വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ; സി.പി.എമ്മിന്റേത് സംഘ്പരിവാറിനെ നാണിപ്പിക്കുന്ന വര്‍ഗീയ പ്രീണനം; ചരിത്രത്തില്‍ ഇത്രയും മോശമായ രാഷ്ട്രീയ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല; ജമാഅത്ത് ഇസ്ലാമി എന്നു മുതലാണ് സി.പി.എമ്മിന് വര്‍ഗീയവാദികളായത്? വി ഡി സതീശന്‍

വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ

Update: 2024-12-23 10:32 GMT

തിരുവനന്തപുരം: സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷവര്‍ഗീയപ്രീണനവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുണ്ടായ ഉജ്ജ്വല വിജയം ന്യൂനപക്ഷ തീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി പറയുന്നത്. അത് വയനാട്ടിലെ ജനങ്ങളെ മുഴുവന്‍ അപമാനിച്ചതാണെന്ന് സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഈ വര്‍ഗീയപ്രീണനനയമാണ് ബി.ജെ.പിക്ക് ന്യൂനപക്ഷങ്ങള്‍ക്കെതിരായി ശബ്ദമുയര്‍ത്താന്‍ വേണ്ടി പ്രേരണയായി മാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവുണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയ്ക്ക് കുടപിടിച്ചു കൊടുക്കുന്ന രീതിയിലേക്കാണ് സി.പി.എം പോകുന്നത്. വയനാട്ടില്‍ പ്രിയങ്കഗാന്ധി വിജയിച്ചത് തീവ്രവാദികളുടെ വേട്ട് കൊണ്ടാണെന്ന് പറയുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കലാണ്. ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിജയിപ്പിച്ചത്. ആ വിജയത്തിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് സി.പി.എമ്മും സംഘ്പരിവാറും തമ്മിലുള്ള ദൂരം വളരെ അകലെയല്ലെന്നു കാണിക്കുന്നതാണ്.

സി.പി.എമ്മിന്റെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണ്. സംഘ്പരിവാറിനെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് സി.പി.എമ്മും പിണറായി വിജയനും ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് വിജയരാഘവന്‍ സംസാരിച്ചതും വിജയരാഘവനെ പിന്തുണച്ച് സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതും. കേരള ചരിത്രത്തില്‍ ഇത്രയും മോശമായ നിലപാട് സി.പി.എം സ്വീകരിച്ചിട്ടില്ല. അത്രയും ജീര്‍ണതയാണ് ആ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്നത്. സംഘ്പരിവാറിനെ ഭയന്ന് സി.പി.എം നേതാക്കള്‍ ജീവിക്കുന്നതാണ് ഇതിനെല്ലാം കാരണം. -സതീശന്‍ പറഞ്ഞു.

കാലങ്ങളായി കേരളത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. വടക്കേ ഇന്ത്യയില്‍ സംഘ്പരിവാര്‍ ചെയ്യുന്ന അതേ രീതിയിലാണ് പാലക്കാട് നല്ലേപ്പള്ളി സ്‌കൂളിലെ ക്രസ്മസ് ആഘോഷം തടസപ്പെടുത്തിയത്. സി.പി.എമ്മിന്റെ വര്‍ഗീയ പ്രീണനമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അതിക്രമം നടത്താന്‍ ബി.ജെ.പിക്ക് പ്രേരണയായി മാറിയത്. ആട്ടിന്‍തോലിട്ട ചെന്നായ്ക്കെളെ പോലെ ക്രിസ്മസ് കാലത്ത് കേക്കുകളുമായി ക്രൈസ്തവ ഭവനങ്ങളിലേക്ക് പോകുന്ന സംഘ്പരിവാറിന്റെ യഥാര്‍ത്ഥ മുഖമാണ് പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ കണ്ടത്. എല്ലാവരും ക്രിസ്മസ് ആഘോഷിക്കുന്ന ഒരു നാട്ടിലാണ് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്തിയത്. ഇതൊന്നും കേരളത്തില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും.

ജമാഅത്ത് ഇസ്ലമിക്കെതിരെയല്ല, പ്രിയങ്കാഗാന്ധിയുടെ വിജയത്തിന് പിന്നില്‍ വര്‍ഗീയ തീവ്രവാദികളാണെന്നാണ് വിജയരാഘവന്‍ പറഞ്ഞത്. എന്നു മുതലാണ് ജമാഅത്ത് ഇസ്ലാമിക്കെതിരെ സി.പി.എം സംസാരിച്ചു തുടങ്ങിയത്? ഇത്രയും കാലം ജമാഅത്ത് ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും പിന്തുണയിലാണ് പലയിടത്തും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. മൂന്നു പതിറ്റാണ്ടു കാലം ജമാഅത്ത് ഇസ്ലാമിയുടെ പിന്തുണ എല്‍.ഡി.എഫിനായിരുന്നു. അതേ ജമാഅത്ത് ഇസ്ലാമി എന്നു മുതലാണ് സി.പി.എമ്മിന് വര്‍ഗീയവാദികളായത്? ജമാഅത്ത് ഇസ്ലമിയുടെ ആസ്ഥാനത്ത് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പോയിട്ടുണ്ടല്ലോ. ഇരാറ്റുപേട്ടയില്‍ എസ്.ഡി.പി.ഐക്ക് സി.പി.എം പിന്തുണ നല്‍കിയില്ലേ.

എത്രയോ സ്ഥലങ്ങളില്‍ എസ്.ഡി.പി.ഐയുമായി സി.പി.എം ധാരണയുണ്ടാക്കി. ഒപ്പം നില്‍ക്കുമ്പോള്‍ മതേതര പാര്‍ട്ടിയും പുറത്തു പോയാല്‍ വര്‍ഗീയ പാര്‍ട്ടിയുമെന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. സി.പി.എം ആണോ സംഘടനകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്? പാര്‍മെന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോഴാണ് സി.പി.എമ്മിന് മുസ്ലീം വിരുദ്ധതയുണ്ടായത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് 35 തവണയാണ് പിണറായി വിജയന്‍ സി.എ.എ എന്ന് ആവര്‍ത്തിച്ചത്. കേരളത്തിലെ സി.പി.എം അജണ്ട മാറ്റിയിരിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് മുഖ്യമന്ത്രി അഭിമുഖം നല്‍കിയതും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്താക്കുറിപ്പ് നല്‍കിയതും പിന്നീട് വാര്‍ത്തസമ്മേളനം നടത്തിയതും.

ഭൂരിപക്ഷ പ്രീണനമെന്നത് സംഘിപരിവാര്‍ അജണ്ടയാണ്. അതുകൊണ്ടാണ് കേരളത്തില്‍ നല്‍കാത്ത ഇന്റര്‍വ്യൂ മുഖ്യമന്ത്രി ഡല്‍ഹിയില്‍ പോയി ഹിന്ദു പത്രത്തിന് നല്‍കിയത്. ഡല്‍ഹിയിലെ യജമാനന്‍മാരെ സന്തോഷിപ്പിക്കുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്. 87 -ല്‍ ഇ.എം.എസ് ഇതേ രീതി സ്വീകരിച്ചു എന്നാണ് സി.പി.എം പറയുന്നത്. എന്നാല്‍ 87 അല്ല 2024 എന്ന് സി.പി.എം ഓര്‍ക്കണം. കേരളത്തിനെ വര്‍ഗീയമായി കീറിമുറിക്കാന്‍ സി.പി.എം ശ്രമിക്കുന്നതില്‍ എല്‍.ഡി.എഫ് ഘടകക്ഷികള്‍ അഭിപ്രായം വ്യക്തമാക്കണം.

സി.പി.എം ബി.ജെ.പി ഗൂഡാലോചനയുടെ ഭാഗമായി പൂരം കലക്കലിന് നേതൃത്വം നല്‍കിയ അജിത് കുമാര്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടിന് ഒരു പ്രസക്തിയുമില്ല. പൂരം കലക്കിയ ആളെ തന്നെയാണ് അതേക്കുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. അങ്ങനെയുള്ള റിപ്പോര്‍ട്ടിന് ഒരു പ്രസക്തിയുമില്ല. എല്ലാ കേസുകളില്‍ നിന്നും അജിത്കുമാര്‍ രക്ഷപ്പെടും. മുഖ്യമന്ത്രിക്ക് അയാളെ കൈവിടാനാകില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അജിത്കുമാര്‍ ആര്‍.എസ്.എസ് നേതാക്കളെ കണ്ടതും അതിന്റെ ഭാഗമായി പൂരം കലക്കിയതും. അതുകൊണ്ടാണ് അജിത്കുമാറിന് പ്രമോഷന്‍ നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് പൊലീസിനെ ഭരിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Tags:    

Similar News