെ വീട്ടിലിരുന്നാണോ അതോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമ്പോഴാണോയെന്ന് അദ്ദേഹം ചോദ്യമുന്നയിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വാക്കുകളിലൂടെ പിണറായി വിജയന് സി.പി.ഐ.യേക്കാള്‍ പ്രധാനം ബി.ജെ.പി.യാണെന്ന് വ്യക്തമായെന്നും സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി സര്‍ക്കാരിനെതിരെ പ്രകടിപ്പിച്ച അതൃപ്തി പ്രതിപക്ഷം ഉന്നയിക്കുന്ന വിമര്‍ശനങ്ങളേക്കാള്‍ രൂക്ഷമായിരുന്നു. പി.എം. ശ്രീ പദ്ധതിയെ ആദ്യം പിന്തുണച്ചത് എ.ബി.വി.പി., പിന്നീട് ആര്‍.എസ്.എസ്., തുടര്‍ന്ന് ബി.ജെ.പി. എന്നിവരാണെന്ന് ബിനോയ് വിശ്വം പറഞ്ഞതായി സതീശന്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി.യെ സന്തോഷിപ്പിക്കാനാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തതെന്ന് മുന്നണിയിലെ പ്രമുഖ നേതാവ് തന്നെ സമ്മതിച്ചതായി അദ്ദേഹം ആരോപിച്ചു.
സി.പി.ഐ. മന്ത്രിമാര്‍ പി.എം. ശ്രീ. എം.ഒ.യു.വില്‍ ഒപ്പുവെക്കരുതെന്ന് ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ടെന്നും, എല്‍.ഡി.എഫില്‍ സി.പി.ഐ.ക്കോ അവരുടെ മന്ത്രിമാര്‍ക്കോ യാതൊരു വിലയുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പിണറായി വിജയന് സിപിഐക്കാള്‍ പ്രധാനമാണ് ബിജെപിയെന്നതാണ് ബിനോയിയുടെ വാക്കുകളിലൂടെ പുറത്തുവന്നത്. ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് സംതിങ് ഈസ് റോങ് എന്ന് ബിനോയ് പപറഞ്ഞത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ദേശീയ വിദ്യാഭ്യാസ നയം അംഗീകരിച്ചുവെന്ന് പറഞ്ഞതും, അതുതന്നെയാണോ സി.പി.എമ്മിന്റെ നിലപാടെന്നും, ബി.ജെ.പി.യുടെ വിദ്യാഭ്യാസ നയമാണോ കേരളത്തിലെ ഇടതുസര്‍ക്കാര്‍ പിന്തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.
മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പി.എം. ശ്രീ. പദ്ധതിയില്‍ ഒപ്പുവെക്കുമ്പോള്‍ ഇത്തരം നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ലെന്നും, കോണ്‍ഗ്രസ് എന്നും അതിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും സതീശന്‍ പറഞ്ഞു. സി.പി.എമ്മും ഘടകകക്ഷികളും ഈ വിഷയത്തില്‍ ഇരുട്ടിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
