'കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല; കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല, ജനമനസുകളിലാണ്'; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാടില്‍ വി ഡി സതീശന്‍; ഷാഫി പറമ്പിലുമായി കൂടുതല്‍ അകന്ന് പ്രതിപക്ഷ നേതാവ്

ഷാഫി പറമ്പിലുമായി കൂടുതല്‍ അകന്ന് പ്രതിപക്ഷ നേതാവ്

Update: 2025-09-07 12:07 GMT

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ തന്റെ നിലപാടില്‍ യാതൊരു മാറ്റവും ഇല്ലെന്ന ഉറച്ച നിലപാടില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഷാഫി പറമ്പിലും കൂട്ടരും രാഹുല്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന് എതിരായി മാറുകയും കോണ്‍ഗ്രസിന്റെ സൈബറിടത്തില്‍ അടക്കം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുകയും ചെയ്യുന്ന ഘട്ടത്തിലാണ് സതീശന്‍ നിലപാട് കടുപ്പിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി നിലപാട് എടുക്കാന്‍ സതീശന് മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. രാഹുലിനെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കണം എന്നതാണ് എ ഗ്രൂപ്പും ഷാഫി പക്ഷക്കാരും ആവശ്യപ്പെടുന്നത്. രാഹുലിനെ കൊണ്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെപ്പിച്ച നടപടിയിലും സതീശന് നേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ കോണ്‍ഗ്രസ് സൈബറിടത്തില്‍ നിന്നും ആക്രമണവും പ്രതിപക്ഷ നേതാവിന് നേരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് വി ഡി സതീശന്‍ ശക്തമായ നിലപാടുമായി രംഗത്തുവരുന്നത്.

കോണ്‍ഗ്രസിന്റെ സൈബര്‍ മീഡിയാ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞതിലും ഈ നിലപാട് വ്യക്തമാക്കലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ നടപടി ഉടന്‍ പിന്‍വലിക്കില്ലെന്ന നിലപാടാണ് അദ്ദേഹം വ്യക്തമാക്കുന്നത്. തീരുമാനങ്ങളും നിലപാടുകളും എടുക്കുന്നവരെ മാത്രമെ വിമര്‍ശിക്കാനാകൂ. കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് എന്റെ മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല. അത് നിലപടാണെന്ന് സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തത്. ഞാന്‍ ഒറ്റയ്ക്കല്ല, എല്ലാ നേതാക്കളും ചേര്‍ന്ന് ഏകകണ്ഠമായാണ് തീരുമാനം എടുത്തത്. പക്ഷെ ആ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. തീരുമാനം നൂറ് ശതമാനം ശരിയാണെന്ന് ഉറപ്പിച്ച് പറയുന്ന ആളാണ് ഞാന്‍. പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു കുഴപ്പവുമില്ല. സോഷ്യല്‍ മീഡിയയില്‍ കാണുന്നതല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല ജീവിക്കുന്നത്. കോണ്‍ഗ്രസ് ജീവിക്കുന്നത് ജനമനസുകളിലാണ്. ആ കോണ്‍ഗ്രസിനു വേണ്ടി സര്‍വതും സമര്‍പ്പിക്കുന്ന ധീരന്മാരായ പ്രവര്‍ത്തകരുണ്ട്. അവരെയൊന്നും അണുകിട ചലിപ്പിക്കാന്‍ ഇത്തരം പ്രചരണങ്ങള്‍ക്ക് കഴിയില്ല. - പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസിലെ ഡിജിറ്റല്‍ മീഡിയയുമായി എനിക്ക് ഒരു ബന്ധവുമില്ല. അങ്ങനെ ഒരു ഡിജിറ്റല്‍ മീഡിയ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും അറിയില്ല. കോണ്‍ഗ്രസിന്റെ പേരില്‍ ഒരുപാട് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതില്‍ നിന്നും വരുന്നത് കാണുമ്പോള്‍ കോണ്‍ഗ്രസ് വിരുദ്ധരാണോ അതിന് പിന്നിലെന്ന് സംശയം തോന്നും. അക്കാര്യം കെ.പി.സി.സി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റുണ്ടായാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവരെയുണ്ട്. മുതിര്‍ന്ന ആളുകള്‍ പറയുന്നതിനോട് വെറിപ്പോ വിദ്വേഷമോയില്ല. അവര്‍ക്ക് എന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതൊക്കെ എവിടെ എങ്ങനെ പറയണമെന്നത് അവരവര്‍ ആലോചിക്കേണ്ടതാണ്. എനിക്ക് ഒരു പരാതിയുമില്ല. പക്ഷെ സി.പി.എമ്മിന്റെ മാധ്യമ വിഭാഗം എന്നെ നിരന്തരമായ ആക്രമിക്കാന്‍ തീരുമാനം എടുത്തിട്ടുണ്ട്. ആ തീരുമാനത്തിന്റെ ഭാഗമയി അവര്‍ പര്‍ച്ചേസ് ചെയ്തിരിക്കുന്ന വിവിധ യുട്യൂബ് ചാനലുകളിലൂടെ എന്നെ വ്യക്തിപരമായി ആക്രമിക്കുന്നുണ്ട്. അതൊന്നും എനിക്ക് മേല്‍ ഒരു പോറല്‍ പോലും ഏല്‍പ്പിക്കില്ല. വി.ടി ബല്‍റാമിനെ ഒരിടത്ത് നിന്നും പുറത്താക്കിയിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ അഖിലേന്ത്യാ നേതൃത്വം തീരുമാനിക്കും. നിലവില്‍ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സമരങ്ങള്‍ നടക്കുന്നുണ്ട്. തിരുവോണത്തിന് വരെ ഡി.ഐ.ജി ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയവരാണ് ഞങ്ങളുടെ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന് അനുകൂലമായി കുറച്ചു ദിവസങ്ങളില്‍ സൈബറിടത്തില്‍ വലിയ കാമ്പയിന്‍ നടന്നിരുന്നു. ഇതിന് പിന്നില്‍ ഷാഫി പറമ്പിലിനെ അനുകൂലിക്കുന്നവരാണ് എന്നാണ് സൂചന. സതീശന്റെ കടുംപിടുത്തമാണ് രാഹുലിനെ പാര്‍ട്ടിയില്‍ സസ്‌പെന്‍ഷന്‍ നടപടിക്ക് ഇടയാക്കിയതെന്നായിരുന്നു വിമര്‍ശനം.

ഓണം ആശംസ നേര്‍ന്ന രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ലൈക്കുകള്‍ വലിയ തോതില്‍ എത്തിയതിന് പിന്നില്‍ ആസൂത്രിത പി ആര്‍ വര്‍ക്ക് നടന്നിരുന്നു. 'തിരിച്ചുവരവിന്റെ പാതയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍' എന്ന ക്യാപ്‌നോടെയാണ് പല അക്കൗണ്ടുകളില്‍ നിന്നാണ് പോസ്റ്റുകള്‍ വന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പോസ്റ്റിന് ലഭിച്ച ലൈക്കുകളും ഷെയറുകളും പരാമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റുകള്‍ പങ്കുവച്ചിരിക്കുന്നത്. ഒപ്പം രാഹുലിന്റെ ചിത്രവും ഉണ്ടായിരുന്നു. ഒരേ കാര്യങ്ങള്‍ പല അക്കൗണ്ടുകള്‍ വഴിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ പോസ്റ്റുകള്‍ പി ആര്‍ വര്‍ക്കാണെന്നാണ് ആരോപണം. ഇതിനെ ശരിവെക്കുന്ന വിധത്തിലാണ് വി ഡി സതീശന്റെ പ്രതികരണവും. സോഷ്യല്‍ മീഡിയ വഴി ഇത്തരം പ്രചരണം നടത്തിയതു കൊണ്ട് തന്റെ തീരുമാനത്തെ സ്വാധീനിക്കാന്‍ കഴിയില്ലെന്നാണ് സതീശന്‍ നിലപാട് അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടുകളെ തള്ളി ഒരു വിഭാഗം രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭയില്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടച്

ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ രാഹുലിനെ സസ്പെന്റ് ചെയ്തപ്പോള്‍, പാര്‍ലിമെന്ററി പര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്നും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു നേതാക്കള്‍പറഞ്ഞത്. എന്നാല്‍ സസ്പെന്റ് ചെയ്യപ്പെട്ട ശേഷം പാര്‍ട്ടിയില്‍ രാഹുലിന് അനുകൂലമായി നിലപാടു മാറുകയായിരുന്നു. രാഹുലിനെതിരായി നടപടി ആവശ്യപ്പെട്ട വനിതാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടതോടെ നിശ്ശബ്ദരായി.

രാഹുലിനു പകരം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താനുള്ള നീക്കം കടുത്ത ഗ്രൂപ്പ് പോരുമൂലം അസാധ്യമാവുകയും ചെയ്ത സാഹചര്യത്തിലാണ് രാഹുലിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. നേരത്തെ രാഹുലിനെതിരെ ശക്തമായി നിലപാടെടുത്ത നേതാക്കള്‍ പോലും രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്നതരത്തില്‍ നിലപാട് തിരുത്തുകയും ചെയ്തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ നിന്ന് അവധിയെടുക്കണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ വിവിധ വിഷയങ്ങള്‍ ഉണ്ടെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുത്താല്‍ സഭാ സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിരോധത്തില്‍ ആവുന്ന സാഹചര്യമുണ്ടാവുമെന്നാണ് വി ഡി സതീശന്‍ പക്ഷത്തിന്റെ അഭിപ്രായം. സഭാ സമ്മേളനത്തിന് തൊട്ടു മുന്‍പ് ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.

രാഹുല്‍ നിയമസഭയില്‍ എത്തണമെന്നും പാര്‍ട്ടി സംരക്ഷണം ഒരുക്കണമെന്നുമുള്ള ആവശ്യവുമായി എ ഗ്രൂപ്പ് ശക്തമായി രംഗത്തുവന്നിട്ടുണ്ട്. രാഹുല്‍ സഭയില്‍ വരുന്നത് വിലക്കാനാകില്ലെന്നതായിരുന്നു കെ പി സി സി പ്രസിഡന്റ് പ്രഖ്യാപിച്ച നിലപാട്. ഇതിനോട് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും യോജിച്ചു. ഇതിനേക്കാള്‍ ഗുരുതരമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഇപ്പോഴും സഭയിലുണ്ടെന്നും രാഹുലിനെതിരെ ആരോപണം ഉന്നയിച്ചവര്‍ പരാതി നല്‍കിയിട്ടില്ലല്ലോ എന്നുമുള്ള ന്യായങ്ങള്‍ ഉന്നയിച്ചാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളും സഭയിലേക്കുള്ള രാഹുലിന്റെ വരവിനെ പിന്തുണയ്ക്കുന്നത്.

രാഹുലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിന്റെ പേരില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള ആക്രണത്തിന് വിധേയമാവുകയാണ് വി ഡി സതീശന്‍. നടപടി പാര്‍ട്ടിയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയെന്നാണ് വി ഡി സതീശന്‍ അവകാശപ്പെട്ടിരുന്നത്. നടപടിക്കു വിധേയനായ രാഹുല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ ശക്തനായി നയമസഭയില്‍ എത്തുന്നത് വി ഡി സതീശന് കനത്ത ആഘാതമായിരിക്കും. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ എന്ന സംശയം പ്രതിപക്ഷ നേതാവിനുണ്ട്. അതുകൊണ്ട് കൂടിയാണ് അദ്ദേഹം രാഹുല്‍ വിഷയത്തില്‍ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് കൈക്കൊള്ളുന്നത്.

Tags:    

Similar News